കേരള എക്സ് ഷോറൂം വില 1,49,000 രൂപ മുതല്‍
ടിവിഎസ് റോണിന് കേരള വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളില്‍ സ്ക്രാംബ്ലര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. എസ്എസ് വേരിയന്റിന് 1,49,000 രൂപയും ഡിഎസ് വേരിയന്റിന് 1,56,500 രൂപയും ടിഡി വേരിയന്റിന് 1,68,750 രൂപയുമാണ് കേരള എക്സ് ഷോറൂം വില.

സ്ക്രാംബ്ലര്‍ സ്റ്റൈല്‍ രൂപകല്‍പ്പനയോടെയാണ് പുതിയ മോഡലായ ടിവിഎസ് റോണിന് വരുന്നത്. ഡേടൈം റണ്ണിംഗ് ലൈറ്റ് ചേര്‍ത്തുവെച്ച വൃത്താകൃതിയുള്ള ഹെഡ്ലൈറ്റ്, അസിമട്രിക്കലായി ഘടിപ്പിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയില്‍ ഇന്ധന ടാങ്ക്, കറുത്ത നിറമുള്ള എന്ജിന് കൗള്‍, സിംഗിള്‍ പീസ് സാഡില്‍, ഡുവല്‍ ടോണ്‍ ഫിനിഷുമായി സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ് എന്നിവ ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് ബന്ധിത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഫീച്ചറുകളാണ്. അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക്, രണ്ട് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകള്‍, ഡുവല്‍ ചാനല്‍ എബിഎസ് എന്നിവ മറ്റ് സവിശേഷതകളാണ്.
225.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ടിവിഎസ് റോണിന് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,750 ആര്‍പിഎമ്മില്‍ 20.1 ബിഎച്ച്പി കരുത്തും 3,750 ആര്‍പിഎമ്മില്‍ 19.93 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്സ് ഘടിപ്പിച്ചു.