Top Spec

The Top-Spec Automotive Web Portal in Malayalam

കൊവിഡ് ക്ഷീണം മറികടക്കാൻ വാഹന വ്യവസായം

‘ന്യൂ ഏജ്’ ബിസിനസ് പത്രത്തിനുവേണ്ടി ശങ്കർ മീറ്റ്ന എഴുതിയ ലേഖനം 

ആഗോളതലത്തിലും ഇന്ത്യയിലും വാഹന വ്യവസായം ഏറെ വെല്ലുവിളികൾ നേരിട്ട വർഷമാണ് കടന്നുപോകുന്നത്. കൊവിഡ് 19 മഹാമാരിയാണ് വാഹന നിർമാതാക്കളുടെ നടുവൊടിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപനങ്ങളും ഇതേതുടർന്നുള്ള നിയന്ത്രണങ്ങളും മറ്റു മേഖലകളെന്നപോലെ വാഹന നിർമാതാക്കളെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി വിൽപ്പനയിൽ ചെറിയ വർധനയുണ്ടെങ്കിലും നടപ്പു സാമ്പത്തിക വർഷം വാഹന നിർമാതാക്കൾക്ക് അത്ര ആശാവഹമല്ല.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന സ്വദേശ, വിദേശ വാഹന നിർമാതാക്കളിൽ മിക്കവരും തങ്ങളുടെ പ്ലാൻ്റുകൾ അടച്ചുപൂട്ടിയിരുന്നു. ഉൽപ്പാദനവും വിൽപ്പനയുമെല്ലാം സ്തംഭിച്ച നാളുകളാണ് കടന്നുപോയത്. കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ വരുത്തിയതോടെ ഉൽപ്പാദനം ക്രമേണ പുനരാരംഭിച്ചു. ഇതേസമയം,  വിൽപ്പന നടത്തിയ കാർ, ഇരുചക്ര വാഹനങ്ങളുടെ വാറൻ്റി നീട്ടിനൽകുന്നതിന് കമ്പനികൾ തയ്യാറായി. 

കൊവിഡിനൊപ്പം ജീവിക്കുകയെന്ന പ്രായോഗിക തന്ത്രം നാട്ടുനടപ്പായതോടെ ഓൺലൈൻ വിൽപ്പനയെന്ന പുതിയ രീതിയാണ് ഒട്ടുമിക്ക കാർ നിർമാതാക്കളും അവലംബിച്ചത്. ഇതിനായി കമ്പനികൾ പ്രത്യേക പ്ലാറ്റ്ഫോമുകൾ അഥവാ വെബ്സൈറ്റുകൾ വികസിപ്പിച്ചു. നേരത്തെ ഓൺലൈൻ വിൽപ്പന സൗകര്യം ഏർപ്പെടുത്തിയ വാഹന നിർമാതാക്കൾ അത് കുറേക്കൂടി വിപുലീകരിച്ചു. ഡീലർഷിപ്പുകളിൽ പോകാതെ ഡിജിറ്റൽ വിൽപ്പന പ്ലാറ്റ്ഫോമുകൾ സന്ദർശിച്ച് വിവിധ കാർ മോഡലുകൾ 360 ഡിഗ്രിയിൽ കാണുന്നതിനും മറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെ ഉപയോക്താക്കൾ സ്വന്തം വീടുകളിലിരുന്ന് ബുക്കിംഗ് നടത്തി. ‘ന്യൂ നോർമൽ’ കാലത്ത് ഓൺലൈൻ വിൽപ്പന മാർഗം സ്വീകരിച്ചവർക്ക് കാറുകൾ വീടുകളിൽ ഡെലിവറി ചെയ്യാൻ വരെ കമ്പനികൾ തയ്യാറായി.  

