Top Spec

The Top-Spec Automotive Web Portal in Malayalam

ടാറ്റ അള്‍ട്രോസ് ഡിസിഎ വിപണിയില്‍

എക്‌സ് ഷോറൂം വില 8.10 ലക്ഷം രൂപ മുതല്‍

ടാറ്റ അള്‍ട്രോസ് ഡിസിഎ (ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.10 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. എക്‌സ്എംഎ പ്ലസ് ((8,09,900 രൂപ), എക്‌സ്ടിഎ (8,59,900 രൂപ), എക്‌സ്‌സെഡ്എ (9,09,900 രൂപ), എക്‌സ്‌സെഡ്എ (ഒ) (9,21,900 രൂപ), എക്‌സ്‌സെഡ്എ പ്ലസ് (9,59,900 രൂപ), എക്‌സ്ടിഎ ഡാര്‍ക്ക് (9,05,900 രൂപ), എക്‌സ്‌സെഡ്എ പ്ലസ് ഡാര്‍ക്ക് (9,89,900 രൂപ) എന്നീ ഏഴ് വേരിയന്റുകളില്‍ ഹാച്ച്ബാക്ക് ലഭിക്കും. ഓപ്പറ ബ്ലൂ (പുതിയത്), ഡൗണ്‍ടൗണ്‍ റെഡ്, അവന്യൂ വൈറ്റ്, ആര്‍ക്കേഡ് ഗ്രേ, ഹാര്‍ബര്‍ ബ്ലൂ, കോസ്‌മോ ഡാര്‍ക്ക് എന്നിവയാണ് ആറ് കളര്‍ ഓപ്ഷനുകള്‍.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് അള്‍ട്രോസ് ഓട്ടോമാറ്റിക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 85 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു.

സാധാരണ ഡിസിടിയെ അപേക്ഷിച്ച് 35 ശതമാനം കുറച്ച് ഘടകങ്ങള്‍ മാത്രമാണ് ടാറ്റ അള്‍ട്രോസിലെ ഡുവല്‍ ക്ലച്ച് യൂണിറ്റ് ഉപയോഗിക്കുന്നത്. സിംഗിള്‍ ലേഷാഫ്റ്റ് കൂടാതെ 20 ഗിയറുകള്‍ക്ക് പകരം പ്ലാനറ്ററി ഗിയര്‍ സിസ്റ്റം സഹിതം 13 ഗിയറുകള്‍ നല്‍കി. ഡ്രൈ ക്ലച്ചുകള്‍ ഒരുമിച്ച് നല്‍കുന്നത് ഒരുപക്ഷേ അമിതമായി ചൂടാകുമെന്നതിനാല്‍ വെറ്റ് ക്ലച്ചുകളാണ് ഡിസിഎ ഉപയോഗിക്കുന്നത്.

ടാറ്റ അള്‍ട്രോസ് ഡിസിഎയുടെ മറ്റൊരു സവിശേഷതയാണ് ഓട്ടോ പാര്‍ക്ക് ലോക്ക്. കാര്‍ പി മോഡില്‍ ഇടാന്‍ ഡ്രൈവര്‍ മറന്ന് പോവുകയാണെങ്കില്‍ വാഹനം നീങ്ങുന്നത് ഈ സംവിധാനം ഓട്ടോമാറ്റിക്കായി തടയും. സീറ്റ്‌ബെല്‍റ്റ്, പെഡല്‍ പൊസിഷനുകള്‍ എന്നിവ നിരീക്ഷിക്കുകയാണ് ഇതിനായി ചെയ്യുന്നത്.