യഥാക്രമം 6.09 ലക്ഷം രൂപയിലും 7.69 ലക്ഷം രൂപയിലുമാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്
ടിയാഗോ ഐസിഎന്‍ജി, ടിഗോര്‍ ഐസിഎന്‍ജി പുറത്തിറക്കി ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഐസിഎന്‍ജി സാങ്കേതികവിദ്യ അവതരിപ്പിച്ചു. യഥാക്രമം 6.09 ലക്ഷം രൂപയിലും 7.69 ലക്ഷം രൂപയിലുമാണ് ഇരു മോഡലുകളുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് (പ്രാരംഭ വില). ഇലക്ട്രിക് കാറുകള്‍ക്കൊപ്പം ഗ്രീന്‍ മൊബിലിറ്റി പദ്ധതികളുടെ വിപുലീകരണമാണ് പുതിയ ഐസിഎന്‍ജി സാങ്കേതികവിദ്യയിലൂടെ ടാറ്റ മോട്ടോഴ്സ് നടപ്പാക്കുന്നത്. ടിയാഗോ ഐസിഎന്‍ജി, ടിഗോര്‍ ഐസിഎന്‍ജി വകഭേദങ്ങള്‍ക്ക് അവയുടെ സ്റ്റാന്‍ഡേഡ് മോഡലുകളേക്കാള്‍ 89,000 രൂപയും 90,000 രൂപയും കൂടുതലാണ്. മാരുതി സുസുകി വാഗണ്‍ആര്‍ എസ്-സിഎന്‍ജി, ഈയിടെ പുറത്തിറക്കിയ മാരുതി സുസുകി സെലറിയോ എസ്-സിഎന്‍ജി, ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് മാഗ്‌ന സിഎന്‍ജി എന്നിവയാണ് ടാറ്റ ടിയാഗോ ഐസിഎന്‍ജിയുടെ എതിരാളികള്‍. അതേസമയം, ടിഗോര്‍ ഐസിഎന്‍ജിയുടെ ഏക എതിരാളി ഹ്യുണ്ടായ് ഓറ സിഎന്‍ജി ആണെന്ന് തോന്നുന്നു.
ടാറ്റ ഐസിഎന്‍ജി ലൈനപ്പിലെ രണ്ട് കാറുകളും 1.2 ലിറ്റര്‍ റെവോട്രോണ്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 72.4 ബിഎച്ച്പി കരുത്തും 3,000 ആര്‍പിഎമ്മില്‍ 95 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. അതായത്, ഈ മോഡലുകളുടെ പെട്രോള്‍ ഓണ്‍ലി വകഭേദങ്ങളേക്കാള്‍ 10 ബിഎച്ച്പി, 18 എന്‍എം കുറവ്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും ടാറ്റ ഐസിഎന്‍ജി കാറുകള്‍ ലഭിക്കുന്നത്. സിഎന്‍ജി കിറ്റിന്റെ അധിക ഭാരം കണക്കിലെടുത്ത് സസ്പെന്‍ഷന്‍ റീട്യൂണ്‍ ചെയ്യുമെന്ന് പറയപ്പെടുന്നു. ടിയാഗോ ഐസിഎന്‍ജി, ടിഗോര്‍ ഐസിഎന്‍ജി വകഭേദങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് യഥാക്രമം 168 എംഎം, 165 എംഎം എന്നിങ്ങനെയാണ്.
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഐസിഎന്‍ജി കാറുകള്‍ കഴിയുന്നത്ര സുരക്ഷിതമാക്കുന്നതിന് ധാരാളം സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി. ഉദാഹരണത്തിന്, ഇന്ധന ടാങ്കിന്റെ അടപ്പ് അടച്ചില്ലെങ്കില്‍ രണ്ട് കാറുകളുടെയും എന്‍ജിന്‍ ഓഫ് ചെയ്യപ്പെടും, സ്റ്റാര്‍ട്ടാകില്ല. രണ്ട് കാറുകളും സിഎന്‍ജി മോഡില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയും. കൂടാതെ ഏത് ഇന്ധനമാണോ കൂടുതല്‍ അളവില്‍ കാറിലുള്ളത്, അതിലേക്ക് എന്‍ജിന്‍ ഓട്ടോമാറ്റിക്കായി മാറും. ഐസിഎന്‍ജി സാങ്കേതികവിദ്യയ്ക്ക് ചോര്‍ച്ച കണ്ടെത്താനും കഴിയും. ആ സമയത്ത് ഓട്ടോമാറ്റിക്കായി പെട്രോളിലേക്ക് മാറും. ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, എബിഎസ്, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ രണ്ട് കാറുകളിലും തുടര്‍ന്നും ഉണ്ടായിരിക്കും.
