Top Spec

The Top-Spec Automotive Web Portal in Malayalam

ഫിസ്‌കര്‍ ഇന്‍ക് ഇന്ത്യയിലേക്ക്

ഫോക്സ്‌കോണുമായി സഹകരിച്ച് ഹൈദരാബാദില്‍ ആഗോള സാങ്കേതിക കേന്ദ്രം സ്ഥാപിക്കും. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡല്‍ ഓഷ്യന്‍ ആയിരിക്കും

പ്രശസ്ത അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മറ്റൊരു അമേരിക്കന്‍ ഇവി നിര്‍മാതാക്കളായ ഫിസ്‌കര്‍ ഇന്ത്യയിലെത്തുന്നു. തായ്‌വാനീസ് കരാര്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണുമായി സഹകരിച്ച് ഹൈദരാബാദില്‍ ആഗോള സാങ്കേതിക കേന്ദ്രം സ്ഥാപിക്കാനാണ് കാലിഫോര്‍ണിയ ആസ്ഥാനമായ ഫിസ്‌കര്‍ ഇന്‍ക് പദ്ധതിയിടുന്നത്. പ്രധാനമായും സോഫ്റ്റ്‌വെയര്‍ ടെക്നോളജി വികസനത്തിന് 300 എന്‍ജിനീയര്‍മാരെ കമ്പനി റിക്രൂട്ട് ചെയ്യും.

കാര്‍ ഡിസൈനറായ ഹെന്റിക് ഫിസ്‌കറാണ് ഫിസ്‌കര്‍ ഇന്‍ക് സ്ഥാപിച്ചത്. നിലവില്‍ ഓഷ്യന്‍ എന്ന ഇലക്ട്രിക് എസ്‌യുവി വിറ്റുവരുന്നു. 37,499 യുഎസ് ഡോളര്‍ മുതലാണ് ഈ മോഡലിന് വില. ഫിസ്‌കര്‍ ഇന്‍ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡല്‍ ഓഷ്യന്‍ ആയിരിക്കും. ഈ വര്‍ഷം നവംബറില്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് സൂചന.

സ്പോര്‍ട്ട്, അള്‍ട്രാ, എക്സ്ട്രീം എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഫിസ്‌കര്‍ ഓഷ്യന്‍ ലഭ്യമാണ്. സ്പോര്‍ട്ട് എന്ന ബേസ് വേരിയന്റില്‍ 271 ബിഎച്ച്പി മോട്ടോര്‍ നല്‍കിയപ്പോള്‍ എക്സ്ട്രീം എന്ന ടോപ് സ്പെക് വേരിയന്റിലെ ഇലക്ട്രിക് മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 542 ബിഎച്ച്പി കരുത്താണ്. ബേസ് വേരിയന്റിന് ഫ്രണ്ട്-വീല്‍ ഡ്രൈവ് സംവിധാനം നല്‍കി. എന്നാല്‍ ഇരട്ട മോട്ടോര്‍ സെറ്റപ്പിലാണ് അള്‍ട്രാ, എക്സ്ട്രീം വേരിയന്റുകള്‍ വരുന്നത്.

547 മുതല്‍ 563 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന നിക്കല്‍ മാംഗനീസ് കോബാള്‍ട്ട് ബാറ്ററിയാണ് ഫിസ്‌കര്‍ ഓഷ്യന്‍ ഉപയോഗിക്കുന്നത്. അതേസമയം ബേസ് വേരിയന്റില്‍ ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി നല്‍കി. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയും.

30,000 യുഎസ് ഡോളറില്‍ താഴെ വില വരുന്ന പിയര്‍ എന്ന വൈദ്യുത കാറിന്റെ പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ ഫിസ്‌കര്‍ ഇന്‍ക്. ‘പേഴ്സണല്‍ ഇലക്ട്രിക് ഓട്ടോമോട്ടീവ് റെവലൂഷന്‍’ എന്നതിന്റെ ചുരുക്കെഴുത്താണ് പിയര്‍. ഫിസ്‌കര്‍ പിയര്‍ ഇവി ഇന്ത്യയില്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ പത്ത് ലക്ഷം യൂണിറ്റ് നിര്‍മിക്കാന്‍ ശേഷിയുള്ളതായിരിക്കും പുതിയ ഫസിലിറ്റി.