Top Spec

The Top-Spec Automotive Web Portal in Malayalam

ആഡംബരപൂർണം എസ് ക്ലാസ് മാസ്ട്രോ എഡിഷൻ

ഇന്ത്യ എക്സ് ഷോറൂം വില 1.51 കോടി രൂപ

മെഴ്സേഡസ് ബെൻസ് എസ് ക്ലാസ് ‘മാസ്ട്രോ എഡിഷൻ’ ഇന്ത്യയിൽ അവതരിപ്പിച്ചു. 1.51 കോടി രൂപയാണ് ഇന്ത്യ എക്സ് ഷോറൂം വില. ഏറ്റവും പുതിയ 2021 വേർഷൻ ‘മെഴ്സേഡസ് മീ കണക്റ്റ്’ (എംഎംസി) നൽകിയാണ് പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചത്. പുതിയ ‘ആന്ത്രസൈറ്റ് ബ്ലൂ’ കളർ ഓപ്ഷനിൽ മാസ്ട്രോ എഡിഷൻ ലഭിക്കും.  

പനോരമിക് സൺറൂഫ് സഹിതം ‘മാജിക് സ്കൈ കൺട്രോൾ’ ആഡംബര സെഡാൻ്റെ സവിശേഷതയാണ്. മുൻ സീറ്റുകൾക്ക് മെമ്മറി പാക്കേജ് ലഭിച്ചു. കൂടാതെ, ഹൈ ഗ്ലോസ് ബ്രൗൺ നിറത്തിൽ യൂകാലിപ്‌റ്റസ്‌ മരം കൊണ്ടുള്ള ചമയങ്ങൾ നൽകി.  

സ്മാർട്ട്ഫോണിലെ ‘മെഴ്സേഡസ് മീ’ ആപ്പ് ഉപയോഗിച്ച് കാറിൻ്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും വിദൂരത്തിരുന്ന് കാർ ലോക്ക് / അൺലോക്ക് ചെയ്യാനും വിൻഡോകൾ, സൺറൂഫ് എന്നിവ തുറക്കാനും മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ സ്പീഡ് അലർട്ട് സെറ്റ് ചെയ്യാനും സാധിക്കും. മറ്റ് കണക്റ്റഡ് സേവനങ്ങളും ലഭ്യമാണ്. ഇ-കോൾ/ എസ്ഒഎസ് ബട്ടൺ അമർത്തിയാൽ രാജ്യമെങ്ങും 24 മണിക്കൂറും അടിയന്തര സേവനങ്ങൾ ലഭിക്കും. ബ്രേക്ക്ഡൗൺ സാഹചര്യത്തിലും മറ്റ് ഓൺ റോഡ് സഹായങ്ങൾ ആവശ്യമുള്ളപ്പോഴും ‘മീ’ കോൾ ബട്ടൺ അമർത്തിയാൽ മതി. 

3.0 ലിറ്റർ, ഇൻലൈൻ സിക്സ് സിലിണ്ടർ ഡീസൽ എൻജിനാണ് കരുത്തേകുന്നത്. ഈ മോട്ടോർ 3,400-4,600 ആർപിഎമ്മിൽ 282 ബിഎച്ച്പി കരുത്തും 1,200-3,200 ആർപിഎമ്മിൽ 600 എൻഎം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും. 0-100 കിമീ/ മണിക്കൂർ വേഗം കൈവരിക്കാൻ ആറ് സെക്കൻഡ് മതി. ടോപ് സ്പീഡ് മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തി.