ടിവിഎസ് റോണിന്‍ പരിഷ്‌കരിച്ചു; പുതിയ വേരിയന്റ്, അധിക ഫീച്ചറുകള്‍

പുതിയ വേരിയന്റില്‍ ഡുവല്‍ ചാനല്‍ എബിഎസ്

മിഡ് വേരിയന്റില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും

ടോപ് സ്‌പെക് വേരിയന്റില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം

ന്യൂഡല്‍ഹി: ടിവിഎസ് റോണിന്‍ പരിഷ്‌കരിച്ചു. ബേസ്+ എന്ന പുതിയ വേരിയന്റും നിലവിലെ വേരിയന്റുകളില്‍ അധിക ഫീച്ചറുകളും നല്‍കിയാണ് 2026 മോഡല്‍ പുറത്തിറക്കിയത്. സ്റ്റാന്‍ഡേഡായി ഡുവല്‍ ചാനല്‍ എബിഎസ് ലഭിച്ച പുതിയ വേരിയന്റിന് 1.42 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

സണ്‍ലൈറ്റ് യെല്ലോ, ഡെസേര്‍ട്ട് മിറാഷ് എന്നീ രണ്ട് നിറങ്ങളില്‍ പുതിയ വേരിയന്റ് ലഭ്യമായിരിക്കും. ഇന്ധന ടാങ്കില്‍ പൂര്‍ണമായി മഞ്ഞ ഫിനിഷ്, കറുത്ത മെറ്റാലിക് ടിവിഎസ് ലോഗോ ബാഡ്ജ്, താഴെ ഭാഗത്ത് ‘റോണിന്‍’ ഗ്രാഫിക് എന്നിവ ലഭിച്ചതാണ് സണ്‍ലൈറ്റ് യെല്ലോ. ഡെസേര്‍ട്ട് മിറാഷ് വേരിയന്റില്‍ ഇന്ധന ടാങ്കില്‍ തവിട്ട് നിറമുള്ള ഷേഡും സമാനമായ സ്‌റ്റൈലിംഗും കാണാം.

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനായി ഇപ്പോള്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിച്ചതാണ് 1.51 ലക്ഷം രൂപ വില വരുന്ന മിഡ് സ്‌പെക് വേരിയന്റ്. കൂടാതെ, റൈഡ് സമയത്ത് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് സ്റ്റാന്‍ഡേഡായി ടൈപ് സി ചാര്‍ജറും നല്‍കി.

ടോപ് സ്‌പെക് വേരിയന്റിലും ചില താല്‍പ്പര്യജനകമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്റ്റാന്‍ഡേഡായി ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ലഭ്യമായിരിക്കും. അപ്ഡേറ്റ് ചെയ്ത ടോപ് വേരിയന്റിലും ടൈപ് സി ചാര്‍ജര്‍ ഉണ്ട്. സീറ്റും മെച്ചപ്പെടുത്തി. യാത്രാസുഖം വര്‍ധിപ്പിക്കുന്ന പ്രീമിയം സീറ്റുമായാണ് ടോപ് സ്‌പെക് വേരിയന്റ് ഇനി വരിക. ടോപ് വേരിയന്റിന് 1.63 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

മെക്കാനിക്കല്‍ മാറ്റങ്ങളില്ല. 20.1 ബിഎച്ച്പി കരുത്തും 19.93 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 225 സിസി എയര്‍/ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹൃദയം.