ഇലക്ട്രിക് ക്രോസ്ഓവര്‍ മോഡലിന് 59.95 ലക്ഷം മുതല്‍ 64.95 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില
കിയ ഇവി6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 59.95 ലക്ഷം മുതല്‍ 64.95 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് ക്രോസ്ഓവര്‍ മോഡലിന് എക്‌സ് ഷോറൂം വില.
ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം (ഇ-ജിഎംപി) അടിസ്ഥാനമാക്കിയതാണ് കിയ ഇവി6. അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ കൂടാതെ എല്‍ഇഡി ലൈറ്റ് ബാര്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ സഹിതം എല്‍ഇഡി ടെയില്‍ ലാംപുകള്‍ എന്നിവ ഇലക്ട്രിക് ക്രോസ്ഓവറിന് ലഭിച്ചു. 19 ഇഞ്ച് അലോയ് വീലുകളിലാണ് കാര്‍ ഓടുന്നത്.

12.3 ഇഞ്ച് വലുപ്പമുള്ള ഇരട്ട പനോരമിക് കര്‍വ്ഡ് ഡിസ്പ്ലേകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, 14 സ്പീക്കറുകള്‍ സഹിതം മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, ‘സീറോ ജി’ ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് സീറ്റുകള്‍, സ്റ്റോപ്പ് & ഗോ ഫംഗ്ഷണാലിറ്റി സഹിതം ക്രൂസ് കണ്‍ട്രോള്‍ എന്നിവ അകത്തെ വിശേഷങ്ങളാണ്.
പര്‍മനന്റ് മാഗ്‌നറ്റ് സിങ്ക്രണസ് മോട്ടോര്‍, 77.4 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് എന്നിവയോടെയാണ് കിയ ഇവി6 വരുന്നത്. ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച് ഒറ്റ പൂര്‍ണ ചാര്‍ജില്‍ പരമാവധി 528 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് ബാറ്ററി പായ്ക്ക്. വെറും 4.5 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. 350 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 18 മിനിറ്റിനുള്ളിലും 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 73 മിനിറ്റിനുള്ളിലും 10 മുതല്‍ 80 ശതമാനം വരെ ബാറ്ററി റീചാര്‍ജ് ചെയ്യാം.
ഇന്ത്യയില്‍ സിംഗിള്‍ മോട്ടോര്‍, ഡുവല്‍ മോട്ടോര്‍ വേരിയന്റുകളില്‍ കിയ ഇവി6 ലഭിക്കും. സിംഗിള്‍ മോട്ടോര്‍, റിയര്‍ വീല്‍ ഡ്രൈവ് വേരിയന്റ് 226 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റ് പുറപ്പെടുവിക്കുന്നത് 321 ബിഎച്ച്പി കരുത്തും 605 എന്‍എം ടോര്‍ക്കുമാണ്.