Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയെ അറിയാൻ ജാഗ്വാർ ഐ പേസ്

പരീക്ഷണ ഓട്ടം നടത്തുന്നതിനാണ് ഇലക്ട്രിക് കാർ ഇന്ത്യയിലെത്തിയത് 

ജാഗ്വാര്‍ ഐ പേസ് പെര്‍ഫോമന്‍സ് എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ഇന്ത്യന്‍ മണ്ണില്‍! മുംബൈയ്ക്കു സമീപം ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്താണ് ജാഗ്വാര്‍ ഐ പേസ് ഇന്ത്യന്‍ തീരമണഞ്ഞത്. പരീക്ഷണ ഓട്ടം, വാലിഡേഷന്‍ എന്നിവ പൂര്‍ത്തിയാക്കുന്നതിനാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പൂര്‍ണ വൈദ്യുത (ഓള്‍ ഇലക്ട്രിക്) കാര്‍ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തത്. ‘ഫിറെന്‍സേ റെഡ്’ നിറം ലഭിച്ച എച്ച്എസ്ഇ എന്ന ടോപ് വേരിയന്റാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം കാര്‍ അവതരിപ്പിക്കും.

ഇവി400 എന്ന ഏക പവർട്രെയ്ൻ ഓപ്ഷനിലാണ് ജാഗ്വാർ ഐ പേസ് വരുന്നത്. മുൻ, പിൻ ആക്സിലുകളിൽ രണ്ട് സിങ്ക്രണസ് പർമനൻ്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോറുകൾ നൽകി. ആകെ 394 ബിഎച്ച്പി കരുത്തും 696 എൻഎം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും. ഓൾ വീൽ ഡ്രൈവ് സിസ്റ്റം നൽകി. 90 കിലോവാട്ട് ഔർ ലിഥിയം അയൺ ബാറ്ററി പാക്കാണ് ഉപയോഗിക്കുന്നത്. 0-100 കിമീ/മണിക്കൂർ വേഗമാർജിക്കാൻ 4.8 സെക്കൻഡ് മാത്രം മതി. ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ 480 കിലോമീറ്റർ സഞ്ചരിക്കാം. 

 

എണ്‍പതിലധികം ആഗോള അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മോഡലാണ് ജാഗ്വാര്‍ ഐ പേസ്. 2019 ല്‍ നേടിയ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വേള്‍ഡ് കാര്‍ അവാര്‍ഡുകളുടെ പതിനഞ്ച് വര്‍ഷത്തെ ചരിത്രത്തില്‍ ഒരേ വര്‍ഷം മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ആദ്യ വാഹനമാണ് ജാഗ്വാര്‍ ഐ പേസ്. മികച്ച വൈദ്യുത ആഡംബര എസ്‌യുവി എന്ന പെരുമ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ അംഗീകാരങ്ങള്‍.