Top Spec

The Top-Spec Automotive Web Portal in Malayalam

റേസിംഗ് ആവേശം പകരാന്‍ യമഹ എഫ്‌സെഡ്25 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി എഡിഷന്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 1,36,800 രൂപ

യമഹ എഫ്‌സെഡ്25 മോട്ടോര്‍സൈക്കിളിന്റെ മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,36,800 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ രണ്ടായിരം രൂപയോളം കൂടുതല്‍.

മോട്ടോജിപി ബ്രാന്‍ഡിംഗ് നല്‍കിയാണ് ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. ഇന്ധന ടാങ്ക്, ടാങ്ക് ഷ്രൗഡുകള്‍, സൈഡ് പാനലുകള്‍ എന്നിവിടങ്ങളില്‍ പുതിയ ഡീക്കാളുകള്‍ നല്‍കി. യമഹ റേസിംഗ് ബ്ലൂ കളര്‍ സ്‌കീമാണ് പ്രത്യേക പതിപ്പിന് ലഭിച്ചത്. അതേസമയം ഇന്ധന ടാങ്കില്‍ കറുപ്പ് നിറം കാണാം.

ആഗോള റേസിംഗ് ആവേശം ഇന്ത്യന്‍ നിരത്തുകളിലേക്ക് സന്നിവേശിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ മോട്ടോഫുമി ഷിതാര പറഞ്ഞു. ഇതിന്റെ ഭാഗമായാണ് യമഹ എഫ്‌സെഡ്25 മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി എഡിഷന്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക പതിപ്പിനായി മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സഹിതം 249 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇപ്പോഴും കരുത്തേകുന്നത്. ഈ മോട്ടോര്‍ 20.5 ബിഎച്ച്പി കരുത്തും 20.1 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നു.

എല്‍ഇഡി ഡിആര്‍എല്‍ സഹിതം ബൈ ഫംഗ്ഷണല്‍ എല്‍ഇഡി ഹെഡ്‌ലാംപ്, നെഗറ്റീവ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അണ്ടര്‍ കൗള്‍, എന്‍ജിന്‍ കട്ട് ഓഫ് സ്വിച്ച് സഹിതം സൈഡ് സ്റ്റാന്‍ഡ് എന്നിവ ഫീച്ചറുകളാണ്.