Top Spec

The Top-Spec Automotive Web Portal in Malayalam

മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഇന്ത്യയില്‍

എക്സ് ഷോറൂം വില 47.20 ലക്ഷം രൂപ

മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 47.20 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പൂര്‍ണമായും നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഫുള്ളി ലോഡഡ് സിംഗിള്‍ വേരിയന്റില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, മിഡ്നൈറ്റ് ബ്ലാക്ക്, മൂണ്‍വാക്ക് ഗ്രേ, വൈറ്റ് സില്‍വര്‍ എന്നിവ നാല് കളര്‍ ഓപ്ഷനുകളാണ്. മിനി കൂപ്പര്‍ എസ്ഇ ഇവിയുടെ ബുക്കിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. ഇന്ത്യയ്ക്കായി വകയിരുത്തിയ എല്ലാ യൂണിറ്റുകളും ദിവസങ്ങള്‍ക്കുള്ളിലാണ് വിറ്റുതീര്‍ന്നത്. അടുത്ത മാസം ആദ്യ ബാച്ചിന്റെ ഡെലിവറി ആരംഭിക്കുന്ന സമയത്ത് ബുക്കിംഗ് പുനരാരംഭിക്കും.

32.6 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കാണ് മിനി കൂപ്പര്‍ എസ്ഇ ഇലക്ട്രിക് ഉപയോഗിക്കുന്നത്. പരമാവധി 181 ബിഎച്ച്പി കരുത്തും 270 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 7.3 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 150 കിലോമീറ്ററാണ് ടോപ് സ്പീഡ്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഡബ്ല്യുഎല്‍ടിപി സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് 270 കിലോമീറ്റര്‍ സഞ്ചരിക്കാം. കൂടെ ലഭിക്കുന്ന 11 കിലോവാട്ട് എസി വാള്‍ ബോക്‌സ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 0-80 ശതമാനം ചാര്‍ജ് ചെയ്യുന്നതിന് 2.5 മണിക്കൂര്‍ മതി. ഉപയോക്താക്കള്‍ക്ക് 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറും ഉപയോഗിക്കാന്‍ കഴിയും. ഇതുവഴി 36 മിനിറ്റിനുള്ളില്‍ 0-80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാം.

വൃത്താകൃതിയുള്ള എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പുതിയ ഗ്രില്‍, മുന്നിലും പിന്നിലും പുതുക്കിയ ബംപര്‍, കോണ്‍ട്രാസ്റ്റ് ബ്ലാക്ക് റൂഫ്, ഒആര്‍വിഎമ്മുകളിലും അലോയ് വീലുകളിലും മഞ്ഞ ആക്സന്റുകള്‍ എന്നിവ ലഭിച്ചു. 5.5 ഇഞ്ച് വലുപ്പത്തില്‍ കളേര്‍ഡ് എംഐഡി, ആപ്പിള്‍ കാര്‍പ്ലേ സഹിതം 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്പോര്‍ട്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഹാര്‍മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, നാപ്പ തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വളയം എന്നിവ അകത്തെ വിശേഷങ്ങളാണ്.