Top Spec

The Top-Spec Automotive Web Portal in Malayalam

ഏഥര്‍ 450 സീരീസ് ഇപ്പോള്‍ പരിഷ്‌കാരി

സോഫ്റ്റ്‌വെയര്‍ എന്‍ജിനില്‍ ‘ഏഥര്‍സ്റ്റാക്ക് 5.0’ അവതരിപ്പിച്ചതാണ് ഇത്തവണത്തെ ഏറ്റവും വലിയ പരിഷ്‌കാരം

പുതിയ അപ്‌ഡേറ്റുകള്‍ നല്‍കി ഏഥര്‍ 450 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പരിഷ്‌കരിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ സോഫ്റ്റ്‌വെയര്‍ എന്‍ജിനില്‍ ‘ഏഥര്‍സ്റ്റാക്ക് 5.0’ അവതരിപ്പിച്ചതാണ് ഇത്തവണത്തെ ഏറ്റവും വലിയ പരിഷ്‌കാരം. ആഗോളതലത്തില്‍ തന്നെ ഇപ്പോള്‍ ഗൂഗിളിന്റെ വെക്ടര്‍ മാപ്പ് ലഭിച്ച ആദ്യ സ്‌കൂട്ടറാണ് ഏഥര്‍ 450 സീരീസ്. ഡാഷ്‌ബോര്‍ഡിനായി ബ്രാന്‍ഡ് ന്യൂ യൂസര്‍ ഇന്റര്‍ഫേസ് നല്‍കിയിരിക്കുന്നു. മാത്രമല്ല, കോസ്മിക് ബ്ലാക്ക്, സോള്‍ട്ട് ഗ്രീന്‍, ട്രൂ റെഡ്, ലൂണാര്‍ ഗ്രേ എന്നീ നാല് പുതിയ നിറങ്ങളിലും ഏഥര്‍ 450 സീരീസ് ലഭിക്കും.

പുതിയ സീറ്റ്, ഇറക്കങ്ങളില്‍ ഓട്ടോമാറ്റിക്കായി സഹായിക്കുന്ന ഓട്ടോഹോള്‍ഡ് (ഈ ഫീച്ചര്‍ ലഭിച്ച ആദ്യ സ്‌കൂട്ടര്‍), അഞ്ച് വര്‍ഷ എക്‌സ്റ്റെന്‍ഡഡ് ബാറ്ററി വാറന്റി പ്രോഗ്രാം എന്നിവയാണ് മറ്റ് പരിഷ്‌കാരങ്ങള്‍. കൂടാതെ ആക്‌സസറികളും മര്‍ച്ചന്‍ഡൈസുകളും ഏഥര്‍ എനര്‍ജി വിപണിയിലെത്തിച്ചു. ഏഥര്‍ 450എക്‌സ്, ഏഥര്‍ 450 പ്ലസ് എന്നിവയാണ് ഈ സീരീസിലെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍.

നേരത്തെ ഏഥര്‍ സ്‌കൂട്ടറുകള്‍ വാങ്ങിയ ആയിരം ഉപയോക്താക്കള്‍ക്ക് ബൈബാക്ക് ഓഫര്‍ കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗിച്ച് 80,000 രൂപ നല്‍കി പുതിയ ഏഥര്‍ 450എക്സ് വാങ്ങാനാവും. ഈ ബൈബാക്ക് അവസരം പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ ആയിരം ഉപയോക്താക്കള്‍ക്ക് 10,000 രൂപയുടെ അധിക കിഴിവ് കൂടി ലഭിക്കുമ്പോള്‍ ഫലത്തില്‍ 70,000 രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം. പുതിയ ഏഥര്‍ 450എക്സ്, ഏഥര്‍ 450 പ്ലസ് എന്നിവ രാജ്യത്തെ 70 നഗരങ്ങളിലും 89 എക്സ്പീരിയന്‍സ് സെന്ററുകളിലും ടെസ്റ്റ് റൈഡിനും വില്‍പ്പനയ്ക്കും ലഭ്യമാണ്.

2018 ല്‍ ഏഥര്‍ 450 സ്‌കൂട്ടറില്‍ ഏഥര്‍സ്റ്റാക്ക് അവതരിപ്പിച്ചപ്പോള്‍ ടച്ച്‌സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ്, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ് എന്നിവ ‘വിപണിയില്‍ ഇതാദ്യ’ അനുഭവങ്ങളായിരുന്നുവെന്ന് ഏഥര്‍ എനര്‍ജി സഹ സ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പറഞ്ഞു. പുതിയ യുഐ, ഗൂഗിള്‍ വെക്ടര്‍ മാപ്സ് എന്നിവ ഉപയോഗിച്ച് ടച്ച്‌സ്‌ക്രീന്‍, മാപ്പ് അനുഭവങ്ങളെ പുതിയ തലത്തിലേക്ക് ഏഥര്‍സ്റ്റാക്ക് 5.0 എത്തിക്കുമെന്ന് തരുണ്‍ മേത്ത അവകാശപ്പെട്ടു.