Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയിൽ തരംഗമാകാൻ സ്കോഡ കുശാക്ക്

പ്രധാനമായും ഇന്ത്യൻ വിപണി ലക്ഷ്യമാക്കി നിർമിക്കുന്ന വാഹനത്തിന് സംസ്കൃത പേരാണ് തെരഞ്ഞെടുത്തത്  

സ്‌കോഡ കുശാക്ക്! സ്‌കോഡയുടെ വിഷന്‍ ഐഎന്‍ എസ്‌യുവി വിപണിയിലെത്തുന്നത് ഈ പേരിലായിരിക്കും. ചെക്ക് കാര്‍ നിര്‍മാതാക്കള്‍ പുതിയ മോഡലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി നിര്‍മിക്കുന്ന വാഹനത്തിന് സംസ്‌കൃത ഭാഷയില്‍ നിന്നാണ് പേര് കണ്ടെത്തിയത്. രാജാവ്, ചക്രവര്‍ത്തി എന്നെല്ലാമാണ് കുശാക്ക് എന്ന പേരിന് അര്‍ത്ഥം. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അവസാന അക്ഷരമായ ‘കെ’ ഒഴിവാക്കി പകരം സ്‌കോഡ എസ്‌യുവികളുടെ തനതു ശൈലിയില്‍ ‘ക്യു’ ഉപയോഗിച്ചു.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായാണ് സ്‌കോഡ കുശാക്ക് വിപണിയിലെത്തുന്നത്. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമാണ് സ്‌കോഡ കുശാക്ക് അടിസ്ഥാനമാക്കുന്നത്. പ്രൊഡക്ഷന്‍ റെഡി സ്‌കോഡ കുശാക്ക് മാര്‍ച്ച് മാസത്തോടെ അനാവരണം ചെയ്യും. വിപണി അവതരണം പിന്നീട് നടക്കും.

സവിശേഷ ബട്ടർഫ്ലൈ ഗ്രിൽ, എൽഇഡി ഹെഡ്ലാംപുകൾ, ഹാലൊജൻ ഫോഗ് ലൈറ്റുകൾ, സ്കിഡ് പ്ലേറ്റ്, ഡയമണ്ട് കട്ട് അലോയ് വീലുകൾ, റൂഫ് റെയിലുകൾ എന്നിവ കാണാൻ കഴിയും. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്പ്ലേ, ഉയർന്നുനിൽക്കുന്ന ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെൻ്റ് സിസ്റ്റം, തുകൽ പൊതിഞ്ഞ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വളയം എന്നിവ നൽകിയേക്കും. 

1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നീ രണ്ട് പെട്രോൾ എൻജിനുകളായിരിക്കും ഓപ്ഷനുകൾ. എൻജിനുകൾ പുറപ്പെടുവിക്കുന്ന കൃത്യം കരുത്തും ടോർക്കും എത്രയെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് എൻജിനുകളുടെയും കൂടെ 7 സ്പീഡ് ഡിസിടി ചേർത്തുവെയ്ക്കും. 1.0 ലിറ്റർ എൻജിൻ- 6 സ്പീഡ് മാന്വൽ കൂട്ടുകെട്ടിലും സ്കോഡ കുശാക്ക് ലഭിക്കും.  

കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോംപസ്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ എന്നിവയായിരിക്കും എതിരാളികള്‍.