Top Spec

The Top-Spec Automotive Web Portal in Malayalam

ആഗോള അരങ്ങേറ്റം നടത്തി ഹ്യുണ്ടായ് അല്‍ക്കസര്‍

ഹ്യുണ്ടായ് ക്രെറ്റ അടിസ്ഥാനമാക്കി വിപണിയിലെത്തിക്കുന്ന 7 സീറ്റര്‍ എസ്‌യുവിയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍

ഇന്ത്യയില്‍ ഹ്യുണ്ടായ് അല്‍ക്കസര്‍ ആഗോള അരങ്ങേറ്റം നടത്തി. ഹ്യുണ്ടായ് ക്രെറ്റ അടിസ്ഥാനമാക്കി ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്ന 7 സീറ്റര്‍ എസ്‌യുവിയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ വീല്‍ബേസ് 2,760 മില്ലിമീറ്ററാണ്. അതായത്, 5 സീറ്റര്‍ ഹ്യുണ്ടായ് ക്രെറ്റയേക്കാള്‍ 150 എംഎം കൂടുതല്‍. മൂന്നാം നിര സീറ്റുകള്‍ ഉറപ്പിക്കുന്നതിനും കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുന്നതിനുമായി പിറകിലെ ഓവര്‍ഹാംഗിന് നീളം കൂടുതലാണ്.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ക്രെറ്റയുടേതിന് സമാനമായ മുന്‍ഭാഗം ലഭിച്ചു. എന്നാല്‍ ഗ്രില്ലില്‍ വജ്രങ്ങള്‍ പതിപ്പിച്ചതുപോലെയുള്ള പാറ്റേണ്‍ നല്‍കിയിരിക്കുന്നു. മുന്നിലെ ബംപര്‍ പുനര്‍രൂപകല്‍പ്പന ചെയ്തു. അലോയ് വീലുകള്‍ വ്യത്യസ്തമാണ്. എസ്‌യുവിയുടെ പിറകില്‍ പുതുതായി റാപ്പ്എറൗണ്ട് ടെയ്ല്‍ലാംപുകള്‍, ഇരട്ട എക്‌സോസ്റ്റുകള്‍, സ്‌കിഡ് പ്ലേറ്റ് എന്നിവ നല്‍കി.

ഹ്യുണ്ടായ് അല്‍ക്കസറിന്റെ അകവും പരിചിതമാണ്. ഹ്യുണ്ടായ് ക്രെറ്റയുടെ അതേ ഡാഷ്‌ബോര്‍ഡാണ് ഉപയോഗിക്കുന്നത്. 6 സീറ്റര്‍, 7 സീറ്റര്‍ വകഭേദങ്ങളില്‍ ഹ്യുണ്ടായ് അല്‍ക്കസര്‍ ലഭിക്കും. 6 സീറ്റര്‍ വേര്‍ഷനിലെ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും. ഈ നിരയിലെ നടുവില്‍ ആംറെസ്റ്റ്, കപ്പ് ഹോള്‍ഡറുകള്‍ എന്നിവ ഉണ്ടായിരിക്കും. റിക്ലൈന്‍ ചെയ്യാന്‍ കഴിയുന്നതാണ് മൂന്നാം നിര സീറ്റുകള്‍. മാത്രമല്ല, അധിക ലഗേജ് സ്ഥലം ലഭിക്കുന്നതിന് മടക്കിവെയ്ക്കാന്‍ കഴിയും.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ‘ബ്ലൂലിങ്ക്’ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റോട്ടറി ഡ്രൈവ് മോഡ് സെലക്റ്റര്‍ (ഇക്കോ, സിറ്റി, സ്‌പോര്‍ട്ട്) തുടങ്ങിയവ ഫീച്ചറുകളായിരിക്കും.

2.0 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 157 ബിഎച്ച്പി കരുത്തും 192 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ മോട്ടോര്‍ 113 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ പെട്രോള്‍ വകഭേദത്തിന് പത്ത് സെക്കന്‍ഡില്‍ താഴെ സമയം മതിയെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്നു.

ഈയിടെ അവതരിപ്പിച്ച പുതിയ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, അടുത്ത തലമുറ മഹീന്ദ്ര എക്‌സ്‌യുവി 500 എന്നിവയായിരിക്കും എതിരാളികള്‍.