Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ ബാറ്ററി സ്വാപ്പിംഗ് നയം ഉടന്‍: നിര്‍മല സീതാരാമന്‍

പുതിയ ബാറ്ററി സ്വാപ്പിംഗ് നയം, പൊതുഗതാഗതത്തിന് ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധ മേഖലയിലെ വാഹനങ്ങളുടെ ഘടകങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി എന്നിവ കേന്ദ്ര ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളാണ്

വാഹന വ്യവസായം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചൊവ്വാഴ്ച്ച ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ്. ഓട്ടോമൊബൈല്‍ മേഖലയ്ക്ക് ബജറ്റ് വലിയ ആശ്വാസം നല്‍കിയില്ലെങ്കിലും മറ്റ് ചില മേഖലകളിലേക്ക് വാഹന നിര്‍മാതാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ് 2022-23 വര്‍ഷത്തെ കേന്ദ്ര ബജറ്റ്. പുതിയ ബാറ്ററി സ്വാപ്പിംഗ് നയം, പൊതുഗതാഗതത്തിന് ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധ മേഖലയിലെ വാഹനങ്ങളുടെ ഘടകങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി എന്നിവ ശ്രദ്ധേയ പ്രഖ്യാപനങ്ങളാണ്.

വാഹന മേഖലയുമായി ബന്ധപ്പെട്ട് ഒരുപക്ഷേ ധനമന്ത്രി നടത്തിയ ഏറ്റവും വലിയ പ്രഖ്യാപനം പുതിയ ബാറ്ററി സ്വാപ്പിംഗ് നയമാണ്. പ്രമുഖ ഇവി നിര്‍മാതാക്കള്‍, ഒഇഎമ്മുകള്‍, ചാര്‍ജിംഗ് ഇന്‍ഫ്രാ കമ്പനികള്‍ എന്നിവര്‍ രാജ്യത്ത് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ വേഗം ഇനി വര്‍ധിക്കും. ഐസിഇ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് രാജ്യത്തെ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതായിരിക്കും പുതിയ ബാറ്ററി സ്വാപ്പിംഗ് നയം.

വാണിജ്യ വാഹന മേഖലയില്‍ ക്ലീന്‍ & ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പൊതുഗതാഗതത്തിനായി ഇലക്ട്രിക് ബസുകളും ഇലക്ട്രിക് വാണിജ്യ വാഹനങ്ങളും നിര്‍മിക്കുന്നതിന് ഓട്ടോ കമ്പനികളെ പ്രേരിപ്പിക്കുന്നതാണ് ഈ പ്രഖ്യാപനം. ഇതുവഴി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയും. ബാറ്ററി വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് തീര്‍ച്ചയായും കുറവാണ്. മാത്രമല്ല, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയും.

രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ വാഹനങ്ങള്‍ക്കായി വിവിധ വാഹന ഘടകങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് ഇനി മുതല്‍ സ്വകാര്യ വാഹന നിര്‍മാതാക്കള്‍ക്ക് ബിഡ്ഡുകള്‍ സമര്‍പ്പിക്കാം. നിര്‍മല സീതാരാമന്‍ നടത്തിയ മറ്റൊരു വലിയ പ്രഖ്യാപനമാണിത്. ഈ തീരുമാനം വാഹന ഘടക നിര്‍മാതാക്കള്‍ക്ക് പുതിയ വരുമാന മാര്‍ഗവും വളര്‍ച്ചാ മേഖലയും സൃഷ്ടിക്കും. ഇതുവരെ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കാര്‍ നിര്‍മാതാക്കള്‍ സായുധ സേനയ്ക്ക് വിവിധ ഉല്‍പ്പന്നങ്ങള്‍ വിജയകരമായി ഡെലിവറി ചെയ്തിരുന്നു.

അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും ജനങ്ങളുടെ സഞ്ചാരത്തിനും ചരക്കുനീക്കത്തിനുമായി 20,000 കോടി രൂപ വകയിരുത്തിയ പ്രഖ്യാപനവും ശ്രദ്ധ പിടിച്ചുപറ്റി. 2022-23 ല്‍ ദേശീയ പാത ശൃംഖല 25,000 കിലോമീറ്റര്‍ വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. രാജ്യത്തെ റോഡുകളുടെ സ്ഥിതി മെച്ചപ്പെടുന്നതിനും അതുവഴി മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയ്ക്കും മികച്ച ഇന്ധനക്ഷമതയ്ക്കും കാരണമാകും. മാത്രമല്ല, നവീകരിച്ച റോഡുകള്‍ വാഹനങ്ങള്‍ക്ക് ഗുണകരമാകുകയും റിപ്പയര്‍ ചെലവുകള്‍ കുറയ്ക്കുകയും ചെയ്യും.

വാണിജ്യ വാഹന നിര്‍മാതാക്കള്‍ക്ക് വലിയ ഉത്തേജനമാകുംവിധം സിവി സെഗ്‌മെന്റില്‍ പുതിയ വാണിജ്യ വാഹനങ്ങള്‍ക്കായി ഡിമാന്‍ഡ് സൃഷ്ടിക്കും. കാര്‍ഷിക മേഖലയെ സഹായിക്കുന്നതിന് 2.73 ലക്ഷം കോടി രൂപയുടെ കുറഞ്ഞ താങ്ങുവിലയും മറ്റ് ആനുകൂല്യങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചു. ഗ്രാമീണ ഇന്ത്യയില്‍ വാഹനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതിന് പ്രഖ്യാപനം സഹായിച്ചേക്കും. ഇരുചക്രവാഹനങ്ങളുടെയും എന്‍ട്രി ലെവല്‍ കാറുകളുടെയും വില്‍പ്പനയുടെ വലിയൊരു ഭാഗം ഗ്രാമീണ മേഖലകളിലാണ്.