Top Spec

The Top-Spec Automotive Web Portal in Malayalam

ഹോപ് ഓക്‌സോ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെപ്റ്റംബര്‍ 5 ന്

100 കിമീ ടോപ് സ്പീഡ് ലഭിക്കുമെന്ന അവകാശവാദത്തോടെ സ്ട്രീറ്റ്‌ഫൈറ്റര്‍ ഡിസൈനുമായി വരുന്ന പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ഹോപ് ഓക്‌സോ

ഹോപ് ഇലക്ട്രിക് മൊബിലിറ്റി തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഹോപ് ഓക്‌സോ സെപ്റ്റംബര്‍ 5 ന് വിപണിയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം മാര്‍ച്ചില്‍ പുതിയ മോഡല്‍ അനാവരണം ചെയ്തിരുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ ടോപ് സ്പീഡ് ലഭിക്കുമെന്ന അവകാശവാദത്തോടെ വരുന്ന പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ഹോപ് ഓക്‌സോ. സ്ട്രീറ്റ്‌ഫൈറ്റര്‍ രൂപകല്‍പ്പനയെ സാധൂകരിക്കുന്നതാണ് ഈ വേഗത.

മോട്ടോര്‍സൈക്കിളിന്റെ ടെക് സ്‌പെസിഫിക്കേഷനുകള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. വലിയ ബാറ്ററി പായ്ക്ക് ആയിരിക്കും ഹബ് മോട്ടോറിന് കരുത്തേകുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 100-150 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് അവകാശപ്പെടുന്നു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക്, പിന്നില്‍ ഇരട്ട ഷോക്കുകള്‍ എന്നിവ സവിശേഷതയാണ്. അതേസമയം ഇരു ചക്രങ്ങളിലും സിംഗിള്‍ ഡിസ്‌ക്കാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

ജയ്പൂര്‍, ജോധ്പൂര്‍, പട്‌ന, കൊല്‍ക്കത്ത ഉള്‍പ്പെടെ രാജ്യത്തെ ഇരുപത് നഗരങ്ങളിലായി 75,000 കിലോമീറ്റര്‍ റോഡ് ടെസ്റ്റിംഗ് ഇതിനകം വിജയകരമായി പൂര്‍ത്തിയാക്കി. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷനും നേടിക്കഴിഞ്ഞു. കമ്പനി വെബ്സൈറ്റില്‍ 999 രൂപ നല്‍കി ഇ-ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ 5,000 ബുക്കിംഗ് നേടാന്‍ ഹോപ് ഓക്‌സോ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് കഴിഞ്ഞു. ഏകദേശം 1.20 ലക്ഷം രൂപ എക്സ് ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിവോള്‍ട്ട് ആര്‍വി 400, ടോര്‍ക്ക് ക്രാറ്റോസ്, ഒബെന്‍ റോര്‍ തുടങ്ങിയ ഇലക്ട്രിക് ബൈക്കുകള്‍ എതിരാളികളായിരിക്കും.