Top Spec

The Top-Spec Automotive Web Portal in Malayalam

വിജയവഴിയില്‍ മുന്നേറാന്‍ ഹോണ്ട സിറ്റി ഇ:എച്ച്ഇവി

ഡെല്‍ഹി എക്‌സ് ഷോറൂം വില 19.50 ലക്ഷം രൂപ

ഹോണ്ട സിറ്റി സെഡാന്റെ പ്യുവര്‍ ഹൈബ്രിഡ് വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 19.50 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫുള്ളി ലോഡഡ് സെഡ്എക്‌സ് വേരിയന്റില്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് ഹോണ്ട സിറ്റി പെട്രോള്‍ സിവിടി മോഡലിനേക്കാള്‍ 4-4.5 ലക്ഷം രൂപ കൂടുതലാണ്. ഹോണ്ട സിറ്റി ഹൈബ്രിഡുമായി സ്വന്തം സെഗ്മെന്റില്‍ നേരിട്ട് മല്‍സരിക്കാന്‍ ആരുമില്ല. ഉടന്‍ ഡെലിവറി ആരംഭിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു.

1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എന്‍ജിനാണ് ഹോണ്ട സിറ്റി ഇ:എച്ച്ഇവിയുടെ പ്രധാന പവര്‍ സ്രോതസ്സ്. പെട്രോള്‍ മോട്ടോര്‍ 96 ബിഎച്ച്പി, ട്രാക്ഷന്‍ മോട്ടോര്‍ 107 ബിഎച്ച്പി, ജനറേഷന്‍ മോട്ടോര്‍ 94 ബിഎച്ച്പി എന്നിങ്ങനെ ഉല്‍പ്പാദിപ്പിക്കും. ആകെ പരമാവധി 125 ബിഎച്ച്പി കരുത്തും 253 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇ-സിവിടി സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷനുമായി മോട്ടോറുകള്‍ ഘടിപ്പിച്ചു. സിറ്റി ഹൈബ്രിഡില്‍ 26.5 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.

കാഴ്ച്ചയില്‍, സ്റ്റാന്‍ഡേഡ് പതിപ്പിനേക്കാള്‍ ചെറിയ ചില സൗന്ദര്യവര്‍ധക മാറ്റങ്ങള്‍ ഹോണ്ട സിറ്റി ഹൈബ്രിഡ് വേര്‍ഷനില്‍ കാണാം. ഹൈബ്രിഡ് സ്വഭാവം ഉയര്‍ത്തിക്കാട്ടുന്നതിന് മുന്നിലെയും പിന്നിലെയും ലോഗോകള്‍ക്ക് നീല ബോര്‍ഡര്‍ നല്‍കി. ഫോഗ് ലാംപ് ഹൗസിംഗുകള്‍ക്ക് ക്ലോ ടൈപ്പ് ഡിസൈന്‍ ലഭിച്ചു. പിറകില്‍ ബൂട്ട് സ്പോയ്‌ലര്‍, കാര്‍ബണ്‍ ഫൈബര്‍ പാറ്റേണിലുള്ള ഡിഫ്യൂസര്‍ എന്നിവ നല്‍കി.

അകത്ത്, ഡുവല്‍ ടോണ്‍ ഐവറി, ബ്ലാക്ക് തീം സഹിതം ലെതററ്റ് അപ്‌ഹോള്‍സ്റ്ററി, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷനോടുകൂടി ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ കൂടാതെ ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് തുടങ്ങിയ അഡാസ് ഫീച്ചറുകളും നല്‍കി. ആറ് എയര്‍ബാഗുകള്‍, ലെയ്ന്‍ വാച്ച് ക്യാമറ, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പാസീവ് സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ടെലിമാറ്റിക്സിന്റെ കാര്യത്തില്‍, ‘ഹോണ്ട കണക്ട്’ ഇപ്പോള്‍ അലക്സ, ഗൂഗിള്‍ എന്നിവയുമായി പൊരുത്തപ്പെടും. കൂടാതെ റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, ഡോര്‍ ലോക്ക്/അണ്‍ലോക്ക്, എസി ഓണ്‍/ഓഫ് എന്നിങ്ങനെ മറ്റ് ഫംഗ്ഷനുകളും ലഭ്യമാണ്.