Top Spec

The Top-Spec Automotive Web Portal in Malayalam

ചീറിപ്പായാന്‍ ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒ

ഇന്ത്യ എക്സ് ഷോറൂം വില 4.99 കോടി രൂപ

ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒ ഈയിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.99 കോടി രൂപയാണ് രാജ്യമെങ്ങും എക്സ് ഷോറൂം വില. ഹൈ പെര്‍ഫോമന്‍സ് മോഡലായ ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെയുടെ പകരക്കാരനായി വരുന്ന ഹുറാകാന്‍ എസ്ടിഒ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആഗോള അരങ്ങേറ്റം നടത്തിയത്. ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെയുമായി താരതമ്യം ചെയ്യുമ്പോള്‍ 43 കിലോഗ്രാം ഭാരം കുറഞ്ഞവനാണ് ഹുറാകാന്‍ എസ്ടിഒ. ബോഡിവര്‍ക്കില്‍ 75 ശതമാനത്തില്‍ കൂടുതല്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചതാണ് ഇതിന് പ്രധാന കാരണം. ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒയുടെ ആകെ ഡ്രൈ വെയ്റ്റ് 1,339 കിലോഗ്രാമാണ്.

ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെ ഉപയോഗിച്ചിരുന്ന അതേ 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി10 എന്‍ജിനാണ് പുതിയ മോഡലായ ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒയുടെ ഹൃദയം. പരമാവധി ഏകദേശം 630 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തു. അതേസമയം 565 ന്യൂട്ടണ്‍ മീറ്ററായി ടോര്‍ക്ക് കുറഞ്ഞു. മുന്‍ഗാമിയില്‍ 600 എന്‍എം ആയിരുന്നു. ഈ റിയര്‍ വീല്‍ ഡ്രൈവ് കാറിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.0 സെക്കന്‍ഡും 200 കിമീ വേഗമാര്‍ജിക്കാന്‍ 9.0 സെക്കന്‍ഡും മതി. മണിക്കൂറില്‍ 310 കിലോമീറ്ററാണ് ടോപ് സ്പീഡ്. നിരത്തുകള്‍ക്കായി എസ്ടിഒ, ട്രാക്കുകളില്‍ ഉപയോഗിക്കുന്നതിന് ട്രോഫി, പേര് സൂചിപ്പിക്കുന്നതുപോലെ റെയ്ന്‍ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ നല്‍കി.

റോഡ്, ട്രാക്ക് കോണ്‍ഫിഗറേഷനുകള്‍ സഹിതം ‘ബ്രിഡ്ജ്സ്റ്റോണ്‍ പുതന്‍സ’ ടയറുകള്‍ പൊതിഞ്ഞ 20 ഇഞ്ച് മഗ്‌നീഷ്യം വീലുകള്‍ ലഭിച്ചു. മുന്നില്‍ ഡബ്ല്യു ആകൃതിയില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സവിശേഷ സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ കാണാം. പിറകില്‍ വലിയ സ്‌പോയ്‌ലര്‍, സ്ലീക്ക് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, ഉയര്‍ത്തി സ്ഥാപിച്ച ഇരട്ട എക്സോസ്റ്റ് പൈപ്പുകള്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ നല്‍കി. ക്രമീകരിക്കാവുന്ന സ്‌പോയ്‌ലര്‍ നല്‍കിയതിനാല്‍ എയ്റോഡൈനാമിക് ക്ഷമത 37 ശതമാനം വര്‍ധിച്ചു. ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെയേക്കാള്‍ 53 ശതമാനം കൂടുതല്‍ ഡൗണ്‍ഫോഴ്സ് മറ്റൊരു സവിശേഷതയാണ്. പിറകിലെ ബോണറ്റില്‍ ഷാര്‍ക്ക് ഫിന്‍ നല്‍കി.

ലംബോര്‍ഗിനിയുടെ ‘കാര്‍ബണ്‍സ്‌കിന്‍’ ഉപയോഗിച്ച് കാബിന്‍ ഏതാണ്ട് പൂര്‍ണമായും മികച്ച രീതിയില്‍ അലങ്കരിച്ചു. അല്‍ക്കാന്ററയേക്കാള്‍ ഭാരം കുറഞ്ഞതാണ് ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളുടെ സ്വന്തമായ കാര്‍ബണ്‍സ്‌കിന്‍ എന്ന ഫാബ്രിക്. സ്പോര്‍ട്ട് സീറ്റുകള്‍, സ്റ്റിയറിംഗ് വളയം, ഡാഷ്ബോര്‍ഡ് എന്നിവ അലങ്കരിക്കാന്‍ കാര്‍ബണ്‍സ്‌കിന്‍ ഉപയോഗിച്ചു. പുതിയ ഹ്യൂമന്‍ മഷീന്‍ ഇന്റര്‍ഫേസ് (എച്ച്എംഐ) ഗ്രാഫിക്സ് ഫീച്ചര്‍ സഹിതമാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിച്ചത്. റേസ്ട്രാക്കുകളിലെ പ്രകടനം നിരീക്ഷിക്കുന്നതിനും റെക്കോര്‍ഡ് ചെയ്യുന്നതിനുമായി ഫുള്ളി കണക്റ്റഡ് ടെലിമെട്രി സിസ്റ്റം നല്‍കി. ‘ലംബോര്‍ഗിനി ഉണിക്ക’ ആപ്പ് വഴി ഈ ഡാറ്റ വിശകലനം ചെയ്യാം.