Top Spec

The Top-Spec Automotive Web Portal in Malayalam

വന്‍ സ്വപ്‌നങ്ങളുമായി മലയാളിയുടെ ‘വാന്‍’

പരിസ്ഥിതി സൗഹൃദ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പിന് നേതൃത്വം നല്‍കുന്നത് മലയാളി സംരംഭകനായ ജിത്തു സുകുമാരന്‍ നായര്‍

ഇന്ത്യന്‍ ലൈഫ്‌സ്റ്റൈല്‍ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പുമായി മലയാളി സംരംഭകനായ ജിത്തു സുകുമാരന്‍ നായര്‍. ഈയിടെ ഇറ്റലിയില്‍ സമാപിച്ച ഐക്മയില്‍ (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) ‘വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ്’ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. ഇത്തരത്തില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പാണ് വാന്‍ (വിഎഎഎന്‍). ഇന്ത്യയില്‍ ബ്രാന്‍ഡ് ലോഞ്ചിനായി തയ്യാറെടുക്കുകയാണ് കമ്പനി. ആഗോള വിപണിയില്‍ ഇന്ത്യയില്‍ നിന്ന് ഉന്നത നിലവാരമുള്ള ഇ-മൊബിലിറ്റി ബ്രാന്‍ഡായി മാറുകയാണ് ലക്ഷ്യം. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും അംഗീകാരം ലഭിച്ച കമ്പനി കൂടിയാണ് വാന്‍.

വാന്‍ ഇ-മൊബിലിറ്റിയുടെ സ്ഥാപകനും സിഇഒ സ്ഥാനം വഹിക്കുന്നതും മലയാളിയായ ജിത്തു സുകുമാരന്‍ നായരാണ്. സിംഗപ്പൂരില്‍ അള്‍ട്രാഡീപ് സബ്സി കമ്പനിയില്‍ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഡിസൈന്‍ വിഭാഗം ജനറല്‍ മാനേജരായി ജോലി ചെയ്യുമ്പോഴാണ് വാന്‍ എന്ന സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിട്ടത്. ഇ-ബൈക്കുകള്‍, ഇ-മോപ്പഡ്, ഇ-സ്‌കൂട്ടര്‍, ഇ-ബോട്ട് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കമ്പനി വിപണിയിലെത്തിക്കും.

ഓസ്ട്രിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെടിഎമ്മിന്റെ ഭാഗമായ കിസ്‌കയാണ് കമ്പനിയുടെ ബ്രാന്‍ഡിംഗ് നടത്തുന്നത്. ഇതോടൊപ്പം ഉല്‍പ്പന്ന വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കിസ്‌ക കൈകാര്യം ചെയ്യും. ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബെനെല്ലിയുമായി വാനിന് സാങ്കേതിക പങ്കാളിത്തവുമുണ്ട്. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഇ-ബൈക്കുകള്‍, കുട്ടികള്‍ക്കുള്ള സൂപ്പര്‍ ബൈക്ക്, വസ്ത്രങ്ങള്‍ എന്നിവ വിപണിയിലെത്തിക്കുമെന്ന് സിഇഒ ജിത്തു സുകുമാരന്‍ നായര്‍ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരായി, മനസ്സില്‍ യുവത്വം കാത്തുസൂക്ഷിക്കുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് വാന്‍ ആഗ്രഹിക്കുന്നത്. ആഗോളതലത്തില്‍ സ്വാധീനശക്തിയാകാന്‍ കഴിയുന്ന ബ്രാന്‍ഡായി മാറുകയാണ് ലക്ഷ്യം. തദ്ദേശീയ സംരംഭം ആണെങ്കിലും ആഗോള വിപണി കൂടി മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് ജിത്തു സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ദക്ഷിണേന്ത്യയില്‍ കമ്പനിയുടെ വികസന കേന്ദ്രങ്ങളും നിര്‍മാണ സൗകര്യങ്ങളും ഉടന്‍ സ്ഥാപിക്കും. വാനിന്റെ അസംബ്ലിംഗ് യൂണിറ്റ് നിലവില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്നു. ബ്രാന്‍ഡ് ലോഞ്ചിന് പിന്നാലെ വൈവിധ്യമാര്‍ന്ന ഇ-മൊബിലിറ്റി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.