Top Spec

The Top-Spec Automotive Web Portal in Malayalam

ഇവിഎക്‌സ് ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റുമായി മാരുതി സുസുകി

550 കിമീ വരെ റേഞ്ച് ലഭിക്കുന്ന 60 കിലോവാട്ട് ഔര്‍ ബാറ്ററി പാക്ക് നല്‍കിയിരിക്കുന്നു

ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റുമായി മാരുതി സുസുകി ഞെട്ടിച്ചു. ഇവിഎക്‌സ് എന്ന ആശയമാണ് മാരുതി സുസുകി പുതുതായി വിഭാവനം ചെയ്യുന്നത്. സുസുകി പുതുതായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമിലാണ് മാരുതി സുസുകി ഇവിഎക്സ് കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ഇതേ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി മാരുതി സുസുകി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കും.

മാരുതി സുസുകി ഇവിഎക്സ് കണ്‍സെപ്റ്റ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത് 550 കിമീ വരെ റേഞ്ച് ലഭിക്കുന്ന 60 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കാണ്. പുതിയ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായി, ഒരു കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിയുടെ അനുപാതങ്ങളോടെ റഗഡ്, ബോക്‌സി രൂപകല്‍പ്പന ലഭിച്ചു. വശങ്ങള്‍ നോക്കിയാല്‍, ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, എയ്‌റോ-ഒപ്റ്റിമൈസ്ഡ് വീലുകള്‍ എന്നിവയോടെ എയറോഡൈനാമിക് ക്ഷമതയാര്‍ന്ന പ്രൊഫൈല്‍ കാണാന്‍ കഴിയും. നീളമേറിയ വീല്‍ബേസ്, നീളം കുറഞ്ഞ ഓവര്‍ഹാംഗുകള്‍ എന്നിവയോടെ കാബിനില്‍ കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുന്നതായിരിക്കും ഓള്‍-ഇലക്ട്രിക് പ്ലാറ്റ്‌ഫോം.

ഇവിഎക്സിന്റെ പെര്‍ഫോമന്‍സ് സംബന്ധിച്ച് സുസുകി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. അതേസമയം, 4×4 ഡ്രൈവ്ട്രെയിനിനായി ഇരട്ട മോട്ടോര്‍ സംവിധാനം നല്‍കുമെന്ന് സ്ഥിരീകരിച്ചു. ഇവിഎക്സ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ തല്‍ക്കാലം നിഗൂഢതയായി തുടരുന്നു. കണക്റ്റഡ് ടെക്നോളജി, ഒന്നിലധികം വലിയ ഡിസ്‌പ്ലേകള്‍ എന്നിവ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

2025 ഓടെ വിപണിയിലെത്താന്‍ ഉദ്ദേശിച്ചുള്ള ഇലക്ട്രിക് എസ്‌യുവിയാണ് ഇവിഎക്സ് കണ്‍സെപ്റ്റ്. ഇന്ത്യയില്‍ ബാറ്ററികളുടെയും ഇവികളുടെയും നിര്‍മാണത്തിനായി 100 ബില്യണ്‍ രൂപയുടെ നിക്ഷേപമാണ് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ നടത്തുന്നത്. കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുമെന്നാണ് സൂചന. 25 ലക്ഷം രൂപ വില നിശ്ചയിക്കാനാണ് സാധ്യത. ഹ്യുണ്ടായ് കോന ഇലക്ട്രിക്, എംജി സെഡ്എസ് ഇവി എന്നിവ എതിരാളികളായിരിക്കും. മാത്രമല്ല. ടാറ്റ നെക്‌സോണ്‍ ഇവി പോലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രീമിയം ബദലായിരിക്കും.