Top Spec

The Top-Spec Automotive Web Portal in Malayalam

കൊച്ചിയില്‍ കിയ വക 240 കിലോവാട്ട് ഔര്‍ ചാര്‍ജര്‍

ഇഞ്ചിയോണ്‍ കിയ ഷോറൂമിലാണ് ഈ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ സ്ഥാപിച്ചത്

ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍ക്കായി രാജ്യത്തെ ഏറ്റവും വേഗതയേറിയ 240 കിലോവാട്ട് ഔര്‍ ചാര്‍ജര്‍ കൊച്ചിയില്‍ കിയ ഇന്ത്യ ഉദ്ഘാടനം ചെയ്തു. ആദ്യ ഡീലര്‍ഷിപ്പ് എന്ന ഖ്യാതിയോടെ കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയ ഷോറൂമിലാണ് ഈ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ ഇവി ഉടമകള്‍ക്കും അതിവേഗ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് രാജ്യമെങ്ങും ഫാസ്റ്റ് ചാര്‍ജര്‍ ശൃംഖല സജ്ജമാക്കുകയാണ് കിയ ഇന്ത്യ. ഉപയോക്താക്കള്‍ക്ക് പണം നല്‍കി കൊച്ചി ഡീലര്‍ഷിപ്പിലെ ഈ ചാര്‍ജിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. മറ്റ് ഒഇഎമ്മുകളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഈ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ പോയി ചാര്‍ജിംഗ് ആവശ്യകതകള്‍ നിറവേറ്റാം. ഇക്കഴിഞ്ഞ ജൂലൈയില്‍ ഗുരുഗ്രാമില്‍ 150 കിലോവാട്ട് ഔര്‍ ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ മുന്നേറ്റത്തിന്റെ ഭാഗമാകുന്നത് മാത്രമല്ല, ഇവി ഉടമസ്ഥത അഭിലഷണീയവും പ്രാപ്യവും സമഗ്രവുമാക്കുന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് കിയ ഇന്ത്യ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞു. തങ്ങളുടെ ഗ്ലോബല്‍ ബെസ്റ്റ് ഇവി എന്ന് വിശേഷിപ്പിക്കാവുന്ന കിയ ഇവി6 ഈ വര്‍ഷമാദ്യം ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കൊച്ചിയില്‍ 240 കിലോവാട്ട് ഔര്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ആരംഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ഇന്ത്യയുടെ മൊബിലിറ്റി വളര്‍ച്ചയില്‍ സംഭാവന ചെയ്യുന്നതിലും ശക്തമായ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നതിനാല്‍ കൊച്ചിയിലെ ഈ സംരംഭം പ്രധാനപ്പെട്ട നാഴികക്കല്ലാണ്. രാജ്യമെങ്ങുമുള്ള കിയ ഡീലര്‍ഷിപ്പുകളില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. ചാര്‍ജിംഗ് സമയത്തിന്റെ പ്രശ്‌നം ലഘൂകരിക്കുകയും സാധാരണയായി ഇവി ഉപയോക്താക്കള്‍ക്ക് ഉണ്ടാകുന്ന ആശങ്ക കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.