Top Spec

The Top-Spec Automotive Web Portal in Malayalam

ഓസ്ട്രിയന്‍ മോട്ടോജിപിയില്‍ ബ്രാഡ് ബിന്‍ഡര്‍

അവസാന ലാപ്പുകളില്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങിയതോടെ ബൈക്ക് മാറ്റാതിരിക്കാന്‍ തീരുമാനിച്ച ബിന്‍ഡറിനൊപ്പമാണ് വിജയം നിന്നത്

ഞായറാഴ്ച്ച നടന്ന ഓസ്ട്രിയന്‍ മോട്ടോജിപിയില്‍ ദക്ഷിണാഫ്രിക്കയുടെ കെടിഎം റേസര്‍ ബ്രാഡ് ബിന്‍ഡറിന് ജയം. അവസാന ലാപ്പുകളില്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങിയതോടെ ബൈക്ക് മാറ്റാതിരിക്കാന്‍ തീരുമാനിച്ച ബിന്‍ഡറിനൊപ്പമാണ് വിജയം നിന്നത്. എതിരാളികള്‍ ബൈക്കുകള്‍ മാറ്റാന്‍ പിറ്റ് ലെയ്‌നിലേക്ക് ഓടിക്കയറിയപ്പോള്‍ സ്ലിക്ക് ടയറുകളുമായി ട്രാക്കില്‍ മുന്നേറിയ ബ്രാഡ് ബിന്‍ഡര്‍ കരിയറിലെ രണ്ടാമത്തെ മോട്ടോജിപി ജയം സ്വന്തമാക്കി.

ഏകദേശം പത്ത് സെക്കന്‍ഡ് പിറകില്‍ ഓടിയെത്തിയ ഇറ്റലിയുടെ ഡുകാറ്റി താരമായ ഫ്രാന്‍സെസ്‌കോ ബാഗ്‌നയ രണ്ടാം സ്ഥാനവും സ്പാനിഷ് റേസറും ഡുകാറ്റി പ്രമാക് താരവുമായ ജോര്‍ജ് മാര്‍ട്ടിന്‍ മൂന്നാം സ്ഥാനവും നേടി പോഡിയത്തില്‍ കയറിനിന്നു. സുസുകിയുടെ സ്പാനിഷ് താരം ജൊവാന്‍ മിര്‍ നാലാമതായി ഓടിയെത്തി. ഇറ്റാലിയുടെ ലൂക്ക മരീനി (ഡുകാറ്റി അവിന്റ്യ) അഞ്ചാമതും സ്പാനിഷ് താരം ഐക്കര്‍ ലെകൂണ (കെടിഎം ടെക് 3) ആറാമതും ഫിനിഷ് ചെയ്തു.

ഫ്രഞ്ചുകാരനായ യമഹ റേസര്‍ ഫാബിയോ ക്വാര്‍ട്ടരാരോ ഏഴാം സ്ഥാനം മാത്രമാണ് നേടിയത്. എങ്കിലും ചാമ്പ്യന്‍ഷിപ്പിലെ ലീഡ് വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടാമതായി മുന്നേറിയിരുന്ന സ്വന്തം നാട്ടുകാരനായ ഡുകാറ്റി പ്രമാക് റേസര്‍ ജൊഹാന്‍ സാര്‍ക്കോ വീണുപോയതിന്റെ പ്രയോജനം ക്വാര്‍ട്ടരാരോയ്ക്ക് ലഭിച്ചു. ഇതോടെ ഈ സീസണില്‍ ജൊഹാന്‍ സാര്‍ക്കോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഈ സീസണ്‍ അവസാനിക്കുന്നതോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച വെറ്ററന്‍ താരം വലന്റീനോ റോസി (യമഹ എസ്ആര്‍ടി) എട്ടാം സ്ഥാനമാണ് നേടിയത്. ആറ് തവണ ലോക ചാമ്പ്യനായ മാര്‍ക്ക് മാര്‍ക്വേസിന് (ഹോണ്ട) പതിനഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അടുത്ത റൗണ്ട് ഓഗസ്റ്റ് 29 ന് ഗ്രേറ്റ് ബ്രിട്ടണിലെ സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കും.