Top Spec

The Top-Spec Automotive Web Portal in Malayalam

വിപണി അവതരണത്തിന് തയ്യാറെടുത്ത് എംജി കോമറ്റ് ഇവി

കുഞ്ഞന്‍ സ്മാര്‍ട്ട് ഇവി നേരത്തെ ഔദ്യോഗികമായി അനാവരണം ചെയ്തിരുന്നു

എംജി കോമറ്റ് ഇവി ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കുഞ്ഞന്‍ സ്മാര്‍ട്ട് ഇവി നേരത്തെ ഔദ്യോഗികമായി അനാവരണം ചെയ്തിരുന്നു. അവോക്കാഡോ ഗ്രീന്‍, ലെമണ്‍ യെല്ലോ, ഗാലക്‌സി ബ്ലൂ, പ്രിസ്റ്റീന്‍ വൈറ്റ്, പീച്ച് പിങ്ക് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ കോമറ്റ് ഇവി ലഭിക്കും. എംജി മോട്ടോര്‍ ഇന്ത്യയുടെ ഇവി ലൈനപ്പില്‍ സെഡ്എസ് ഇവിയുടെ താഴെയായിരിക്കും പുതിയ മോഡലിന് സ്ഥാനം.

മുന്‍വശത്ത് എംജി ബ്രാന്‍ഡിംഗിന് അകത്ത് മധ്യഭാഗത്തായി ചാര്‍ജിംഗ് പോര്‍ട്ട്, ലംബമായി നല്‍കിയ ഇരട്ട ഹെഡ്‌ലാംപുകള്‍, ഡുവല്‍ ടോണ്‍ ബംപറിന്റെ ഇരുവശങ്ങളിലായി ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടെ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, വിന്‍ഡ്സ്‌ക്രീനിന് താഴെ എല്‍ഇഡി ലൈറ്റ് ബാര്‍, അതിന്റെ തുടര്‍ച്ചയായി വശങ്ങളിലൂടെ ഒആര്‍വിഎമ്മുകള്‍ വരെ ക്രോം സ്ട്രിപ്പ്, ഡുവല്‍ ടോണ്‍ കളര്‍ തീം, വലിയ റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസ്, വീല്‍ കവറുകളോടെ സ്റ്റീല്‍ വീലുകള്‍, ഉയര്‍ത്തി ഘടിപ്പിച്ച സ്റ്റോപ്പ് ലാംപ്, ലംബമായി സ്ഥാപിച്ച ടെയില്‍ ലൈറ്റുകള്‍, നമ്പര്‍ പ്ലേറ്റ് റിസെസ് സഹിതം റിയര്‍ ബംപര്‍ എന്നിവ ലഭിച്ചിരിക്കുന്നു. സെന്റര്‍ കണ്‍സോളില്‍ സ്ലീക്ക് എസി വെന്റുകള്‍, എസി നിയന്ത്രണങ്ങള്‍ക്കായി റോട്ടറി നോബുകള്‍, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്ന ഒരു വലിയ സിംഗിള്‍ പീസ് സ്‌ക്രീന്‍ എന്നിവ കോമറ്റ് ഇവിയുടെ ഇന്റീരിയറില്‍ പ്രതീക്ഷിക്കുന്നു.

സ്പോര്‍ട്ടി ലുക്കിലാണ് എംജി കോമറ്റ് ഇവി വരുന്നത്. പ്രത്യേക സ്റ്റൈലും ഭംഗിയും പ്രകടമാക്കുന്ന ഫ്യൂച്ചറിസ്റ്റിക്, മോഡേണ്‍ ഡിസൈന്‍ ലഭിച്ചിരിക്കുന്നു. പൊതുനിരത്തുകളില്‍ കണ്ടാല്‍ ആരും ഒന്ന് തലതിരിച്ചു നോക്കുമെന്ന് തീര്‍ച്ച. സ്‌റ്റൈലിഷ് മാത്രമല്ല, സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് എംജി കോമറ്റ് ഇവി എന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്റീരിയര്‍ വിശാലമാണ്. സുഖപ്രദമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യും. എംജി കോമറ്റില്‍ യാത്ര ചെയ്യുമ്പോള്‍ എപ്പോഴും കണക്റ്റഡ് ആയിരിക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സംഗീതം, പോഡ്കാസ്റ്റുകള്‍, നാവിഗേഷന്‍ ആപ്പുകള്‍ എന്നിവ ആസ്വദിക്കുന്നതിനും ഉപയോഗിക്കുന്നതിനുമായി അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെയാണ് എംജി കോമറ്റ് ഇവി വരുന്നത്. കാറിന്റെ ബ്ലൂടൂത്ത് സിസ്റ്റവുമായി നിങ്ങളുടെ ഫോണ്‍ കണക്റ്റ് ചെയ്യാനും ഡ്രൈവ് ചെയ്യുമ്പോള്‍ ഹാന്‍ഡ്സ് ഫ്രീ കോളുകള്‍ നടത്താനും കഴിയും.

ആസ്വദിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനമാണ് എംജി കോമറ്റ് എന്ന് എംജി മോട്ടോര്‍ ഇന്ത്യാ പ്രസ്താവിച്ചു. തിരക്കേറിയ തെരുവുകളില്‍ സമര്‍ത്ഥമായി സഞ്ചരിക്കാം. ഹൈവേകളിലൂടെയും വളഞ്ഞുപുളഞ്ഞ വഴികളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയും യാത്ര ചെയ്യുമ്പോള്‍ ഓരോ നിമിഷവും ആസ്വദിക്കാം. ഫണ്‍, സ്റ്റൈല്‍, പെര്‍ഫോമന്‍സ് എന്നിവ ഒരൊറ്റ പാക്കേജില്‍ സമന്വയിപ്പിച്ച കാറാണ് എംജി കോമറ്റ് എന്നും സ്പോര്‍ട്ടി & ബോള്‍ഡ് ഡിസൈന്‍, സുഖപ്രദമായ ഇന്റീരിയര്‍, നൂതന ഫീച്ചറുകള്‍ എന്നിവ ഉപയോക്താക്കളുടെ ഡ്രൈവിംഗ് അനുഭവം കൂടുതല്‍ രസകരവും ആസ്വാദ്യകരവുമാക്കുമെന്നും കമ്പനി അവകാശപ്പെട്ടു.

എംജി കോമറ്റ് ഇവിയുടെ പവര്‍ട്രെയിന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വുളിംഗ് എയര്‍ ഇവി അടിസ്ഥാനമാക്കിയാണ് എംജി കോമറ്റ് ഇവി നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ അതേ ബാറ്ററി പാക്ക് ഓപ്ഷനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, യഥാക്രമം 200 കിലോമീറ്റര്‍, 300 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന 17.3 കിലോവാട്ട് ഔര്‍, 26.7 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കുകള്‍ നല്‍കിയേക്കും. ഇന്ത്യയില്‍ 10-15 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നു. ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ ഇ-സി3 എന്നിവ എതിരാളികളായിരിക്കും.