Top Spec

The Top-Spec Automotive Web Portal in Malayalam

മാസ്, കിടിലൻ… ഇലക്ട്രിക് ഹമ്മർ എത്തി

പത്ത് മിനിറ്റിനുള്ളിൽ അമേരിക്കയിൽ ജിഎംസി ഹമ്മർ ഇവി ‘എഡിഷൻ 1’ വിറ്റുതീർന്നു  


ഇലക്ട്രിക് 4 വീൽ ഡ്രൈവ് സംവിധാനത്തോടെ വരുന്ന ഹമ്മർ മൂന്ന് മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. ആകെ 1,000 കുതിരശക്തി കരുത്തും 15,591 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കും!
  


ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ 550 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാം. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിമീ വേഗമാർജിക്കാൻ മൂന്ന് സെക്കൻഡിൽ താഴെ സമയം മതി!  

ജനറല്‍ മോട്ടോഴ്‌സ് കമ്പനിയുടെ ഹമ്മര്‍ ഒടുവില്‍ പുനര്‍ജനിച്ചു. ഇത്തവണ ജിഎംസി ഹമ്മര്‍ പരിസ്ഥിതി സൗഹൃദമാണ്. വൈദ്യുത വാഹനമായാണ് ഹമ്മര്‍ തിരിച്ചെത്തുന്നത്. വിപണി അവതരണം കഴിഞ്ഞ് പത്ത് മിനിറ്റിനുള്ളില്‍ അമേരിക്കയില്‍ ജിഎംസി ഹമ്മര്‍ ഇവി ‘എഡിഷന്‍ 1’ വിറ്റുതീര്‍ന്നു. 80,000 യുഎസ് ഡോളര്‍ മുതലാണ് വില. ബുക്കിംഗ് സ്വീകരിച്ചുകഴിഞ്ഞതോടെ അടുത്ത വര്‍ഷം വില്‍പ്പന ആരംഭിക്കാനാണ് അമേരിക്കന്‍ കാര്‍ നിര്‍മാതാക്കള്‍ ആലോചിക്കുന്നത്. മറ്റ് വകഭേദങ്ങള്‍ 2022- 2023 ഓടെ വിപണിയിലെത്തും. ടെസ്‌ല സൈബര്‍ട്രക്ക്, റിവിയന്‍ ആര്‍1ടി എന്നീ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ജിഎംസി ഹമ്മര്‍ ഇവി പിക്കപ്പ് ട്രക്ക് വെല്ലുവിളി ഉയര്‍ത്തും.

ഇന്ധനം കുടിച്ചുതീർക്കുന്ന ഭീമനെന്നും പരിസ്ഥിതിയുടെ അന്തകനെന്നും പരിഹാസങ്ങൾ കേട്ട ഹമ്മർ 2010 ലാണ് സലാം പറഞ്ഞ് പോയത്. ജിഎംസിയുടെ സാമ്പത്തിക പ്രതിസന്ധിയും വാഹനം വിപണി വിടുന്നതിന് കാരണമായി. 1992 ജനുവരി 22 ന് തുടങ്ങിയ പ്രയാണത്തിന് 2010 മെയ് 24 നാണ് ബ്രേക്കിട്ടത്. അന്നാണ് അവസാന ഹമ്മർ എച്ച്3 പ്രൊഡക്ഷൻ ലൈനിൽനിന്ന് പുറത്തിറങ്ങിയത്. സൈനിക വാഹനമായി ‘കരിയർ’ ആരംഭിച്ച അമേരിക്കൻ ട്രക്ക് പിന്നീട് സിവിലിയൻ വാഹനമായി പുതിയ റോൾ സ്വീകരിക്കുകയായിരുന്നു. വൈദ്യുത വാഹനങ്ങളുടെ കാലത്ത് നാടോടുമ്പോൾ നടുവേ ഓടാൻ ഇലക്ട്രിക് അവതാരമെടുത്ത് വരികയാണ് ഹമ്മർ. ഇലക്ട്രിക് ഹമ്മറിന്റെ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. കൊവിഡ് 19 മഹാമാരിയാണ് വിപണി അവതരണത്തിന് കാലതാമസം വരുത്തിയത്. 

 

മുൻഗാമിയെപ്പോലെ നിരവധി ഓഫ് റോഡിംഗ് കഴിവുകളോടെയാണ് ഇലക്ട്രിക് ഹമ്മർ വരുന്നത്. റഗഡ് സ്വഭാവം നിലനിർത്തിയതോടൊപ്പം ആധുനിക സ്പർശങ്ങൾ കൂടി ലഭിച്ചിരിക്കുന്നു. ബോക്സി കാബിനകത്ത് 13.4 ഇഞ്ച് ടച്ച്സ്ക്രീൻ, ഉയർന്നുനിൽക്കുന്ന 12.3 ഇഞ്ച് ഡിസ്പ്ലേ എന്നിവ നൽകി. മുന്നിലെ 7 സ്ലാറ്റ് ഗ്രില്ലിന് ക്രോം ഫിനിഷ് ലഭിച്ചു. കാലം മാറിയതോടെ എൽഇഡി ലൈറ്റിംഗ് നൽകാനാണ് ജിഎംസി തീരുമാനിച്ചത്. ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഹമ്മർ എന്ന എഴുത്ത് കാണാം.  

24 മൊഡ്യൂൾ അൾട്ടിയം ബാറ്ററി പാക്കാണ് ഇലക്ട്രിക് ഹമ്മറിന് കരുത്തേകുന്നത്. ബാറ്ററി പാക്കിന്റെ ശേഷി വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് 4 വീൽ ഡ്രൈവ് സംവിധാനത്തോടെ വരുന്ന ഹമ്മർ മൂന്ന് മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. ആകെ 1,000 കുതിരശക്തി കരുത്തും 15,591 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കും! ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ 550 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാം. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിമീ വേഗമാർജിക്കാൻ മൂന്ന് സെക്കൻഡിൽ താഴെ സമയം മതി! ചില ഇലക്ട്രിക് സൂപ്പർകാറുകളേക്കാൾ വേഗം.  

കുറഞ്ഞ വേഗങ്ങളിൽ 4 വീൽ സ്റ്റിയറിംഗ് ഉപയോഗിച്ചുള്ള ‘ക്രാബ് വോക്’ ഇലക്ട്രിക് ഹമ്മറിന്റെ സവിശേഷതയായിരിക്കും. ഓഫ് റോഡിംഗ് സാഹസങ്ങളിൽ സഹായിക്കുന്നതിന് ബോഡിയുടെ അടിയിൽ ‘അൾട്രാവിഷൻ’ കാമറ ഉണ്ടായിരിക്കും. അൾട്രാവിഷൻ നൽകുന്നതിന് പതിനെട്ട് കാമറകളാണ് സജ്ജീകരിച്ചത്. ഓപ്പൺ ടോപ്പ് യാത്രകൾക്ക് ഉപകരിക്കുന്ന ‘ഇൻഫിനിറ്റി റൂഫ്’ നൽകി. അഡാപ്റ്റീവ് സസ്പെൻഷൻ, ഓഫ് റോഡ് ഡ്രൈവ് മോഡുകൾ എന്നിവ മറ്റ് സവിശേഷതകളാണ്. 37 ഇഞ്ച് ഗുഡ്ഇയർ ടയറുകൾ ഉപയോഗിക്കാൻ കഴിയും. രണ്ട് അടി വരെ ആഴമുള്ള വെള്ളത്തിലൂടെ ഇലക്ട്രിക് ഹമ്മർ കടന്നുപോകും.