Top Spec

The Top-Spec Automotive Web Portal in Malayalam

റെപ്സോള്‍ എഡിഷനില്‍ ഹോണ്ട ഡിയോ 125, ഹോര്‍നെറ്റ് 2.0

  • യഥാക്രമം 92,300 രൂപയും 1.4 ലക്ഷം രൂപയുമാണ് വില. റെഡ് വിംഗ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കും
  • ഇന്ത്യയില്‍ നടക്കുന്ന മോട്ടോജിപി റേസിന് തൊട്ടുമുമ്പാണ് പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയത്
  • റോസ് വൈറ്റ്, വൈബ്രന്റ് ഓറഞ്ച് എന്ന ഡുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനിലാണ് രണ്ട് ഇരുചക്ര വാഹനങ്ങളും വരുന്നത്

ഹോണ്ട ഡിയോ 125, ഹോര്‍നെറ്റ് 2.0 മോഡലുകളുടെ റെപ്സോള്‍ എഡിഷന്‍ അവതരിപ്പിച്ചു. യഥാക്രമം 92,300 രൂപയും 1.4 ലക്ഷം രൂപയുമാണ് വില. റെഡ് വിംഗ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കും. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഇന്ത്യയില്‍ നടക്കുന്ന മോട്ടോജിപി റേസിന് തൊട്ടുമുമ്പാണ് പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയത്.

ഹോണ്ടയുടെ സമ്പന്നമായ റേസിംഗ് പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ റെപ്സോള്‍ ഗ്രാഫിക്‌സ് എന്ന് കമ്പനി പറയുന്നു. റോസ് വൈറ്റ്, വൈബ്രന്റ് ഓറഞ്ച് എന്നീ ഡുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനിലാണ് രണ്ട് ഇരുചക്ര വാഹനങ്ങളും വരുന്നത്. കൂടാതെ റെപ്സോള്‍ സ്‌റ്റൈല്‍ ഗ്രാഫിക്‌സും നല്‍കി.

രണ്ടാം ഘട്ട ബിഎസ് 6 പാലിക്കുന്ന 123.92 സിസി, 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനിലാണ് ഹോണ്ട ഡിയോ 125 വരുന്നത്. ഈ മോട്ടോര്‍ 8.3 എച്ച്പി കരുത്തും 10.4 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഇക്വലൈസര്‍ സഹിതം കോംബി ബ്രേക്ക് സിസ്റ്റം (സിബിഎസ്), ടെലിസ്‌കോപിക് സസ്‌പെന്‍ഷനോടുകൂടി മുന്നില്‍ 12 ഇഞ്ച് വീല്‍, പിന്നില്‍ 3 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ സസ്പെന്‍ഷന്‍ എന്നിവ ലഭിച്ചു.

184.40 സിസി, 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹോണ്ട ഹോര്‍നെറ്റ് 2.0 ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 17 എച്ച്പി കരുത്തും 15.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പുതുതായി സ്ലിപ്പര്‍ ക്ലച്ച് നല്‍കി. സിംഗിള്‍ ചാനല്‍ എബിഎസ് സഹിതം ഡുവല്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ലഭിച്ചു.