Top Spec

The Top-Spec Automotive Web Portal in Malayalam

ടാറ്റയുടെ കിടിലോസ്‌കി; അവിന്യ ഇവി കണ്‍സെപ്റ്റ്

പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ 2025 ഓടെ അവതരിപ്പിക്കും

ടാറ്റ അവിന്യ ഇവി കണ്‍സെപ്റ്റ് അനാവരണം ചെയ്തു. ജെന്‍ 3 ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയാണ് ടാറ്റ അവിന്യ നിര്‍മിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സിന് കീഴിലെ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎംഎല്‍) വ്യക്തമാക്കി. സംസ്‌കൃത ഭാഷയില്‍ നിന്നാണ് ‘അവിന്യ’ പേര് സ്വീകരിച്ചത്.

കാറ്റമരനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ടാറ്റ അവിന്യ ഇവി കണ്‍സെപ്റ്റ്. എസ്‌യുവിയുടെ വൈദഗ്ധ്യവും എംപിവിയുടെ സ്ഥലസൗകര്യവും പുതിയ മോഡലില്‍ സമന്വയിക്കുന്നു. മുന്നില്‍, ഇരുവശത്ത് നിന്നുമായി തുടങ്ങുന്ന വലിയ ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ മധ്യഭാഗത്തെ ടാറ്റ ലോഗോയില്‍ അവസാനിക്കുന്നു. ഗ്രില്ലിനെ അനുകരിക്കുംവിധം രണ്ട് ഭാഗങ്ങളായി ബ്ലാക്ക് ഇന്‍സെര്‍ട്ടുകള്‍ നല്‍കി. ബോഡിയുടെ അതേ നിറമുള്ളതാണ് ബംപര്‍.

ബട്ടര്‍ഫ്‌ളൈ ഡോറുകള്‍, ഒആര്‍വിഎമ്മുകളായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍, കറുത്ത ബി പില്ലറുകള്‍, ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈന്‍, വലിയ അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ടെയില്‍ ഗേറ്റിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയായി എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ കാണാം. ബംപറില്‍ ബ്ലാക്ക് ഡിഫ്യൂസര്‍ നല്‍കി.

ബേഷ്, ബ്രൗണ്‍ നിറങ്ങളിലായി ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം, പനോരമിക് സണ്‍റൂഫ്, ഫ്‌ളോട്ടിംഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 2 സ്‌പോക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, ഡാഷ്ബോര്‍ഡിന്റെ മധ്യത്തിലായി സ്ഥാപിച്ച സൗണ്ട്ബാര്‍, രണ്ടാം നിര യാത്രക്കാര്‍ക്കായി മുന്‍ സീറ്റുകളുടെ വശങ്ങളില്‍ ഘടിപ്പിച്ച സ്പീക്കറുകള്‍, സെന്റര്‍ കണ്‍സോളില്‍ അരോമ ഡിഫ്യൂസര്‍ എന്നിവ അകത്തെ വിശേഷങ്ങളാണ്.

ടാറ്റ അവിന്യ കണ്‍സെപ്റ്റിന്റെ പവര്‍ട്രെയിന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൂടുതലായി ലഭ്യമല്ല. അതേസമയം, പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏറ്റവും കുറഞ്ഞത് 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി വ്യക്തമാക്കി. ചാര്‍ജ് ചെയ്യാന്‍ മുപ്പത് മിനിറ്റില്‍ താഴെ സമയം മതിയാകും. ടാറ്റ അവിന്യയുടെ പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ 2025 ഓടെ അവതരിപ്പിക്കും.