Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യന്‍ ഇവി വിപണി കൊഴുപ്പിക്കാന്‍ ഔഡി ഇ ട്രോണ്‍

ഇ ട്രോണ്‍ 50 ക്വാട്രോ മോഡലിന് 99.99 ലക്ഷം രൂപയും ഇ ട്രോണ്‍ 55 ക്വാട്രോ മോഡലിന് 1.16 കോടി രൂപയും ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് 55 ക്വാട്രോ മോഡലിന് 1.18 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില

ഔഡി ഇ ട്രോണ്‍, ഔഡി ഇ ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവികളാണ് പുറത്തിറക്കിയത്. ഔഡി ഇ ട്രോണ്‍ 50 ക്വാട്രോ മോഡലിന് 99.99 ലക്ഷം രൂപയും ഔഡി ഇ ട്രോണ്‍ 55 ക്വാട്രോ മോഡലിന് 1.16 കോടി രൂപയും ഔഡി ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് 55 ക്വാട്രോ മോഡലിന് 1.18 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡീലര്‍ഷിപ്പുകള്‍ അല്ലെങ്കില്‍ ഔഡി ഇന്ത്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രണ്ട് ഇവികളും ബുക്ക് ചെയ്യാം. ബുക്കിംഗ് തുക 5 ലക്ഷം രൂപയാണ്. മെഴ്സേഡസ് ബെന്‍സ് ഇക്യുസി, ജാഗ്വാര്‍ ഐ പേസ് എന്നീ മറ്റ് ആഡംബര ഇലക്ട്രിക് എസ്‌യുവികളാണ് ഔഡി ഇ ട്രോണ്‍, ഇ ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് മോഡലുകളുടെ എതിരാളികള്‍.

സ്‌റ്റൈലിംഗ് പരിശോധിച്ചാല്‍, ഔഡിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയ്ക്ക് അനുസൃതമായി കൂടുതല്‍ പരമ്പരാഗത എസ്‌യുവി ഡിസൈന്‍ ലഭിച്ചതാണ് ഔഡി ഇ ട്രോണ്‍. അതായത്, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ സഹിതം ഇ ട്രോണിന് വലിയ ഗ്രില്‍ നല്‍കി. വശങ്ങളിലേക്ക് നോക്കിയാല്‍, ഔഡിയുടെ പരമ്പരാഗത എസ്‌യുവി പ്രൊഫൈലില്‍ നിന്ന് വലിയ മാറ്റമില്ല. സ്റ്റാന്‍ഡേഡ് മോഡലുമായി വളരെയധികം സാമ്യമുള്ളതാണ് ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്കിന്റെ മുന്‍വശത്തെ സ്‌റ്റൈലിംഗ്. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍, സവിശേഷമായ എസ്‌യുവി കൂപ്പെ സൗന്ദര്യം കൂടുതല്‍ വ്യക്തമായി കാണാം. നോച്ച്ബാക്ക് ഡിസൈനിലാണ് റൂഫ്‌ലൈന്‍ ചെന്നവസാനിക്കുന്നത്. രണ്ട് മോഡലുകളുടെയും പിറകില്‍ എല്‍ഇഡി ടെയ്ല്‍ ലാംപുകളെ ബന്ധിപ്പിക്കുന്നവിധം മുഴുവന്‍ വീതിയിലുമായി ലൈറ്റ് ബാര്‍ നല്‍കി. സ്റ്റാന്‍ഡേഡായി നല്‍കിയ 20 ഇഞ്ച് വ്യാസമുള്ള 5 സ്പോക്ക് അലോയ് വീലുകളിലാണ് രണ്ട് കാറുകളും ഓടുന്നത്. ഹൈ പ്രൊഫൈല്‍ ടയറുകള്‍ ഉപയോഗിക്കുന്നു.

