Top Spec

The Top-Spec Automotive Web Portal in Malayalam

അടിമുടി മാറി പുതിയ ടാറ്റ ടിഗോര്‍ ഇവി

പരിഷ്‌കരിച്ച സ്റ്റൈലിംഗ്, പുതിയ ഫീച്ചറുകള്‍, സിപ്ട്രോണ്‍ പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യ എന്നിവയോടെയാണ് 2021 ടിഗോര്‍ ഇവി വരുന്നത്

പുതിയ ടാറ്റ ടിഗോര്‍ ഇവി ഈയിടെ അനാവരണം ചെയ്തു. പരിഷ്‌കരിച്ച സ്റ്റൈലിംഗ്, പുതിയ ഫീച്ചറുകള്‍, ടാറ്റ മോട്ടോഴ്സിന്റെ പുതിയ സിപ്ട്രോണ്‍ ഇവി പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യ എന്നിവയോടെയാണ് 2021 ടിഗോര്‍ ഇവി വരുന്നത്. ഫ്ളീറ്റ് സെഗ്മെന്റിനായി ടിഗോര്‍ ഇവിയുടെ പുതുക്കിയ വേര്‍ഷന്‍ നേരത്തെ അനാവരണം ചെയ്തിരുന്നു. എക്സ് പ്രസ് ടി ഇവി എന്ന പേരിലാണ് ഈ പതിപ്പ് വിപണിയിലെത്തിച്ചത്. പേഴ്സണല്‍ മൊബിലിറ്റി ആവശ്യങ്ങള്‍ക്കും ഈ മോഡല്‍ ലഭ്യമാണ്. സ്വകാര്യ കാര്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ടിഗോര്‍ ഇവി അവതരിപ്പിക്കുന്നത്. കാഴ്ച്ചയില്‍, പെട്രോള്‍ കരുത്തേകുന്ന ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റ് അടിസ്ഥാനമാക്കിയാണ് പുതിയ ടിഗോര്‍ ഇവി നിര്‍മിച്ചിരിക്കുന്നത്.

എക്സ് പ്രസ് ടി ഇവിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാഴ്ച്ചയില്‍ ടാറ്റ ടിഗോര്‍ ഇവി വളരെ വ്യത്യസ്തമല്ല. ഗ്രില്ലിന്റെ സ്ഥാനത്ത് പുതുതായി ഗ്ലോസി ബ്ലാക്ക് പാനല്‍, പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റുകള്‍, ബ്ലൂ സ്ലാറ്റ് എന്നിവ കാണാം. വിസ്തൃതമായ ഇന്‍ടേക്കുകള്‍ സഹിതം പുതിയ ബംപര്‍, പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍ (ഡിആര്‍എല്‍) ചേര്‍ത്തുവെച്ച പുതിയ തിരശ്ചീന ഫോഗ് ലാംപുകള്‍ എന്നിവയും ലഭിച്ചു. കൂടുതല്‍ നീല ആക്സന്റുകള്‍ സഹിതം പുതിയ അലോയ് വീലുകളും പുതുക്കിയ ടെയ്ല്‍ലൈറ്റുകളും നല്‍കി.

അകത്ത്, കൂടുതല്‍ നീല ആക്സന്റുകള്‍ ഉപയോഗിച്ചു. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഹാര്‍മന്‍ ഓഡിയോ സിസ്റ്റം, മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം, സീറ്റുകളില്‍ പ്രീമിയം അപോള്‍സ്റ്ററി എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം ‘ഐറ’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു. ഇരട്ട എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓപ്ഷണല്‍ റിയര്‍ പാര്‍ക്കിംഗ് കാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങി ആവശ്യമായ എല്ലാ സുരക്ഷാ ഫീച്ചറുകളും ലഭിച്ചു.

സിപ്ട്രോണ്‍ പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യ നല്‍കിയ എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഐപി 67 സര്‍ട്ടിഫിക്കേഷനോടുകൂടിയ ലിഥിയം അയണ്‍ ബാറ്ററിയും എട്ട് വര്‍ഷ വാറന്റിയും ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, സിപ്‌ട്രോണ്‍ കരുത്തേകുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും സിംഗിള്‍ ചാര്‍ജില്‍ 250 കിലോമീറ്ററിന് മുകളില്‍ റേഞ്ച് ലഭിക്കും. ഇന്ത്യന്‍ ഡ്രൈവിംഗ് സൈക്കിള്‍ (ഐഡിസി) അനുസരിച്ച് ടിഗോര്‍ ഇവിയിലും ഇതേ ഡ്രൈവിംഗ് റേഞ്ച് ലഭ്യമായിരിക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 26 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയും പുതിയ പര്‍മനന്റ് മാഗ്നറ്റ് സിങ്ക്രണസ് ഇലക്ട്രിക് മോട്ടോറുമാണ് ടിഗോര്‍ ഇവി ഉപയോഗിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 55 കിലോവാട്ട് കരുത്തും 170 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.