Top Spec

The Top-Spec Automotive Web Portal in Malayalam

മീശ പിരിച്ച് പുതിയ ഹോണ്ട അമേസ്

ഡെല്‍ഹി എക്‌സ് ഷോറൂം വില 6.32 ലക്ഷം മുതല്‍ 11.15 ലക്ഷം രൂപ വരെ

2021 ഹോണ്ട അമേസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡെല്‍ഹി എക്‌സ് ഷോറൂം വില 6.32 ലക്ഷം മുതല്‍ 11.15 ലക്ഷം രൂപ വരെയാണ്. 2018 ല്‍ അവതരിപ്പിച്ച രണ്ടാം തലമുറ അമേസിന്റെ ആദ്യ മിഡ് ലൈഫ് ഫേസ്‌ലിഫ്റ്റാണ് വിപണിയിലെത്തിച്ചത്. നിരവധി സ്‌റ്റൈലിംഗ് മാറ്റങ്ങള്‍ കൂടാതെ പുതിയതും പരിഷ്‌കരിച്ചതുമായ ഫീച്ചറുകള്‍ നല്‍കിയുമാണ് പുതിയ അമേസ് പുറത്തിറക്കിയത്. ഇ, എസ്, വിഎക്‌സ് എന്നീ മൂന്ന് പ്രധാന വേരിയന്റുകളില്‍ തുടര്‍ന്നും ലഭിക്കും. മൂന്ന് ട്രിമ്മുകള്‍ക്കും സിവിടി ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭ്യമാണ്. എസ്, വിഎക്‌സ് എന്നീ രണ്ട് സിവിടി ഓട്ടോമാറ്റിക് വേരിയന്റുകളില്‍ പെട്രോള്‍ വേര്‍ഷന്‍ തുടര്‍ന്നും ലഭിക്കും. അതേസമയം വിഎക്‌സ് വേരിയന്റില്‍ മാത്രമായിരിക്കും തല്‍ക്കാലം ഡീസല്‍ സിവിടി ഓപ്ഷന്‍ വാങ്ങാന്‍ കഴിയുന്നത്.

കാഴ്ച്ചയില്‍, മിക്ക പഴയ ഡിസൈന്‍ ഘടകങ്ങളും 2021 ഹോണ്ട അമേസ് നിലനിര്‍ത്തുന്നു. അതേസമയം പുതിയ ക്രോം സ്ലാറ്റ് സഹിതം പരിഷ്‌കരിച്ച ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍ സഹിതം പുതിയ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, പുതിയ എല്‍ഇഡി ഫോഗ്‌ലാംപുകള്‍ എന്നിവ ഉള്‍പ്പെടെ ഏതാനും പ്രീമിയം എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍ കാണാം. ഹാലൊജന്‍ ലൈറ്റുകള്‍ മാത്രമാണ് വിപണി വിടുന്ന അമേസ് ഉപയോഗിച്ചിരുന്നത്. പുതിയ ഡുവല്‍ ടോണ്‍ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ലഭിച്ചതാണ് ഇപ്പോള്‍ ടോപ് സ്‌പെക് വേരിയന്റ്. ഇതോടെ പ്രീമിയത്വം അല്‍പ്പം വര്‍ധിച്ചു. എല്‍ഇഡി ലൈറ്റുകള്‍ ലഭിച്ചതാണ് ഇപ്പോള്‍ ടെയ്ല്‍ലാംപുകള്‍.

കാബിന്‍ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍, ലേഔട്ട് കൂടാതെ മിക്ക ഡിസൈന്‍ ഘടകങ്ങളും നിലനിര്‍ത്തിയിരിക്കുന്നു. അല്‍പ്പം കൂടുതല്‍ പ്രീമിയം ഫീല്‍ ലഭിക്കുന്നതിന് ഡാഷ്ബോര്‍ഡില്‍ സാറ്റിന്‍ സില്‍വര്‍ ആക്സന്റുകള്‍ നല്‍കി. ഡുവല്‍ ടോണ്‍ ഇന്റീരിയറില്‍ പുതിയ ഫാബ്രിക് അപോള്‍സ്റ്ററിയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ നല്‍കിയത്. മറ്റ് കാബിന്‍ കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഫീച്ചറുകളുടെ കണക്കെടുപ്പ് നടത്തിയാല്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സഹിതം 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വോയ്സ് കമാന്‍ഡ് ആക്റ്റിവേഷന്‍, മള്‍ട്ടി വ്യൂ, ഗൈഡ്‌ലൈന്‍സ് എന്നിവ സഹിതം പിറകില്‍ പാര്‍ക്കിംഗ് കാമറ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് എസി തുടങ്ങിയവ ലഭിച്ചു. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലര്‍ട്ട്, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി തുടര്‍ന്നും ലഭിക്കും.

അതേ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് 2021 ഹോണ്ട അമേസ് ഫേസ്‌ലിഫ്റ്റ് വരുന്നത്. 1.2 ലിറ്റര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിന്‍ പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത് 89 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കുമാണ്. 1.5 ലിറ്റര്‍ ഐ ഡിടെക് ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍, രണ്ട് എന്‍ജിനുകള്‍ക്കും കൂട്ടായി ഓപ്ഷണല്‍ സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡീസല്‍ സിവിടി കൂട്ടുകെട്ടില്‍ 79 ബിഎച്ച്പി, 160 എന്‍എം മാത്രമായിരിക്കും തുടര്‍ന്നും ലഭിക്കുന്നത്.