മുകളില്‍ 10.1 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ഡിസ്പ്ലേ, ക്ലൈമറ്റ് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി താഴെ 8.8 ഇഞ്ച് ഡിസ്പ്ലേ എന്നിവ ഇ ട്രോണിന്റെ അകത്തെ ഇരട്ട ടച്ച്സ്‌ക്രീന്‍ സംവിധാനമാണ്. ഔഡിയുടെ ‘വര്‍ച്വല്‍ കോക്പിറ്റ്’ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് മറ്റൊരു ഫീച്ചര്‍. മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പ്രോഗ്രസീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, പവേര്‍ഡ് ടെയ്ല്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ്, പവര്‍ അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വളയം, തുകല്‍ അപോള്‍സ്റ്ററി എന്നിവ ഇ ട്രോണ്‍ 55 ക്വാട്രോ മോഡലിന് സ്റ്റാന്‍ഡേഡായി നല്‍കി.

50 ക്വാട്രോ വകഭേദത്തിലെ ഫീച്ചറുകള്‍ കൂടാതെ 16 സ്പീക്കറുകള്‍ സഹിതം 705 വാട്ട് ബി ആന്‍ഡ് ഒ പ്രീമിയം 3ഡി സൗണ്ട് സിസ്റ്റം, 30 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, 360 ഡിഗ്രി കാമറകള്‍ എന്നിവ അധികമായി നല്‍കുന്ന ‘ടെക്‌നോളജി പാക്ക്’ 55 ക്വാട്രോ വേര്‍ഷനില്‍ ലഭിക്കും. സോഫ്റ്റ് ക്ലോസ് ഡോറുകള്‍, ഹെഡ്അപ്പ് ഡിസ്‌പ്ലേ, ഔഡിയുടെ ‘വര്‍ച്വല്‍ കോക്പിറ്റ് പ്ലസ്’, അഡാപ്റ്റീവ് വൈപ്പറുകള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം എന്നിവ ഉള്‍പ്പെടെ നിരവധി ഓപ്ഷണല്‍ എക്‌സ്ട്രാകളും ഇലക്ട്രിക് എസ്‌യുവികളില്‍ ഔഡി വാഗ്ദാനം ചെയ്യുന്നു.

ഔഡി ഇ ട്രോണ്‍ 50 ക്വാട്രോയുടെ രണ്ട് ആക്‌സിലുകളിലും ഇലക്ട്രിക് മോട്ടോര്‍ നല്‍കി. ആകെ 313 എച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗം കൈവരിക്കാന്‍ 6.8 സെക്കന്‍ഡ് മതി. 71 കിലോവാട്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഡബ്ല്യുഎല്‍ടിപി അനുസരിച്ച് 264 മുതല്‍ 379 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.

ഔഡി ഇ ട്രോണ്‍, ഇ ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് മോഡലുകളുടെ കൂടുതല്‍ കരുത്തുറ്റ പതിപ്പാണ് 55 ക്വാട്രോ വേരിയന്റ്. ഈ വേര്‍ഷനിലെ ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ 408 എച്ച്പി കരുത്തും 664 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. 95 കിലോവാട്ട് ഔര്‍ ബാറ്ററി പാക്ക് ലഭിച്ചതാണ് 55 ക്വാട്രോ കോണ്‍ഫിഗറേഷന്‍. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഡബ്ല്യുഎല്‍ടിപി അനുസരിച്ച് 359 മുതല്‍ 484 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ഈ കോണ്‍ഫിഗറേഷനില്‍ മൂന്നക്ക വേഗം കൈവരിക്കാന്‍ രണ്ട് മോഡലുകള്‍ക്കും 5.7 സെക്കന്‍ഡ് മതി.

11 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ച് വലിയ ശേഷിയുള്ള ബാറ്ററി പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നതിന് 8.5 മണിക്കൂര്‍ സമയമെടുക്കും. 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 30 മിനിറ്റ് മതി. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വേഗത്തില്‍ എസി ചാര്‍ജിംഗ് സാധ്യമാകുന്നതാണ് ഔഡി നല്‍കുന്ന 11 കിലോവാട്ട് എസി ചാര്‍ജര്‍. 22 കിലോവാട്ട് എസി ചാര്‍ജിംഗ് സാധ്യമാകുന്ന ഓണ്‍ബോര്‍ഡ് കണ്‍വെര്‍ട്ടര്‍ കൂടി ഔഡി നല്‍കുന്നു.