ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഭാവിയിലെ ഇന്‍ലൈന്‍ 6 ടൂറിംഗ് മോട്ടോര്‍സൈക്കിളുകളുടെ സ്‌റ്റൈലിംഗിനെയും സ്വഭാവത്തെയും ഈ കോണ്‍സെപ്റ്റ് സ്വാധീനിച്ചേക്കാം
ലബ്ധപ്രതിഷ്ഠമായ 1,800 സിസി, ഇന്‍ലൈന്‍ 6 എന്‍ജിനെ അവലംബിച്ചാണ് പുതിയ കോണ്‍സെപ്റ്റ്
കോണ്‍കോര്‍ഡ് പോലുള്ള അതിവേഗ വിമാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതിനാല്‍ നീളം കൂടി
സുഖസൗകര്യങ്ങള്‍ക്കും ദീര്‍ഘദൂര റൈഡ് മികവിനും മുന്‍ഗണന നല്‍കുന്ന ബിഎംഡബ്ല്യു മോട്ടോറാഡിന്റെ നിലവിലെ ഇന്‍ലൈന്‍ 6 ടൂറിംഗ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, പെര്‍ഫോമന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ രൂപകല്‍പ്പന
മിലാന്‍: ബിഎംഡബ്ല്യു മോട്ടോറാഡ് ആരാധകരെ മൊത്തത്തില്‍ അതിശയിപ്പിച്ചുകൊണ്ട് വിഷന്‍ K 18 കോണ്‍സെപ്റ്റ് കമ്പനി അനാവരണം ചെയ്തു. ബ്രാന്‍ഡിന്റെ ഇന്‍ലൈന്‍ 6 മോഡലുകളില്‍ നിന്ന് കൂടുതല്‍ വിപ്ലവകരമായ മാറ്റമാണ് പുതിയ ആശയത്തിലൂടെ ജര്‍മന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. ഭാവിയിലെ ബിഎംഡബ്ല്യു ടൂറിംഗ് മോട്ടോര്‍സൈക്കിളുകളുടെ സ്‌റ്റൈലിംഗില്‍ ഒരുപക്ഷേ സ്വാധീനം ചെലുത്തുന്നതാണ് K 18 കോണ്‍സെപ്റ്റ്.

ലബ്ധപ്രതിഷ്ഠമായ 1,800 സിസി, ഇന്‍ലൈന്‍ 6 എന്‍ജിനെ അവലംബിച്ചാണ് ഈ കോണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. കോണ്‍കോര്‍ഡ് പോലുള്ള അതിവേഗ വിമാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതിനാലാണ് മോട്ടോര്‍സൈക്കിളിന് നീളം കൂടിയതെന്ന് ബിഎംഡബ്ല്യു പറയുന്നു.
സിക്‌സ് സിലിണ്ടര്‍ ലേഔട്ടുമായി വരുന്ന കോണ്‍സെപ്റ്റിന് ആറ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ആറ് ഇന്‍ടേക്ക് ട്യൂബുകള്‍, വീതിയേറിയ പിന്‍ഭാഗത്ത് ആറ് എക്സ്ഹോസ്റ്റ് ഔട്ട്‌ലെറ്റുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. അലുമിനിയം ബോഡി പാനലുകള്‍, ഫോര്‍ജ് ചെയ്ത കാര്‍ബണ്‍ ഘടകങ്ങള്‍, ഹൈഡ്രോളിക് ആയി ക്രമീകരിക്കാവുന്ന സസ്പെന്‍ഷന്‍ സംവിധാനം എന്നിവയും കാണാം.

സുഖസൗകര്യങ്ങള്‍ക്കും ദീര്‍ഘദൂര റൈഡ് മികവിനും മുന്‍ഗണന നല്‍കുന്ന ബിഎംഡബ്ല്യു മോട്ടോറാഡിന്റെ നിലവിലെ ഇന്‍ലൈന്‍ 6 ടൂറിംഗ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, പെര്‍ഫോമന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ രൂപകല്‍പ്പനയാണ് വിഷന്‍ K 18 കോണ്‍സെപ്റ്റിന് ലഭിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഭാവിയിലെ ഇന്‍ലൈന്‍ 6 മോട്ടോര്‍സൈക്കിളുകളുടെ സ്‌റ്റൈലിംഗിനെയും സ്വഭാവത്തെയും ഈ കോണ്‍സെപ്റ്റ് സ്വാധീനിച്ചേക്കാം.
