2026 ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍

കറുപ്പ് മെറൂണ്‍ നിറങ്ങളിലായി ഡുവല്‍ ടോണ്‍ ക്യാബിന്‍, കറുപ്പ് എക്സ്റ്റീരിയര്‍ തീം എന്നിവ നല്‍കി

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ 2 വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രം ലഭിക്കും. ഇത്തവണ 4 വീല്‍ ഡ്രൈവ് ലഭ്യമല്ല

മാനുവലിന് 36.51 ലക്ഷം രൂപയും ഓട്ടോമാറ്റിക് വകഭേദത്തിന് 38.72 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില

മെക്കാനിക്കല്‍ മാറ്റങ്ങളില്ല

ഒക്ടോബര്‍ 12 ന് ബുക്കിംഗ് ആരംഭിക്കും

2026 ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ അവതരിപ്പിച്ചു. ഇത്തവണ 4 വീല്‍ ഡ്രൈവ് ലഭ്യമല്ല. 2 വീല്‍ ഡ്രൈവ് മാനുവലിന് 36.51 ലക്ഷം രൂപയും ഓട്ടോമാറ്റിക് വകഭേദത്തിന് 38.72 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, ആറ്റിറ്റിയൂഡ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമായിരിക്കും. മുന്‍കാല ലീഡര്‍ എഡിഷനുകള്‍ ലഭിച്ചിരുന്ന സില്‍വര്‍ മെറ്റാലിക് കളര്‍ ഓപ്ഷന്‍ ഇത്തവണ ഇല്ല. 2024, 2025 എഡിഷനുകള്‍ ഡീലര്‍ ലെവല്‍ ഉപഹാരമായിരുന്നുവെങ്കില്‍ ഇത് ടൊയോട്ട തന്നെ നേരിട്ട് അവതരിപ്പിച്ചു. ഒക്ടോബര്‍ 12 ന് ബുക്കിംഗ് ആരംഭിക്കും.

ഡുവല്‍ ടോണ്‍ കറുപ്പ് മെറൂണ്‍ അപ്‌ഹോള്‍സ്റ്ററിയിലാണ് സീറ്റുകള്‍. ഇതേ നിറങ്ങളുമായി പൊരുത്തപ്പെടുന്ന ഡോര്‍ ട്രിമ്മുകളും നല്‍കി. ആംബിയന്റ് ലൈറ്റിംഗ്, ഇല്യുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍, ഓട്ടോ ഫോള്‍ഡിംഗ് റിയര്‍ വ്യൂ പുറം കണ്ണാടികള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ലഭിച്ചു. 2025 ലീഡര്‍ എഡിഷനില്‍ ഇപ്പറഞ്ഞ ഫീച്ചറുകളില്‍ ഭൂരിഭാഗവും ഉണ്ടായിരുന്നു. ആംബിയന്റ് ലൈറ്റിംഗ് മാത്രമാണ് ഇത്തവണത്തെ ശ്രദ്ധേയമായ നേട്ടം.

പുറം കാഴ്ചയില്‍, വ്യത്യസ്തമായ ഗ്രില്‍ ഡിസൈന്‍, കറുത്ത റൂഫ്, കറുത്ത റിയര്‍ ഡോര്‍ ഗാര്‍ണിഷ്, ബോഡി സൈഡ് മോള്‍ഡിംഗുകള്‍, എക്‌സ്‌ക്ലൂസീവ് ഹുഡ് എംബ്ലം എന്നിവ ലീഡര്‍ എഡിഷനില്‍ നല്‍കി. അലോയ് വീലുകള്‍ക്ക് ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ലഭിച്ചു. ഹബ് ക്യാപ്പുകള്‍ ഇതുമായി പൊരുത്തപ്പെടുന്നു. ആന്റിന പോലും കറുപ്പാണ്.

മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല. 2.8 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമായി ഫോര്‍ച്യൂണര്‍ അതിന്റെ പ്രയാണം തുടരുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക്കില്‍ 201 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും 6 സ്പീഡ് മാനുവലില്‍ 420 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.