ജൂലൈ 16 ന് ന്യൂഡല്‍ഹിയില്‍ അരങ്ങേറും
വൂളിംഗ് സ്റ്റാര്‍ലൈറ്റ് 560 അടിസ്ഥാനമാക്കി എംജി ബാഡ്ജില്‍ നിര്‍മിക്കുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
പരീക്ഷണ വാഹനങ്ങള്‍ രാജ്യമെങ്ങും ഓട്ടം നടത്തുന്നത് പല തവണ കണ്ടെത്തിയിരുന്നു
മൂന്നു നിര സീറ്റുകളുമായി വരുന്ന ഈ പുതിയ എസ്‌യുവി, ഹെക്ടര്‍ പ്ലസിനും മജസ്റ്ററിനും ഇടയില്‍ സ്ഥാനം പിടിക്കും
ന്യൂഡല്‍ഹി: ജൂലൈ 16 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇവന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. പരിപാടിയില്‍ കമ്പനി തങ്ങളുടെ ന്യൂ എനര്‍ജി വെഹിക്കിള്‍ (എന്‍ഇവി) അവതരിപ്പിക്കും. പുതിയ മോഡല്‍ ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വൂളിംഗ് സ്റ്റാര്‍ലൈറ്റ് 560 അടിസ്ഥാനമാക്കി എംജി ബാഡ്ജില്‍ നിര്‍മിക്കുന്ന എസ്‌യുവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജെഎസ്ഡബ്ല്യു എംജി ഇതിനകം ഈ മോഡലിന് ഇന്ത്യയില്‍ പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല, പരീക്ഷണ വാഹനങ്ങള്‍ രാജ്യമെങ്ങും ഓട്ടം നടത്തുന്നത് പല തവണ കണ്ടെത്തിയിരുന്നു. എംജിയുടെ ഇന്ത്യന്‍ ഉല്‍പ്പന്ന നിരയില്‍ ഹെക്ടര്‍ പ്ലസിനും മജസ്റ്ററിനും ഇടയില്‍, മൂന്നു നിര സീറ്റുകളുമായി വരുന്ന ഈ പുതിയ എസ്‌യുവി സ്ഥാനം പിടിക്കുമെന്നാണ് കരുതുന്നത്.
ആഗോളതലത്തില്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഇവി വകഭേദങ്ങളില്‍ വൂളിംഗ് സ്റ്റാര്‍ലൈറ്റ് 560 ലഭ്യമാണ്. എന്നാല്‍, ഇന്ത്യന്‍ വിപണിയിലേക്ക് പ്ലഗ്-ഇന്‍ ഹൈബ്രിഡ് എത്തുമെന്നാണ് സൂചന. ഗ്രില്‍ രൂപകല്‍പ്പനയാണ് രണ്ടിനെയും പ്രധാനമായും വ്യത്യസ്തമാക്കുന്നത്. മറ്റു രാജ്യങ്ങളില്‍, മുന്‍വശത്ത് ഇരട്ട എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പുകള്‍, കറുത്ത ഗ്രില്‍, കോണ്‍ട്രാസ്റ്റ് നിറത്തില്‍ സ്‌കിഡ് പ്ലേറ്റുകള്‍, വലിയ മെഷീന്‍ കട്ട് അലോയ് വീലുകള്‍, കറുത്ത റൂഫ് റെയിലുകളും പില്ലറുകളും, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവ എസ്‌യുവിയില്‍ കാണാന്‍ കഴിയും.
ഫീച്ചറുകളുടെ കാര്യത്തില്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണമായും ഡിജിറ്റലായ കളേര്‍ഡ് ഡ്രൈവര്‍ ഡിസ്പ്ലേ, 2-സ്പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഡുവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, ആറ് എയര്‍ബാഗുകള്‍, ടിപിഎംഎസ് തുടങ്ങിയവ പുതിയ എംജി ഹൈബ്രിഡ് എസ്‌യുവിയില്‍ ഉണ്ടായിരിക്കും.
ആഗോളതലത്തില്‍, വൂളിംഗ് സ്റ്റാര്‍ലൈറ്റ് 560 എസ്‌യുവിയുടെ പിഎച്ച്ഇവി വേരിയന്റില്‍ നല്‍കിയിരിക്കുന്നത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 20.5 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്ക് എന്നിവയാണ്. രണ്ടും ചേര്‍ന്ന് ആകെ 194 ബിഎച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 56.7 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്ക് കരുത്തേകുന്ന ഇവി വേരിയന്റ് ആകട്ടെ സിംഗിള്‍ ചാര്‍ജില്‍ 530 കിലോമീറ്റര്‍ സഞ്ചരിക്കും. ഈ വേരിയന്റ് ഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരുമോ എന്ന് കണ്ടറിയണം.
