Top Spec

The Top-Spec Automotive Web Portal in Malayalam

അവന്റഡോറിന്റെ പിന്‍ഗാമിയായി ലോകസമക്ഷം ലംബോര്‍ഗിനി റിവെല്‍ത്തോ

തങ്ങളുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വി12 എന്‍ജിന്‍, ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിഫൈഡ് വെഹിക്കിള്‍ എന്നിങ്ങനെയാണ് പുതിയ മോഡലിന് ലംബോര്‍ഗിനി നല്‍കുന്ന വിശേഷണങ്ങള്‍

ലംബോര്‍ഗിനി തങ്ങളുടെ ഏറ്റവും പുതിയ വി12 ഫ്‌ളാഗ്ഷിപ്പ് സൂപ്പര്‍കാറായ റിവെല്‍ത്തോ അനാവരണം ചെയ്തു. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി വിറ്റുവരുന്ന ലംബോര്‍ഗിനി അവന്റഡോറിന്റെ പിന്‍ഗാമിയാണ് പുതിയ മോഡലായ റിവെല്‍ത്തോ. മുന്‍ഗാമികളെപ്പോലെ, വി12 എന്‍ജിന്‍ കരുത്തേകുന്നതും ഷാര്‍പ്പ്, എഡ്ജി ഡിസൈന്‍ തീം തുടരുന്നതുമാണ് പുതിയ ഫ്‌ളാഗ്ഷിപ്പ് സൂപ്പര്‍കാര്‍. അടുത്ത ദശാബ്ദത്തേക്ക് ലംബോര്‍ഗിനി എന്ന ബ്രാന്‍ഡിന്റെ എല്ലാ പരിവേഷവും ലഭിച്ച ഉല്‍പ്പന്നമായിരിക്കും റിവെല്‍ത്തോ എന്ന് ഓട്ടോമൊബിലി ലംബോര്‍ഗിനി സിഇഒയും ചെയര്‍മാനുമായ സ്റ്റീഫന്‍ വിന്‍കല്‍മന്‍ പ്രസ്താവിച്ചു. തങ്ങളുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വി12 എന്‍ജിന്‍, ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിഫൈഡ് വെഹിക്കിള്‍ എന്നിങ്ങനെയാണ് പുതിയ മോഡലിന് ലംബോര്‍ഗിനി നല്‍കുന്ന വിശേഷണങ്ങള്‍.

പുതിയ 6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് വി12 എന്‍ജിനുമായാണ് ലംബോര്‍ഗിനി റിവെല്‍ത്തോ വരുന്നത്. ഈ എന്‍ജിന്‍ 9,250 ആര്‍പിഎമ്മില്‍ 825 ബിഎച്ച്പി കരുത്തും 6,750 ആര്‍പിഎമ്മില്‍ 725 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കൂടാതെ മുന്നില്‍ രണ്ടും പിന്നില്‍ ഒന്നുമായി ആകെ മൂന്ന് ഇലക്ട്രിക് മോട്ടോറുകളും നല്‍കിയിരിക്കുന്നു. ഇതോടെ നാല് ചക്രങ്ങളിലുമായി 1,001 ബിഎച്ച്പി പവര്‍ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് പവര്‍ട്രെയിനുമായി പുതിയ 8 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ പുതിയ പവര്‍ട്രെയിനില്‍ 2.5 സെക്കന്‍ഡ് മതി. മാത്രമല്ല, മണിക്കൂറില്‍ 217 മൈലാണ് (349.2 കിലോമീറ്റര്‍) ടോപ് സ്പീഡ്. ട്രാന്‍സ്മിഷന്‍ ടണലിനകത്ത് 3.8 കിലോവാട്ട് ഔര്‍ ബാറ്ററി പാക്ക് കൂടി നല്‍കി. 6 മൈല്‍ (10 കിലോമീറ്റര്‍) ഇവി റേഞ്ച് ലഭിക്കാന്‍ ഇത് സഹായിക്കും.

