ക്ലാസിക് എഡിഷനില്‍ ഹീറോ ഡെസ്റ്റിനി 110

എക്‌സ്‌ക്ലൂസീവ് കളര്‍ ഓപ്ഷനുകളും കോസ്‌മെറ്റിക് അപ്‌ഡേറ്റുകളുമായാണ് പ്രത്യേക പതിപ്പ് വരുന്നത്

2025 ല്‍ ആദ്യമായി പുറത്തിറക്കിയ ശേഷം ഇതാദ്യമായാണ് പുതിയ വേരിയന്റ് വിപണിയിലെത്തുന്നത്

ഡുവല്‍ ടോണ്‍ സ്‌റ്റൈലിംഗ് ലഭിച്ചതാണ് ക്ലാസിക് എഡിഷന്റെ ഏറ്റവും വലിയ ഹൈലൈറ്റ്

കോണ്‍ട്രാസ്റ്റ് ഇന്നര്‍ പാനലുകള്‍ സഹിതം മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും

VX വേരിയന്റ് അടിസ്ഥാനമാക്കിയാണ് ക്ലാസിക് എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. മെക്കാനിക്കല്‍ മാറ്റങ്ങളില്ല

ഡല്‍ഹി എക്‌സ് ഷോറൂം വില 76,400 രൂപ

ന്യൂഡല്‍ഹി: ഹീറോ ഡെസ്റ്റിനി 110 സ്‌കൂട്ടറിന്റെ ക്ലാസിക് എഡിഷന്‍ അവതരിപ്പിച്ചു. എക്‌സ്‌ക്ലൂസീവ് കളര്‍ ഓപ്ഷനുകളും കോസ്‌മെറ്റിക് അപ്‌ഡേറ്റുകളുമായാണ് 110 സിസി സ്‌കൂട്ടറിന്റെ പ്രത്യേക പതിപ്പ് വരുന്നത്. 2025 ല്‍ ഡെസ്റ്റിനി 110 ആദ്യമായി പുറത്തിറക്കിയ ശേഷം ഇതാദ്യമായാണ് പുതിയ വേരിയന്റ് വിപണിയിലെത്തുന്നത്.

ഡുവല്‍ ടോണ്‍ സ്‌റ്റൈലിംഗ് ലഭിച്ചതാണ് ക്ലാസിക് എഡിഷന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കോണ്‍ട്രാസ്റ്റ് ഇന്നര്‍ പാനലുകള്‍ സഹിതം മൂന്ന് നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമായിരിക്കും. മാറ്റ് ഗോള്‍ഡ്ഫിഷ് സില്‍വര്‍, ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ ഗ്രേ എന്നീ കളര്‍ ഓപ്ഷനുകള്‍ക്ക് തവിട്ട് നിറത്തിലുള്ള ഇന്നര്‍ പാനലുകളും മാറ്റ് ഏരീസ് ബ്രൗണ്‍ കളര്‍ ഓപ്ഷനില്‍ കറുത്ത ഇന്നര്‍ പാനലുകളും നല്‍കി.

അതാത് നിറങ്ങളുമായി പൊരുത്തപ്പെടുന്ന റിയര്‍ വ്യൂ മിററുകള്‍, സൈഡ് പാനലുകളില്‍ എക്‌സ്‌ക്ലൂസീവ് 3D എംബ്ലം, പുതിയ സ്‌ട്രൈപ്പുകള്‍ എന്നിവ മറ്റ് സ്‌റ്റൈലിംഗ് വിശേഷങ്ങളാണ്. സ്റ്റാന്‍ഡേഡ് VX വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മാറ്റങ്ങള്‍ സ്‌കൂട്ടറിന് കൂടുതല്‍ വ്യതിരിക്തത നല്‍കുന്നു.

VX വേരിയന്റ് അടിസ്ഥാനമാക്കിയാണ് ക്ലാസിക് എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ മുന്നില്‍ ഡ്രം ബ്രേക്ക് നല്‍കി. മുന്നിലും പിന്നിലും 12 ഇഞ്ച് ചക്രങ്ങള്‍ നിലനിര്‍ത്തി. മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്ക് ലഭിച്ചതാണ് ടോപ് സ്‌പെക് ZX വേരിയന്റ്.

പരിചിതമായ 110.9 സിസി എന്‍ജിന്‍ 7,250 ആര്‍പിഎമ്മില്‍ 8.09 ബിഎച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല. 76,400 രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് VX വേരിയന്റിനേക്കാള്‍ 1,400 രൂപ കൂടുതല്‍.