Top Spec

The Top-Spec Automotive Web Portal in Malayalam

ആവേശമായി ഹോണ്ട ഹോർണറ്റ് 2.0, ഡിയോ റെപ്സോൾ എഡിഷൻ

— മോട്ടോജിപിയിൽ മൽസരിക്കുന്ന ഹോണ്ട റേസിംഗ് ടീമിൻ്റെ ഹോണ്ട ആർസി 213വി മോട്ടോർസൈക്കിളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ലിവറിയാണ് രണ്ട് മോഡലുകളിലും നൽകിയത് 

ഹോണ്ട ഹോർണറ്റ് 2.0, ഹോണ്ട ഡിയോ മോഡലുകളുടെ റെപ്സോൾ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോജിപിയിൽ മൽസരിക്കുന്ന ഹോണ്ട റേസിംഗ് ടീമിൻ്റെ ഹോണ്ട ആർസി 213വി മോട്ടോർസൈക്കിളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ലിവറിയാണ് രണ്ട് മോഡലുകളിലും നൽകിയിരിക്കുന്നത്. 

ബഹുവര്‍ണ വേഷം കൂടി ലഭിച്ചതോടെ ഹോണ്ട ഹോര്‍ണറ്റ് 2.0 കൂടുതല്‍ സ്‌പോര്‍ട്ടിയായി. വെളുത്ത ബെല്ലി പാന്‍, ഓറഞ്ച് നിറത്തിലുള്ള ചക്രങ്ങള്‍, ഇന്ധന ടാങ്ക് എന്നിവ ഹോണ്ട ഹോര്‍ണറ്റ് 2.0 റെപ്‌സോള്‍ എഡിഷനില്‍ കാണാം. മുന്നില്‍ സ്വര്‍ണ നിറമുള്ള യുഎസ്ഡി (അപ്‌സൈഡ് ഡൗണ്‍) ഫോര്‍ക്കുകള്‍ നല്‍കി. സെഗ്‌മെന്റില്‍ ഇത് ആദ്യമാണ്.

മോട്ടോർസൈക്കിളിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 184 സിസി, എയർ കൂൾഡ് എൻജിനാണ് കരുത്തേകുന്നത്. 5 സ്പീഡ് ഗിയർബോക്സ് എൻജിനുമായി ഘടിപ്പിച്ചു.  

1,28,351 രൂപയാണ് ഹോണ്ട ഹോർണറ്റ് 2.0 റെപ്സോൾ എഡിഷന് വില. സ്റ്റാൻഡേഡ് മോട്ടോർസൈക്കിളിനേക്കാൾ കൃത്യം 2,000 രൂപ കൂടുതൽ.

  

വെളുപ്പ്, ഓറഞ്ച്, ചുവപ്പ്, കറുപ്പ് നിറങ്ങളിലായി ഗ്രാഫിക്സ്, ചില പാനലുകളിൽ ‘റെപ്സോൾ’ എഴുത്ത്, ചുവന്ന നിറത്തിൽ ഗ്രാബ് റെയിലുകൾ, ഓറഞ്ച് ചക്രങ്ങൾ എന്നിവയോടെയാണ് ഹോണ്ട ഡിയോ റെപ്സോൾ എഡിഷൻ വരുന്നത്.  

സ്‌കൂട്ടറില്‍ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലെ 110 സിസി എന്‍ജിനുമായി സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഘടിപ്പിച്ചു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) സുരക്ഷാ ഫീച്ചറാണ്.

ഹോണ്ട ഡിയോ റെപ്സോൾ എഡിഷന് 69,757 രൂപയാണ് വില. അതായത്, ഡീലക്സ് വേരിയൻ്റിനേക്കാൾ 2,500 രൂപ കൂടുതൽ. 

നേരത്തെ ഹോണ്ട സിബിആർ 250 മോട്ടോർസൈക്കിളിൻ്റെ റെപ്സോൾ എഡിഷൻ അവതരിപ്പിച്ചിരുന്നു. എന്നാൽ പരിമിത എണ്ണം മാത്രമാണ് നിർമിച്ചത്. ഇത്തവണ എത്ര യൂണിറ്റ് നിർമിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല.