Top Spec

The Top-Spec Automotive Web Portal in Malayalam

ഇലക്ട്രിക് കാറുകളില്‍ പെട്രോള്‍ മണം പരത്താന്‍ ഫോഡ്

ഫോഡ് പുതിയ ‘മാക് ഓ’ പ്രീമിയം ഫ്രാഗ്രന്‍സ് അവതരിപ്പിച്ചു

ഫോഡ് പുതിയ ‘മാക് ഓ’ പ്രീമിയം ഫ്രാഗ്രന്‍സ് അവതരിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളില്‍ പെട്രോള്‍ മണം നല്‍കുന്നതിനാണ് അമേരിക്കന്‍ കാര്‍ നിര്‍മാതാക്കള്‍ നൂതന ആശയം അവതരിപ്പിച്ചത്. സാധാരണ പെട്രോള്‍ കാറുകളിലേതിന് സമാനമായ പെട്രോള്‍ മണം പുതിയ ‘മാക് ഓ’ പ്രീമിയം ഫ്രാഗ്രന്‍സ് നല്‍കുമെന്നാണ് അവകാശവാദം.

പെട്രോള്‍ ഗന്ധം മാത്രമായി നല്‍കുന്നതിന് പകരം, പുകയുടെ മണം നല്‍കുന്ന ചേരുവകള്‍, റബ്ബറിന്റെ സാന്നിധ്യം, മസ്താംഗ് പൈതൃകത്തിന്റെ മണം പരത്തുന്ന ‘അനിമല്‍’ ഘടകം എന്നിവ സംയോജിപ്പിച്ചതാണ് പുതിയ പ്രീമിയം ഫ്രാഗ്രന്‍സ്. ഈ വര്‍ഷത്തെ ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിനായി യൂറോപ്പില്‍ മസ്താംഗ് മാക് ഇ ജിടി അരങ്ങേറിയപ്പോഴാണ് ‘മാക് ഓ’ പ്രീമിയം സുഗന്ധത്തിന്റെ മണം ലോകമെങ്ങും പരന്നത്.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോള്‍ പെട്രോളിന്റെ മണം തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് ഫോഡ് നടത്തിയ സര്‍വേയില്‍ അഞ്ച് ഡ്രൈവര്‍മാരില്‍ ഒരാള്‍ എന്ന അനുപാതത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയശേഷം പെട്രോളിന്റെ ഗന്ധം ഒരു പരിധിവരെ നഷ്ടപ്പെടുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനത്തോളം പേര്‍ വ്യക്തമാക്കുകയുണ്ടായി. വീഞ്ഞ്, ചീസ് എന്നിവയേക്കാള്‍ ഉയര്‍ന്നതാണ് പെട്രോളിന്റെ മണമെന്ന് സര്‍വേ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ പുതിയ മാക് ഓ പ്രീമിയം ഫ്രാഗ്രന്‍സ് സഹായിക്കുമെന്ന് ഫോഡ് പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച മിഥ്യാധാരണകള്‍ ഇല്ലാതാക്കാമെന്നും പരമ്പരാഗത കാര്‍ പ്രേമികളെ പോലും ഇലക്ട്രിക് കാറുകളുടെ സാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും ഫോഡ് കണക്കുകൂട്ടുന്നു. പുതിയ ഫ്രാഗ്രന്‍സ് വികസിപ്പിച്ചെങ്കിലും ഫോഡ് ഇതുവരെ വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല.