Top Spec

The Top-Spec Automotive Web Portal in Malayalam

ഇലക്ട്രിക് വാണിജ്യ വാഹന വിപണിയിലേക്ക് ജൂപിറ്റര്‍ വാഗണ്‍സ്

ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോ-മോട്ടോര്‍ ഷോയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കും

ഹൈ സ്പീഡ് പാസഞ്ചര്‍ കോച്ചുകള്‍ക്കായി വാഗണുകള്‍, ബ്രേക്ക് സിസ്റ്റങ്ങള്‍, ബ്രേക്ക് ഡിസ്‌ക്കുകള്‍, റെയില്‍വേ, എന്‍ജിനീയറിംഗ് ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്ന ജൂപിറ്റര്‍ വാഗണ്‍സ് (ജെഡബ്ല്യുഎല്‍) ഇലക്ട്രിക് വാഹന രംഗത്തേക്ക് കടന്നു വരുന്നു. അടുത്ത മാസം നടക്കുന്ന 2023 ഓട്ടോ എക്സ്പോ-മോട്ടോര്‍ ഷോയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച് രാജ്യത്തെ വാണിജ്യ വാഹന വ്യവസായത്തില്‍ കമ്പനി അരങ്ങേറ്റം നടത്തും.

ഈ വര്‍ഷം മെയ് മാസത്തിലാണ് ജെഡബ്ല്യുഎല്‍ തങ്ങളുടെ ‘ജൂപിറ്റര്‍ ഇലക്ട്രിക് മൊബിലിറ്റി’ പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാണിജ്യ വാഹനങ്ങളില്‍ ജൂപിറ്റര്‍ ഇലക്ട്രിക് മൊബിലിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും. പാസഞ്ചര്‍, ചരക്ക് ഗതാഗത സെഗ്‌മെന്റുകളില്‍ ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ (ഇസിവി) വിപണിയിലെത്തിക്കുന്ന കാനഡയിലെ ഗ്രീന്‍പവര്‍ മോട്ടോഴ്സുമായി കമ്പനി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടിരുന്നു. പുതിയ ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ 2.2 ടണ്‍ മുതല്‍ 7 ടണ്‍ വരെയുള്ള എല്‍സിവി വിഭാഗത്തിലായിരിക്കും. രാജ്യത്ത് ഇ-സിവി ശ്രേണി നിര്‍മിക്കുന്നതിനും സുപ്രധാന വിപണികളില്‍ സര്‍വീസ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും വില്‍പ്പനാനന്തര ആവശ്യകതകള്‍ നിറവേറ്റുന്നതിനുമാണ് ജൂപിറ്റര്‍ ഇലക്ട്രിക് മൊബിലിറ്റി പ്രാധാന്യം നല്‍കുന്നത്.

സമ്പൂര്‍ണ മൊബിലിറ്റി സൊലൂഷനുകള്‍ നല്‍കുന്ന പ്രമുഖ കമ്പനിയാണ് ജൂപിറ്റര്‍ വാഗണ്‍സ് ഗ്രൂപ്പ്. ഇന്ത്യന്‍ റെയില്‍വേ, അമേരിക്കന്‍ റെയില്‍റോഡ്, ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം, ദേശീയ അന്താരാഷ്ട്ര വാഗണ്‍ ലീസിംഗ് കമ്പനികള്‍, നിര്‍മാണ ഉപകരണ & ഹെവി വാഹന നിര്‍മാതാക്കള്‍, നഗരസഭകള്‍ & ആരോഗ്യ പരിപാലന മേഖലകള്‍, ഊര്‍ജം, ഖനനം & അടിസ്ഥാനസൗകര്യ കമ്പനികള്‍ എന്നിവ ജൂപിറ്റര്‍ വാഗണ്‍സ് ഗ്രൂപ്പിന്റെ ഉപയോക്താക്കളില്‍ ഉള്‍പ്പെടുന്നു. പ്രതിരോധ മന്ത്രാലയം, ടാറ്റ മോട്ടോഴ്സ്, വോള്‍വോ ഐഷര്‍ മോട്ടോഴ്സ്, ഭാരത് ബെന്‍സ്, ഏവിയ മോട്ടോഴ്സ് എന്നിവയെ ഉപയോക്താക്കളായി പ്രതീക്ഷിക്കുകയാണ് ജൂപിറ്റര്‍ ഇലക്ട്രിക് മൊബിലിറ്റി. ഇലക്ട്രിക് വാണിജ്യ വാഹന സെഗ്‌മെന്റില്‍ പ്രവേശിക്കുന്നതിനായി ലോഗ് 9 മെറ്റീരിയല്‍സ്, അമേരിക്കന്‍ ആക്സില്‍ എന്നിവയുമായും കമ്പനി പങ്കാളിത്തം സ്ഥാപിച്ചു.