ഈ വര്‍ഷം ഒക്ടോബറില്‍ മുംബൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂം തുറക്കും
ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതായി ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബറില്‍ മുംബൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂം തുറക്കും. മുഴുവന്‍ മക്‌ലാറന്‍ മോഡലുകളുടെയും വില്‍പ്പന, ആഫ്റ്റര്‍സെയില്‍സ്, സര്‍വീസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ജിടി, ആര്‍ട്ടുറ ഉള്‍പ്പെടെ മുഴുവന്‍ മക്‌ലാറന്‍ മോഡലുകളും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായിരിക്കും. കൂടാതെ കൂപ്പെ, സ്‌പൈഡര്‍ വേരിയന്റുകളിലായി 720എസ്, 765എല്‍ടി കൂപ്പെ എന്നീ മോഡലുകളും ഇന്ത്യയില്‍ വില്‍ക്കും. മക്‌ലാറന്‍ ജിടിയുടെ ഡെലിവറി രാജ്യത്ത് ഇതിനകം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക റീട്ടെയില്‍ പങ്കാളിയായി ഇന്‍ഫിനിറ്റി കാര്‍സിനെയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് നിയമിച്ചിരിക്കുന്നത്. മക്‌ലാറന്‍ മുംബൈ ഡീലര്‍ഷിപ്പ് എന്ന നിലയില്‍ ഇന്‍ഫിനിറ്റി കാര്‍സ് പ്രവര്‍ത്തിക്കുകയും സ്‌പോര്‍ട്‌സ് കാറുകള്‍ വില്‍ക്കുകയും ചെയ്യും. 2022 രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പ്രവേശനം സംബന്ധിച്ച ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും.

ഏഷ്യ പസഫിക് മേഖലയില്‍ റീട്ടെയ്ല്‍ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മുംബൈയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഏഷ്യ പസഫിക് ആന്‍ഡ് ചൈന മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഹാരിസ് പറഞ്ഞു. ഇന്ത്യ പ്രധാന വിപണിയാണെന്നും തങ്ങളുടെ ആരാധകര്‍ക്കും ഉപയോക്താക്കള്‍ക്കും മുംബൈയിലെ ഷോറൂം വിരുന്നൊരുക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഏറ്റവും പുതിയ ഹൈ-പെര്‍ഫോമന്‍സ് ഹൈബ്രിഡ് സൂപ്പര്‍കാറായ ആര്‍ട്ടുറ വൈകാതെ ഇന്ത്യയിലെത്തുമെന്ന് പോള്‍ ഹാരിസ് ഉറപ്പുനല്‍കി.