Top Spec

The Top-Spec Automotive Web Portal in Malayalam

ടാറ്റ റെഡ് ഡാര്‍ക്ക് എഡിഷന്‍ കൊച്ചിയില്‍

കറുത്ത പെയിന്റ്‌ജോബിനൊപ്പം ചിലയിടങ്ങളില്‍ ചുവപ്പ് സാന്നിധ്യത്തോടെയാണ് റെഡ് ഡാര്‍ക്ക് എഡിഷനുകള്‍ വരുന്നത്

ടാറ്റ നെക്സോണ്‍, ഹാരിയര്‍, സഫാരി മോഡലുകളുടെ റെഡ് ഡാര്‍ക്ക് എഡിഷനുകള്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു. നെക്സോണ്‍ റെഡ് ഡാര്‍ക്ക് എഡിഷന് 12.35 ലക്ഷം രൂപയിലും ഹാരിയര്‍ റെഡ് ഡാര്‍ക്ക് എഡിഷന് 21.77 ലക്ഷം രൂപയിലും സഫാരി റെഡ് ഡാര്‍ക്ക് എഡിഷന് 22.61 ലക്ഷം രൂപയിലുമാണ് ഇന്ത്യാ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. കറുത്ത പെയിന്റ്‌ജോബിനൊപ്പം ചിലയിടങ്ങളില്‍ ചുവപ്പ് സാന്നിധ്യത്തോടെയാണ് റെഡ് ഡാര്‍ക്ക് എഡിഷനുകള്‍ വരുന്നത്. ഹാരിയര്‍, സഫാരി റെഡ് ഡാര്‍ക്ക് പതിപ്പുകള്‍ക്ക് അഡാസ് നല്‍കിയെന്നത് ശ്രദ്ധേയമാണ്.

മൂന്ന് എസ്‌യുവികളുടെയും ഡാര്‍ക്ക് എഡിഷനുകള്‍ പോലെ, പൂര്‍ണമായും കറുപ്പണിഞ്ഞ ‘ഒബറോണ്‍ ബ്ലാക്ക്’ കളര്‍ സ്‌കീമിലാണ് ഇപ്പോള്‍ അവതരിപ്പിച്ച റെഡ് ഡാര്‍ക്ക് എഡിഷനും വരുന്നത്. ഹാരിയര്‍, സഫാരി സ്പെഷല്‍ എഡിഷന്‍ മോഡലുകളില്‍ ചുവന്ന ബ്രേക്ക് കാലിപറുകളും മുന്നിലെ ഗ്രില്ലില്‍ റെഡ് ഇന്‍സേര്‍ട്ടും കാണാം. ഇന്റീരിയറില്‍, മൂന്ന് റെഡ് ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ക്കും ‘കാര്‍നെലിയന്‍ റെഡ്’ സീറ്റ് അപ്‌ഹോള്‍സ്റ്ററിയും ഡാഷ്ബോര്‍ഡില്‍ ഗ്രേ അലങ്കാരവും നല്‍കി.

എക്‌സ്‌സെഡ്+ ലക്സ് എന്ന ടോപ് സ്പെക് വേരിയന്റ് അടിസ്ഥാനമാക്കിയാണ് നെക്സോണ്‍ റെഡ് ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഫോഗ് ലാംപ് സറൗണ്ടില്‍ റെഡ് ഹൈലൈറ്റുകള്‍, ട്രൈ-ആരോ ഗ്രില്ലില്‍ റെഡ് ഇന്‍സെര്‍ട്ടുകള്‍ എന്നിവ കാണാം. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), സണ്‍റൂഫ്, ഇന്‍-ബില്‍റ്റ് എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജര്‍, ക്രൂസ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക്നോളജി തുടങ്ങിയ ഫീച്ചറുകള്‍ നെക്സോണ്‍ റെഡ് ഡാര്‍ക്കിന് ലഭിച്ചു.

അഡാസ് എന്ന് ചുരുക്കത്തില്‍ അറിയപ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് ലഭിച്ചതാണ് ഹാരിയര്‍, സഫാരി റെഡ് ഡാര്‍ക്ക് എഡിഷനുകളുടെ ഏറ്റവും വലിയ സവിശേഷത. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (എഇബി), ഫോര്‍വേഡ് കൊളിഷന്‍ അലര്‍ട്ട്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്നിഷന്‍ എന്നിവ അഡാസ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. രണ്ട് എസ്‌യുവികളുടെയും ടോപ്-സ്‌പെക് വേരിയന്റുകള്‍ അടിസ്ഥാനമാക്കിയാണ് റെഡ് ഡാര്‍ക്ക് എഡിഷനുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതുതായി 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, ഡ്രൈവര്‍ സീറ്റിന് മെമ്മറി ഫംഗ്ഷന്‍ എന്നിവ ലഭിച്ചു. കൂടാതെ സഫാരിക്ക് മാത്രമായി രണ്ടാം നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് സമീപവും പനോരമിക് സണ്‍റൂഫിന് ചുറ്റുമായി ചുവന്ന ആംബിയന്റ് ലൈറ്റിംഗ്, രണ്ടാം നിരയിലെ ഹെഡ് റെസ്ട്രെയ്ന്റുകള്‍ക്ക് കുഷനുകള്‍ എന്നിവ നല്‍കി.

ആര്‍ഡിഇ (റിയല്‍ ഡ്രൈവിംഗ് എമിഷന്‍) മാനദണ്ഡങ്ങള്‍ പാലിക്കുന്ന പവര്‍ട്രെയിനുകളാണ് മൂന്ന് സ്‌പെഷല്‍ എഡിഷനുകളും ഉപയോഗിക്കുന്നത്. 120 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 115 എച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് നെക്സോണ്‍ എസ്‌യുവിയുടെ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍, എഎംടി എന്നിവ രണ്ട് എന്‍ജിനുകളുടെയും ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ്. 170 എച്ച്പി പുറത്തെടുക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറും സഫാരിയും ഉപയോഗിക്കുന്നത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. മൂന്ന് എസ്‌യുവികളുടെയും റെഡ് ഡാര്‍ക്ക് എഡിഷനുകള്‍ക്ക് സ്റ്റാന്‍ഡേഡായി 3 വര്‍ഷം/1,00,000 കിലോമീറ്റര്‍ വാറന്റി ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നു.