ഇലക്ട്രിക് GLC ഇന്ത്യയില്‍; വില 78.50 ലക്ഷം രൂപ

GLC 400 4MATIC എന്ന ഒറ്റ വേരിയന്റില്‍ മാത്രം ആഡംബര ഇലക്ട്രിക് എസ്‌യുവി ലഭിക്കും

പൂണെയിലെ ചാകണ്‍ പ്ലാന്റില്‍ തദ്ദേശീയമായി അസംബിള്‍ ചെയ്താണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്

ഒരു പൂര്‍ണ ചാര്‍ജില്‍ 711 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം

പൂണെ: മെഴ്സേഡീസ് ബെന്‍സ് ഇലക്ട്രിക് GLC ഇന്ത്യയില്‍ അവതരിപ്പിച്ചു. 78.50 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. GLC 400 4MATIC എന്ന ഒറ്റ വേരിയന്റില്‍ മാത്രം ആഡംബര ഇലക്ട്രിക് എസ്‌യുവി ലഭിക്കും. പൂണെയിലെ ചാകണ്‍ പ്ലാന്റില്‍ തദ്ദേശീയമായി അസംബിള്‍ ചെയ്താണ് വാഹനം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.

മെഴ്സേഡീസ് ബെന്‍സിന്റെ പ്രത്യേക ഇവി പ്ലാറ്റ്‌ഫോമായ MB.EA-M ആര്‍ക്കിടെക്ചറിലാണ് ഇലക്ട്രിക് GLC നിര്‍മിച്ചിരിക്കുന്നത്. 94 kWh ബാറ്ററി പായ്ക്കും ഡുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും നല്‍കിയിരിക്കുന്നു. ഈ പവര്‍ട്രെയിന്‍ പരമാവധി 489 ബിഎച്ച്പി കരുത്തും 800 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.3 സെക്കന്‍ഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

WLTP അനുസരിച്ച്, ഒരു പൂര്‍ണ ചാര്‍ജില്‍ 711 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 330 kW വരെ ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. അനുയോജ്യമായ സാഹചര്യങ്ങളില്‍ 22 മിനിറ്റിനുള്ളില്‍ 10 ല്‍ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും.

ഡാഷ്ബോര്‍ഡിന് കുറുകെ വ്യാപിച്ചുകിടക്കുന്ന 39.1 ഇഞ്ച് MBUX ഹൈപ്പര്‍സ്‌ക്രീനാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഇല്യുമിനേറ്റഡ് ഗ്രില്‍, SKY CONTROL പനോരമിക് ഗ്ലാസ് റൂഫ്, 15 സ്പീക്കറുകള്‍ സഹിതം ബര്‍മസ്റ്റര്‍ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, ലെവല്‍ 2 ADAS, 360 ഡിഗ്രി ക്യാമറ എന്നിവ മറ്റ് ശ്രദ്ധേയ ഫീച്ചറുകളാണ്. 570 ലിറ്റര്‍ ബൂട്ട് ശേഷി, മുന്നില്‍ 128 ലിറ്റര്‍ സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റ് എന്നിവയും എടുത്തുപറയേണ്ടവയാണ്.

തദ്ദേശീയമായ അസംബ്ലി, നൂതന സാങ്കേതികവിദ്യകള്‍, മികച്ച പെര്‍ഫോമന്‍സ് എന്നിവയിലൂടെ ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് എസ്‌യുവി വിപണിയില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാനാണ് പുതിയ ഇലക്ട്രിക് GLC യിലൂടെ മെഴ്സേഡീസ് ബെന്‍സ് ലക്ഷ്യമിടുന്നത്.