Top Spec

The Top-Spec Automotive Web Portal in Malayalam

2,000 യൂണിറ്റ് വിൽപ്പന താണ്ടി നെക്സോൺ ഇവി

വിപണി അവതരണം കഴിഞ്ഞ് പത്ത് മാസങ്ങൾക്കുള്ളിലാണ് ഈ നേട്ടം 

ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത വാഹനമായ നെക്‌സോണ്‍ ഇവി ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു. 2,000 യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ലാണ് ടാറ്റ നെക്‌സോണ്‍ ഇവി താണ്ടിയത്. വിപണി അവതരണം കഴിഞ്ഞ് പത്ത് മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. നവംബര്‍ അവസാനിച്ചതോടെ ആകെ വില്‍പ്പന 2,200 യൂണിറ്റ് കടന്നു. പേഴ്‌സണല്‍ കാര്‍ സെഗ്‌മെന്റില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ ആവശ്യകത അനുഭവപ്പെടുന്നതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

ആകെ 1,000 യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം ഈ വര്‍ഷം ഓഗസ്റ്റില്‍ ടാറ്റ നെക്‌സോണ്‍ ഇവി കൈവരിച്ചിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ രണ്ടാമത്തെ 1,000 യൂണിറ്റ് വിറ്റുപോയത്.

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന വൈദ്യുത കാറാണ് നെക്‌സോണ്‍ ഇവി എന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെട്ടു. നിലവില്‍, രാജ്യത്തെ ഇലക്ട്രിക് വാഹന (ഇവി) സെഗ്‌മെന്റില്‍ 74 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്‌സാണ് മുന്നിട്ടുനില്‍ക്കുന്നത്.

വൈദ്യുത വാഹനങ്ങൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അവബോധം, ചാർജിംഗ് ആവശ്യങ്ങൾക്ക് കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ, കേന്ദ്ര സർക്കാരിൻ്റെ പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളുമെല്ലാം ആവശ്യകത വർധിക്കുന്നതിന് കാരണമായെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹന ബിസിനസ് വിഭാഗം പ്രസിഡൻ്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.