Top Spec

The Top-Spec Automotive Web Portal in Malayalam

മുഖം മിനുക്കി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

— എക്സ് ഷോറൂം വില 16.26 ലക്ഷം മുതൽ 24.33 ലക്ഷം രൂപ വരെ

ഫേസ്‌ലിഫ്റ്റ് ചെയ്ത ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജിഎക്‌സ്, വിഎക്‌സ്, സെഡ്എക്‌സ് എന്നീ മൂന്ന് വേരിയന്റുകളിലും രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലഭിക്കും. സ്പാര്‍ക്ലിംഗ് ബ്ലാക്ക്, ക്രിസ്റ്റല്‍ ഷൈന്‍ എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടി ഇപ്പോള്‍ ലഭ്യമാണ്. 16.26 ലക്ഷം മുതല്‍ 24.33 ലക്ഷം രൂപ വരെയാണ് കേരളമൊഴികെ രാജ്യമെങ്ങും എക്‌സ് ഷോറൂം വില. വിവിധ വേരിയന്റുകള്‍ക്ക് 50,000 മുതല്‍ 70,000 രൂപ വരെ വില വര്‍ധിച്ചു. ബുക്കിംഗ് ആരംഭിച്ചതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) അറിയിച്ചു.

പരിഷ്കരിച്ച മുൻഭാഗമാണ് പുതിയ ഇന്നോവ ക്രിസ്റ്റയുടെ സവിശേഷതകളിൽ പ്രധാനം. അഞ്ച് അഴികളോടുകൂടിയ (5 സ്ലാറ്റ്) പുതിയ ഗ്രിൽ, ദീർഘമേറിയ എൽഇഡി പ്രൊജക്റ്റർ ഹെഡ്ലൈറ്റുകൾ എന്നിവ ശ്രദ്ധയിൽപ്പെടും. ഇരു വശങ്ങളിലെയും ഇൻഡിക്കേറ്റർ ലൈറ്റുകൾ ഇപ്പോൾ ത്രികോണാകൃതിയിലാണ്. ബംപർ കൂടി പരിഷ്കരിച്ചു. പാർക്കിംഗ് എളുപ്പമാക്കുന്നതിന് മുന്നിൽ ക്ലിയറൻസ് സോനാർ, അകത്ത് എംഐഡി (മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ) എന്നിവ നൽകി. ഫോഗ് ലൈറ്റുകൾ താഴെയായി മാറ്റിസ്ഥാപിച്ചു. ബോഡിയുടെ അതേ നിറത്തിലുള്ള യഥാർത്ഥമല്ലാത്ത സ്കിഡ് പ്ലേറ്റ് കാണാം. പുതിയ ഡിസൈനിലുള്ളതും ഡയമണ്ട് കട്ട് ചെയ്തതുമാണ് 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകൾ.  

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 8 ഇഞ്ച് വലുപ്പമുള്ള ‘സ്മാർട്ട് പ്ലേകാസ്റ്റ്’ ഇൻഫൊടെയ്ൻമെൻ്റ് സിസ്റ്റം അകത്തെ പുതിയ സവിശേഷതയാണ്. ടോപ് സ്പെക് വേരിയൻ്റുകളിലെ മൂന്ന് നിരകളിലെയും സീറ്റുകളിൽ ‘ക്യാമൽ ടാൻ’ നിറമുള്ള തുകൽ അപോൾസ്റ്ററി നൽകി.

  

ബിഎസ് 6 (ഭാരത് സ്‌റ്റേജ് 6) പാലിക്കുന്ന 2.4 ലിറ്റർ ഡീസൽ എൻജിൻ, 2.7 ലിറ്റർ പെട്രോൾ മോട്ടോർ എന്നിവയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടർന്നും ഉപയോഗിക്കുന്നത്. ഡീസൽ മോട്ടോർ 150 ബിഎച്ച്പി കരുത്തും 360 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ പെട്രോൾ എൻജിൻ 166 ബിഎച്ച്പി കരുത്തും 245 എൻഎം ടോർക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ രണ്ട് എൻജിനുകളുടെയും ട്രാൻസ്മിഷൻ ഓപ്ഷനുകളാണ്.  

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രീമിയം എംപിവി എന്ന നിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ സെഗ്‌മെന്റിനെ പുനര്‍നിര്‍വചിച്ച മോഡലായിരുന്നു ഇന്നോവയെന്ന് ടികെഎം സെയില്‍സ് & സര്‍വീസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി ഓര്‍മിച്ചു.