ഗ്ലൈഡ് എസ്എക്സ്, ഗ്ലൈഡ് എസ്എക്സ് പ്ലസ് എന്നീ രണ്ട് മോഡലുകളാണ് അവതരിപ്പിച്ചത്
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വ്യവസായത്തിലെ മുന്‍നിരക്കാരായ ഏര്‍ത്ത് എനര്‍ജി ഇവി, ഗ്ലൈഡ് എസ്എക്സ്, ഗ്ലൈഡ് എസ്എക്സ് പ്ലസ് എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. 75,000 രൂപ മുതലാണ് പ്രതീക്ഷിക്കുന്ന വില. ജനുവരി ഒന്നിന് സ്‌കൂട്ടറുകളുടെ ആദ്യ ബാച്ച് വിപണിയിലെത്തും. 460 എണ്ണമായിരിക്കും ആദ്യം പുറത്തിറക്കുന്നത്.
രണ്ട് മോഡലുകളും 97 ശതമാനം തദ്ദേശീയ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണ്. ഇരു സ്‌കൂട്ടറുകളുടെയും പ്രകടനം മികച്ചതാണെന്ന് ഏര്‍ത്ത് എനര്‍ജി സ്ഥാപകനും സിഇഒയുമായ റുഷില്‍ സെന്‍ഘാനി പ്രസ്താവിച്ചു. ഏഴ് ലക്ഷം കിലോമീറ്ററുകളാണ് ഈ സ്‌കൂട്ടറുകള്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. സ്പെയര്‍ പാര്‍ട്ടുകളുടെ ലഭ്യത കമ്പനി ഉറപ്പ് നല്‍കുന്നു. പരിപാലന ചെലവ് കുറവായിരിക്കും.

മുംബൈ ആസ്ഥാനമായി 2017 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഓട്ടോമോട്ടീവ് സ്റ്റാര്‍ട്ടപ്പാണ് ഏര്‍ത്ത് എനര്‍ജി ഇവി. മഹാരാഷ്ട്രയില്‍ 20,000 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്നതാണ് ഉല്‍പ്പാദന പ്ലാന്റ്. വിവിധ സര്‍ക്കാരുകളും സ്വകാര്യ വ്യക്തികളും കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനാല്‍ ചാര്‍ജിംഗ് ഒരു പ്രശ്നമായി മാറില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ ഇതിനകം വിതരണക്കാരെ നിയമിച്ചു. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ വികസിപ്പിക്കുന്ന ഗവേഷണത്തിനാണ് ഏര്‍ത്ത് എനര്‍ജി ഇവി ഊന്നല്‍ നല്‍കിയത്.