Top Spec

The Top-Spec Automotive Web Portal in Malayalam

2022 റെനോ ക്വിഡ് വിപണിയില്‍

എക്സ് ഷോറൂം വില 4.49 ലക്ഷം മുതല്‍ 5.83 ലക്ഷം രൂപ വരെ

2022 റെനോ ക്വിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.49 ലക്ഷം മുതല്‍ 5.83 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. 2015 ലാണ് റെനോ ക്വിഡ് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2019 ല്‍ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി. ഇപ്പോള്‍ റെനോ തങ്ങളുടെ ബെസ്റ്റ് സെല്ലിംഗ് കാര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. മാത്രമല്ല, പുതുതായി ആര്‍എക്‌സ്എല്‍ (ഒ) വേരിയന്റില്‍ കൂടി റെനോ ക്വിഡ് ലഭിക്കും. കൂടാതെ പുതിയ ചില കളര്‍ ഓപ്ഷനുകള്‍ ലഭ്യമായിരിക്കും. മാരുതി സുസുകി എസ്-പ്രസ്സോ, ഡാറ്റ്‌സണ്‍ റെഡി-ഗോ, ഹ്യുണ്ടായ് സാന്‍ട്രോ തുടങ്ങിയവയാണ് എതിരാളികള്‍.

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ ആര്‍എക്‌സ്എല്‍ (ഒ) വേരിയന്റ് ലഭ്യമാണ്. മാനുവല്‍ മാത്രമായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. ആര്‍എക്‌സ്ഇ എന്ന ബേസ് വേരിയന്റിനും ആര്‍എക്‌സ്എല്‍ എന്ന മിഡ് സ്‌പെക് വേരിയന്റിനും ഇടയിലായിരിക്കും പുതിയ വേരിയന്റിന് സ്ഥാനം. ഇതോടൊപ്പം ക്ലൈംബര്‍ എന്ന ടോപ് സ്‌പെക് വേരിയന്റ് കൂടി പരിഷ്‌കരിച്ചു. ക്ലൈംബര്‍ വേരിയന്റിന് പുതുതായി കറുത്ത റൂഫ് സഹിതം മെറ്റല്‍ മസ്റ്റര്‍ഡ്, ഐസ് കൂള്‍ വൈറ്റ് എന്നീ രണ്ട് പുതിയ ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ നല്‍കി. ക്ലൈംബര്‍ വേരിയന്റുകളുടെ അകത്ത് വൈറ്റ് ആക്സന്റുകളും പുതിയ ഡുവല്‍ ടോണ്‍ ഫ്‌ളെക്സ് വീലുകളും കാണാം.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സഹിതം 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവ റെനോ ക്വിഡ് ഹാച്ച്ബാക്കിന്റെ ഫീച്ചറുകളാണ്.

രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് റെനോ ക്വിഡ് വരുന്നത്. 0.8 ലിറ്റര്‍ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 54 എച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കുമാണ്. 5 സ്പീഡ് മാനുവല്‍ മാത്രമാണ് ഈ എന്‍ജിന്റെ ഗിയര്‍ബോക്സ് ഓപ്ഷന്‍. 1.0 ലിറ്റര്‍ എന്‍ജിന്‍ പരമാവധി 67 എച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍, എഎംടി എന്നിവയാണ് ഈ എന്‍ജിന്റെ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.