Top Spec

The Top-Spec Automotive Web Portal in Malayalam

ഇതുവരെ വിറ്റത് ഒരു ലക്ഷം ടാറ്റ സ്റ്റാര്‍ബസ്

സ്റ്റാഫ് ഗതാഗതം, സ്‌കൂള്‍ ഗതാഗതം, പൊതുഗതാഗതം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാന്‍ കഴിയുന്നതാണ് സ്റ്റാര്‍ബസിന്റെ പ്ലാറ്റ്‌ഫോം

പുതിയ നാഴികക്കല്ല് താണ്ടി ടാറ്റ സ്റ്റാര്‍ബസ്. ഇന്ത്യയില്‍ ഇതുവരെയായി ഒരു ലക്ഷം യൂണിറ്റ് സ്റ്റാര്‍ബസ് വില്‍ക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞു. സ്റ്റാഫ് ഗതാഗതം, സ്‌കൂള്‍ ഗതാഗതം, പൊതുഗതാഗതം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാന്‍ കഴിയുന്നതാണ് സ്റ്റാര്‍ബസിന്റെ പ്ലാറ്റ്‌ഫോം. ഇലക്ട്രിക് വാഹനമായും ടാറ്റ സ്റ്റാര്‍ബസ് ലഭ്യമാണ്. ഉടമസ്ഥതാ ചെലവുകള്‍ കുറവാണെന്നതിനാല്‍ നിരവധി ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ ഇലക്ട്രിക് സ്റ്റാര്‍ബസ് തെരഞ്ഞെടുക്കുന്നു.

ഇന്ത്യയില്‍ ഒരു ഒഇഎം നിര്‍മിച്ച ബസ് കണ്‍സെപ്റ്റ് എന്ന വിശേഷണത്തോടെയാണ് ടാറ്റ സ്റ്റാര്‍ബസ് വിപണിയിലെത്തിയത്. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ബോഡിബില്‍ഡിംഗ് അറിവ് മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയതിലൂടെ സ്റ്റാര്‍ബസിന്റെ ബോഡി, മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ എന്നിവ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുകയും ഫ്‌ളീറ്റ് ഉടമകള്‍ക്ക് വരുമാന സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കര്‍ണ്ണാടക ധാര്‍വാഡിലെ ടാറ്റ പ്ലാന്റില്‍ നിര്‍മിച്ച സ്റ്റാര്‍ബസിന്റെ പ്ലാറ്റ്‌ഫോം വര്‍ഷങ്ങളായി നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ നിരത്തുകളില്‍ ഒരു ലക്ഷം സ്റ്റാര്‍ബസ് എന്ന സുപ്രധാന നാഴികക്കല്ല് പിന്നിടുന്നത് അഭിമാന നിമിഷമാണെന്നും ഉപയോക്താക്കള്‍ നല്‍കുന്ന സാക്ഷ്യപത്രമാണ് ഇതെന്നും ടാറ്റ മോട്ടോഴ്സ് പ്രൊഡക്റ്റ് ലൈന്‍-ബസ്സസ് വിഭാഗം വൈസ് പ്രസിഡന്റ് രോഹിത് ശ്രീവാസ്തവ പറഞ്ഞു. സ്റ്റാഫ് ഗതാഗതം, സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കുന്ന സ്‌കൂള്‍ ബസ് എന്നീ നിലകളില്‍ ആഡംബര യാത്രാ അനുഭവം സമ്മാനിക്കുന്നതാണ് ബസ് വ്യവസായത്തിലെ ബഹുമുഖ പ്രതിഭയായ ടാറ്റ സ്റ്റാര്‍ബസ്. വാണിജ്യ വാഹന വ്യവസായത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളിലൊന്നായി ടാറ്റ സ്റ്റാര്‍ബസ് മാറിയിരിക്കുന്നു. മാത്രമല്ല, ഇന്ത്യയുടെ ഗതാഗത മേഖലയിലെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.