Top Spec

The Top-Spec Automotive Web Portal in Malayalam

അഞ്ച് വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിമീ വാറന്റിയുമായി ഔഡി ഇന്ത്യ

ഇന്ത്യയില്‍ ബിസിനസ് ആരംഭിച്ചതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് ഔഡി

ജൂണ്‍ ഒന്ന് മുതല്‍ വില്‍ക്കുന്ന എല്ലാ കാറുകള്‍ക്കും പുതിയ വാറന്റി പാക്കേജ് പ്രഖ്യാപിക്കുന്നതായി ഔഡി ഇന്ത്യ അറിയിച്ചു. അഞ്ച് വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി കവറേജാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയില്‍ ബിസിനസ് ആരംഭിച്ചതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് ഔഡി. ഈ നാഴികക്കല്ല് പിന്നിടുന്നതിന്റെ ഭാഗമായാണ് ആകര്‍ഷകമായ പുതിയ വാറന്റി പ്രോഗ്രാം പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ ഔഡി കാര്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് പുതിയ പ്ലാനിന്റെ പ്രയോജനം ലഭിക്കും. അഞ്ച് വര്‍ഷ കാലയളവില്‍ ഉണ്ടായേക്കാവുന്ന വാഹന ഘടകങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതും മാറ്റിസ്ഥാപിക്കുന്നതും പാക്കേജിന്റെ ഭാഗമാണ്.

പല വാഹന നിര്‍മാതാക്കളും കാര്‍ വില്‍ക്കുമ്പോള്‍ ഒന്ന്, രണ്ട് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ വാറന്റി സ്റ്റാന്‍ഡേഡായി നല്‍കുന്നതാണ് പതിവ്. അണ്‍ലിമിറ്റഡ് മൈലേജോടെ അഞ്ച് വര്‍ഷത്തെ വാറന്റി നല്‍കുന്ന ആദ്യ പ്രീമിയം ആഡംബര കാര്‍ നിര്‍മാതാക്കളാണ് തങ്ങളെന്ന് ഔഡി അവകാശപ്പെടുന്നു. ‘ഹ്യൂമന്‍ സെന്‍ട്രിസിറ്റി’ക്ക് പ്രാധാന്യം നല്‍കുന്ന ഔഡിയുടെ ‘സ്ട്രാറ്റജി 2025’ ന്റെ ഭാഗമാണ് പുതിയ വാറന്റി പാക്കേജ്.