Top Spec

The Top-Spec Automotive Web Portal in Malayalam

കൊച്ചിയില്‍ ഹോണ്ട ബിഗ്‌വിങ് ടോപ്‌ലൈന്‍ ഷോറൂം തുറന്നു

ഇവിഎം മോട്ടോഴ്സാണ് ഡീലർ 

ഹോണ്ട ടൂവീലേഴ്‌സിന്റെ ബിഗ്‌വിങ് ടോപ്‌ലൈന്‍ ഷോറൂം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേശീയപാത ബൈപാസില്‍ കുണ്ടന്നൂരിലെ പോര്‍ഷ സെന്ററിന് സമീപമാണ് ഷോറൂം തുറന്നത്. ഇവിഎം മോട്ടോഴ്‌സാണ് ഡീലര്‍. വര്‍ക്‌ഷോപ്പ് കൂടി സജ്ജീകരിച്ചു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഈയിടെ ഹൈനസ് സിബി 350 മോട്ടോര്‍സൈക്കിളുമായി ഇന്ത്യയിലെ മിഡ്‌സൈസ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ പ്രവേശിച്ചിരുന്നു. ബിഗ്‌വിങ് ടോപ്‌ലൈന്‍ ഷോറൂം ശൃംഖല വഴിയാണ് ഹോണ്ട തങ്ങളുടെ വലിയ പ്രീമിയം ബൈക്കുകള്‍ വില്‍ക്കുന്നത്.

ഹോണ്ടയുടെ പ്രീമിയം മോഡലുകളായ ഹൈനസ് സിബി 350, 2020 സിബിആര്‍1000ആര്‍ആര്‍- ആര്‍ ഫയര്‍ബ്ലേഡ്, 2020 സിബിആര്‍1000ആര്‍ആര്‍- ആര്‍ ഫയര്‍ബ്ലേഡ് എസ്പി, 2020 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് എന്നിവ ബിഗ്‌വിങ് ടോപ്‌ലൈന്‍ ഷോറൂമുകളില്‍ ഉണ്ടായിരിക്കും. ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ സാന്നിധ്യമുണ്ടാകും.

കൊച്ചിയില്‍ ബിഗ്‌വിങ് ടോപ്‌ലൈന്‍ ഷോറൂം ആരംഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് എച്ച്എംഎസ്‌ഐ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്റ്റര്‍ യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. പുതിയ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ കൊച്ചിയില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. നടപ്പു സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് അമ്പത് ബിഗ്‌വിങ് ഔട്ട്‌ലെറ്റുകള്‍ തുറക്കുകയാണ് ഹോണ്ടയുടെ പദ്ധതി. ഉദ്ഘാടനച്ചടങ്ങില്‍ ഇവിഎം ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റര്‍ സാബു ജോണി പങ്കെടുത്തു.