കൊവിഡ് കാലത്ത് രാജ്യത്തെ വാഹന വിൽപ്പനയുടെ കണക്കുകൾ പരിശോധിച്ചാൽ, 2020 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ എല്ലാ സെഗ്മെൻ്റുകളിലും വിൽപ്പന ഇടിഞ്ഞു. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 56 ശതമാനമാണ് ഇടിവ് സംഭവിച്ചത്. സമ്പദ് വ്യവസ്ഥയുടെ അപ്പോഴത്തെ അവസ്ഥ വിളിച്ചോതുന്നതാണ് ഈ കണക്ക്. 2020 ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, വാനുകൾ എന്നിവയുടെ വിൽപ്പനയിൽ 34 ശതമാനമായിരുന്നു ഇടിവ്. ഈ ആറു മാസക്കാലത്ത് മോട്ടോർസൈക്കിൾ, സ്കൂട്ടർ വിൽപ്പനയിൽ ഇടിവ് 38.3 ശതമാനമാണെങ്കിൽ പാസഞ്ചർ ഓട്ടോറിക്ഷകളുടെയും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മൂന്നുചക്ര വാഹനങ്ങളുടെയും വിൽപ്പന 82.3 ശതമാനം കുറഞ്ഞു.  

2016 നു ശേഷമുള്ള ഏറ്റവും മോശം വിൽപ്പനയാണ് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ എല്ലാ സെഗ്മെൻ്റുകളിലും കണ്ടത്. എന്നാൽ 2020 ജൂലൈ – സെപ്റ്റംബർ പാദത്തിൽ ചില സെഗ്മെൻ്റുകളിൽ സ്ഥിതി മെച്ചപ്പെട്ടു. ഈ രണ്ടാം പാദത്തിൽ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വിൽപ്പന 17 ശതമാനം വർധിച്ചപ്പോൾ വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ 20 ശതമാനമാണ് ഇടിവ് പ്രകടമായത്. കേന്ദ്ര സർക്കാരിൻ്റെ പാക്കേജുകളും കൊവിഡ് 19 പകർച്ച താരതമ്യേന കുറഞ്ഞതും പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഒഴിവാക്കാൻ ജനം തീരുമാനിച്ചതുമെല്ലാം ഈ വിൽപ്പന വർധനയുടെ പിന്നിലെ കാരണങ്ങളായി.  

നവരാത്രി ആരംഭം മുതൽ ദീപാവലി വരെ നീളുന്നതാണ് രാജ്യത്തെ ഉൽസവ സീസൺ. വാഹന നിർമാതാക്കൾ ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന നാളുകൾ കൂടിയാണിത്. പുതിയ ലോഞ്ചുകൾ നടത്തിയും നിലവിലെ മോഡലുകളുടെ പ്രത്യേക പതിപ്പുകൾ പുറത്തിറക്കിയും ഇളവുകൾ പ്രഖ്യാപിച്ചും ആകർഷക ഫിനാൻസ് സ്കീമുകൾ അവതരിപ്പിച്ചും വിൽപ്പന വർധിപ്പിക്കുകയാണ് പതിവ്. കൊവിഡ് മഹാമാരിയുടെ കാലത്താണ് ഇത്തവണ ഉൽസവ സീസൺ കടന്നുപോയത്. ഈ നാളുകളിൽ ചില്ലറ വിൽപ്പനയിൽ വർധന പ്രകടമായി. കാർ നിർമാതാക്കൾ ഇരട്ടയക്ക വളർച്ചയാണ് കൈവരിച്ചത്.  

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ഇക്കഴിഞ്ഞ ഉൽസവ സീസണിൽ 95,000 കാറുകളാണ് ഡെലിവറി ചെയ്തത്. കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കിടയിലെ മികച്ച പ്രകടനം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ നവരാത്രിക്കാലത്ത് ടാറ്റ മോട്ടോഴ്സും ശ്രദ്ധേയ നേട്ടം കൈവരിച്ചു. പാസഞ്ചർ വാഹനങ്ങളുടെ ചില്ലറ വിൽപ്പനയിൽ 90 ശതമാനം വളർച്ചയാണ് ടാറ്റ നേടിയത്.  

എന്നിരുന്നാലും വാഹന നിർമാതാക്കളുടെ ആശങ്ക വിട്ടൊഴിയുന്നില്ല. 2020- 21 സാമ്പത്തിക വർഷം വാഹന വിൽപ്പനയിൽ 25 മുതൽ 45 ശതമാനം വരെ ഇടിവ് പ്രതീക്ഷിക്കുന്നതായി വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബെൽ മാനുഫാക്ച്ചറേഴ്സ്) പ്രസ്താവിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് ആകെ മുന്നൂറിലധികം ഡീലർഷിപ്പുകളാണ് അടച്ചുപൂട്ടിയത്.