ടാറ്റ ടിയാഗോ ഐസിഎന്‍ജി

‘മിഡ്നൈറ്റ് പ്ലം’ പെയിന്റ് സ്‌കീം കൂടാതെ ഗ്രില്ലിലെ ട്രൈ-ആരോ ഘടകങ്ങള്‍ക്ക് ക്രോം ഫിനിഷ് ലഭിച്ചു. ഐസിഎന്‍ജി ബാഡ്ജ് കൂടി കാണാം. പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7 ഇഞ്ച് ഹാര്‍മന്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പെട്രോളിനും സിഎന്‍ജിക്കും പ്രത്യേക റേഞ്ച് കാണിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എട്ട് സ്പീക്കറുകളോടെ സറൗണ്ട് സൗണ്ട് സിസ്റ്റം, കൂള്‍ഡ് ഗ്ലവ്ബോക്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിറകില്‍ പാര്‍ക്കിംഗ് ക്യാമറ, ഡുവല്‍ ടോണ്‍ ഇന്റീരിയര്‍, ഓട്ടോ ഫോള്‍ഡ് ഒആര്‍വിഎമ്മുകള്‍ തുടങ്ങിയവ ടിയാഗോ ഐസിഎന്‍ജി എക്‌സ്‌സെഡ് പ്ലസ് എന്ന ടോപ് സ്‌പെക് വേരിയന്റിന് ലഭിച്ചു. എക്‌സ്ഇ (6.09 ലക്ഷം), എക്‌സ്എം (6.39 ലക്ഷം), എക്‌സ്ടി (6.69 ലക്ഷം), എക്‌സ്‌സെഡ് പ്ലസ് (7.52 ലക്ഷം), എക്‌സ്‌സെഡ് പ്ലസ് ഡിടി (7.64 ലക്ഷം) എന്നീ അഞ്ച് വേരിയന്റുകളില്‍ ടിയാഗോ ഐസിഎന്‍ജി വാങ്ങാം (എല്ലാം ഡെല്‍ഹി എക്‌സ്-ഷോറൂം വില).
ടാറ്റ ടിഗോര്‍ ഐസിഎന്‍ജി

പെട്രോള്‍, ഇലക്ട്രിക് എന്നിവ കൂടാതെ ഇപ്പോള്‍ സിഎന്‍ജി വകഭേദത്തിലും എത്തിയതോടെ മൂന്നാം അവതാരമെടുത്തിരിക്കുകയാണ് ടാറ്റ ടിഗോര്‍. എക്‌സ്‌സെഡ് (7.69 ലക്ഷം), എക്‌സ്‌സെഡ് പ്ലസ് (8.29 ലക്ഷം), എക്‌സ്‌സെഡ് പ്ലസ് ഡിടി (8.41 ലക്ഷം) എന്നീ മൂന്ന് വേരിയന്റുകളില്‍ ടാറ്റ ടിഗോര്‍ ഐസിഎന്‍ജി ലഭിക്കും. 7 ഇഞ്ച് ഹാര്‍മന്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് സ്പീക്കറുകളോടെ സറൗണ്ട് സൗണ്ട് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോഫോള്‍ഡ് ഒആര്‍വിഎമ്മുകള്‍, ഡുവല്‍-ടോണ്‍ പെയിന്റ് ഓപ്ഷനുകള്‍, ഡുവല്‍-ടോണ്‍ ഇന്റീരിയര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലവ്‌ബോക്‌സ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ടിഗോര്‍ ഐസിഎന്‍ജി എക്‌സ്‌സെഡ് പ്ലസ്, ടിയാഗോ ഐസിഎന്‍ജി എക്‌സ്‌സെഡ് പ്ലസ് മോഡലുകള്‍ പങ്കുവെയ്ക്കുന്ന ചില ഫീച്ചറുകളാണ്. കൂടാതെ റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവ ടിഗോര്‍ ഐസിഎന്‍ജി എക്‌സ്‌സെഡ് പ്ലസ് വേരിയന്റിന് അധികമായി ലഭിച്ചു.