Top Spec

The Top-Spec Automotive Web Portal in Malayalam

ഫ്യൂച്ചർ പ്ലാൻ വിശദീകരിച്ച് ഹാർലി ഡേവിഡ്സൺ

—  എച്ച്ഒജി പ്രവർത്തനങ്ങൾ തുടരും 

ഇന്ത്യൻ വിപണി വിടുകയാണെന്ന് സെപ്റ്റംബറിലാണ് ഹാർലി ഡേവിഡ്സൺ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡ്. 2021 ജനുവരി മുതൽ ഇന്ത്യയിലെ സാന്നിധ്യം ഏതുവിധമായിരിക്കുമെന്ന് ഹാർലി ഡേവിഡ്സൺ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിളുകൾ വിൽക്കുന്നതിനും സർവീസ് ചെയ്യുന്നതിനും പാർട്ടുകളും ആക്സസറികളും വിൽക്കുന്നതിനും കമ്പനി ഇതിനകം ഹീറോ മോട്ടോകോർപ്പുമായി പങ്കാളിത്ത, വിതരണ കരാർ ഒപ്പുവെച്ചുകഴിഞ്ഞു. കൂടാതെ റൈഡിംഗ് ഗിയറുകളും വസ്ത്രങ്ങളും ഉൾപ്പെടെ ഹാർലി ഡേവിഡ്സൺ ഡീലർമാരും ഹീറോ ഡീലർമാരും വിൽക്കും.

ഹീറോ മോട്ടോകോർപ്പുമായി ചേർന്ന് ഇന്ത്യയിൽ തുടർന്നുപ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഹാർലി ഡേവിഡ്സൺ ഏഷ്യ എമർജിംഗ് മാർക്കറ്റ്സ് & ഇന്ത്യ വിഭാഗം മാനേജിംഗ് ഡയറക്ടർ സജീവ് രാജശേഖരൻ പറഞ്ഞു. സുഗമമായ ബിസിനസ് പരിവർത്തനത്തിന് ഇപ്പോൾ ഹീറോയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഹാർലി റൈഡർമാർക്ക് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിവരുന്നു. 2021 ജനുവരി മുതൽ ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിളുകൾ, പാർട്ടുകൾ, ആക്സസറികൾ, വിൽപ്പനാനന്തര സേവനങ്ങൾ, വാറൻ്റി, എച്ച്ഒജി (ഹാർലി ഓണേഴ്സ് ഗ്രൂപ്പ്) പ്രവർത്തനങ്ങൾ എന്നിവ തുടരുമെന്ന് റൈഡർമാർക്ക് ഉറപ്പുനൽകിയതായി സജീവ് രാജശേഖരൻ വ്യക്തമാക്കി. ഹീറോ മോട്ടോകോർപ്പുമായുള്ള കരാറിലൂടെ ഇന്ത്യയിൽ പുതിയ മോട്ടോർസൈക്കിളുകൾ തുടർന്നും പുറത്തിറക്കുമെന്നാണ് കമ്പനി പ്രസ്താവിക്കുന്നത്.  

നിലവിലെ 33 ഹാർലി ഡേവിഡ്സൺ ഡീലർഷിപ്പുകളും ഡിസംബർ 31 വരെ പ്രവർത്തനം തുടരും. പുതിയ ഡീലർഷിപ്പുകളും സർവീസ് കേന്ദ്രങ്ങളും പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയിലെ ഭാവി പദ്ധതികൾ സംബന്ധിച്ച് ഡിസംബർ അവസാനത്തോടെ ഹാർലി ഡേവിഡ്സൺ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.