മുന്നിലെ ചട്ടക്കൂടും ബോഡിവര്‍ക്കും ഉള്‍പ്പെടെ പുതിയ കാര്‍ബണ്‍ ഫൈബര്‍ മോണോ ഫ്യൂസലാജ് ലഭിച്ചതാണ് ലംബോര്‍ഗിനി റിവെല്‍ത്തോ. ഇതോടെ ടോര്‍ഷണല്‍ സ്റ്റിഫ്‌നസ് മെച്ചപ്പെടുത്തിയതിനൊപ്പം സൂപ്പര്‍കാറിന്റെ ഭാരവും കുറഞ്ഞു.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ഷാര്‍പ്പ്, എഡ്ജി ഡിസൈന്‍ ലംബോര്‍ഗിനി റിവെല്‍ത്തോയിലും കാണാം. ഇതോടൊപ്പം ഇത്തവണ കാറിന്റെ എല്ലായിടങ്ങളിലും ‘വൈ’ ആകൃതി പ്രധാന ഘടകമാണ്. മുന്നില്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പിറകില്‍ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, എന്‍ജിനായി എയര്‍ ഇന്‍ടേക്കുകള്‍ എന്നിവ ലഭിച്ചു. പിറകില്‍ വലിയ ഡിഫ്യൂസര്‍, ഷഡ്ഭുജ ആകൃതി ലഭിച്ചതും ഉയര്‍ത്തി സ്ഥാപിച്ചതുമായ എക്സ്ഹോസ്റ്റ് ടിപ്പുകള്‍, മുന്നില്‍ 20 ഇഞ്ച് അലോയ് വീലുകള്‍, പിന്നില്‍ 21 ഇഞ്ച് അലോയ് വീലുകള്‍, മൂന്ന് വ്യത്യസ്ത വിധങ്ങളില്‍ സജ്ജീകരിക്കാന്‍ കഴിയുന്ന വലിയ റിയര്‍ വിംഗ് എന്നിവ മറ്റ് സ്‌റ്റൈലിംഗ് ഘടകങ്ങളാണ്. മുന്‍ഗാമികളെപ്പോലെ, റിവെല്‍ത്തോയിലും സിസര്‍ ഡോറുകള്‍ നല്‍കി.

ഉള്ളില്‍, പുതിയ ഡാഷ്ബോര്‍ഡിനൊപ്പം ‘വൈ’ ആകൃതി തീം ലഭിച്ചു. ക്യാബിനില്‍ എല്ലായിടത്തും സ്റ്റാന്‍ഡേഡായി ധാരാളം കാര്‍ബണ്‍ ഫൈബര്‍, 12.3 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.4 ഇഞ്ച് വലുപ്പമുള്ളതും ലംബമായി സ്ഥാപിച്ചതുമായ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 9.1 ഇഞ്ച് വലുപ്പമുള്ളതും തിരശ്ചീനമായി ഘടിപ്പിച്ചതുമായ പാസഞ്ചര്‍ സൈഡ് ഡിസ്പ്ലേ എന്നിവ ലഭിച്ചതാണ് ഈ സൂപ്പര്‍കാര്‍. പതിമൂന്ന് ഡ്രൈവിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള നോബുകള്‍ ഉള്‍പ്പെടെ നിരവധി കണ്‍ട്രോളുകളോടെ ബ്രാന്‍ഡ് ന്യൂ സ്റ്റിയറിംഗ് വീലും ലഭിച്ചു. ധാരാളം കണക്റ്റഡ് സാങ്കേതികവിദ്യകള്‍ കൂടാതെ അഡാസ് ലഭിച്ചത് മറ്റൊരു സവിശേഷതയാണ്.

ലംബോര്‍ഗിനി റിവെല്‍ത്തോയുടെ വില എത്രയെന്ന് കമ്പനി തല്‍ക്കാലം പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്ന് ഓട്ടോമൊബിലി ലംബോര്‍ഗിനി പറയുന്നു.