Top Spec

The Top-Spec Automotive Web Portal in Malayalam

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രീ ബുക്കിംഗ് ആരംഭിച്ചു!

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 499 രൂപ നല്‍കി ബുക്ക് ചെയ്യാം

ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു! ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 499 രൂപ നല്‍കി ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയും. പ്രീ ബുക്കിംഗ് ആരംഭിച്ചതോടെ വരും ആഴ്ച്ചകളില്‍ സ്‌കൂട്ടര്‍ വിപണിയിലെത്തിയേക്കും. മിക്കവാറും ഈ മാസം തന്നെ വിപണി അവതരണം നടക്കും.

ഒല ഇലക്ട്രിക് സ്‌കൂട്ടറിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 100 മുതല്‍ 150 വരെ കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. അഴിച്ചെടുക്കാവുന്ന ലിഥിയം അയണ്‍ ബാറ്ററി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലൗഡ് കണക്റ്റിവിറ്റി, അലോയ് വീലുകള്‍, മുന്നില്‍ ടെലിസ്‌കോപിക് സസ്പെന്‍ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. നേരത്തെ പുറത്തിറക്കിയ വീഡിയോ അനുസരിച്ച്, വലിയ അണ്ടര്‍സീറ്റ് സ്റ്റോവേജ്, മികച്ച ആക്സെലറേഷന്‍, സെഗ്മെന്റിലെ ഏറ്റവും മികച്ച റൈഡിംഗ് റേഞ്ച് എന്നിവ സവിശേഷതകളായിരിക്കും. സാങ്കേതിക സവിശേഷതകള്‍ സംബന്ധിച്ച കൃത്യമായ വിശദാംശങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

ഒല ഇലക്ട്രിക്കിന്റെ തമിഴ്നാട്ടിലെ പ്ലാന്റിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്. ഇന്‍ഡസ്ട്രി 4.0 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ പ്ലാന്റില്‍ പ്രതിവര്‍ഷം 10 ദശലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ട് ദശലക്ഷം യൂണിറ്റാണ് ശേഷി. പ്ലാന്റില്‍ പത്ത് പൊതു അസംബ്ലി ലൈനുകള്‍ സജ്ജീകരിക്കും. ഓരോ രണ്ട് സെക്കന്‍ഡിലും ഒരു സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കഴിയും. കൂടാതെ പ്രതിദിനം 25,000 ബാറ്ററികളും നിര്‍മിക്കും. ആഭ്യന്തര വിപണിയിലെ വില്‍പ്പന കൂടാതെ യൂറോപ്പ്, യുകെ, ലാറ്റിന്‍ അമേരിക്ക, ഏഷ്യ പസഫിക്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കുന്ന ‘ഫ്യൂച്ചര്‍ ഫാക്റ്ററി’യുടെ ആദ്യ ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് ഈയിടെ പത്ത് വര്‍ഷത്തേക്ക് 100 ദശലക്ഷം ഡോളര്‍ ഒല ഇലക്ട്രിക് സമാഹരിച്ചിരുന്നു. ഫാക്റ്ററിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് 2400 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഒല ഇലക്ട്രിക് പ്രഖ്യാപിക്കുകയുണ്ടായി. തുടക്കത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ പ്ലാന്റിന് കഴിയും. ഏകദേശം 10 ദശലക്ഷം മണിക്കൂര്‍ മനുഷ്യാധ്വാനത്തില്‍ പ്ലാന്റ് നിര്‍മിക്കാനാണ് പദ്ധതി.