Top Spec

The Top-Spec Automotive Web Portal in Malayalam

രണ്ട് ലക്ഷം ക്രെറ്റ കയറ്റുമതി ചെയ്ത് ഹ്യുണ്ടായ്

— ഒന്നും രണ്ടും തലമുറ ക്രെറ്റകളുടെ എണ്ണമെടുത്താണ് ഈ നാഴികക്കല്ല് താണ്ടിയത്  
— കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഹ്യുണ്ടായ് വലിയ പിന്തുണയാണ് നൽകുന്നത്  

ഇന്ത്യയില്‍നിന്ന് വിദേശ വിപണികളിലേക്ക് ഇതുവരെ കയറ്റുമതി ചെയ്തത് രണ്ട് ലക്ഷം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ. ഒന്നും രണ്ടും തലമുറ ക്രെറ്റകളുടെ എണ്ണമെടുത്താണ് ഈ നാഴികക്കല്ല് താണ്ടിയത്. 2015 ലാണ് ഹ്യുണ്ടായ് ക്രെറ്റ ആദ്യമായി അവതരിപ്പിച്ചത്. ഇത്രയും യൂണിറ്റ് ക്രെറ്റ നിര്‍മിച്ചത് ഹ്യുണ്ടായുടെ ചെന്നൈ പ്ലാന്റിലാണ്. ഇതുവഴി കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് ഹ്യുണ്ടായ് വലിയ പിന്തുണയാണ് നല്‍കിയത്. ഹ്യുണ്ടായ് ഇന്ത്യയുടെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയാണ് ക്രെറ്റ.

2019 കലണ്ടർ വർഷത്തിൽ 1,81,200 യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റയാണ് കയറ്റുമതി ചെയ്തത്. വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ അഭിരുചികളും ആവശ്യകതകളും കണക്കിലെടുത്ത് കയറ്റുമതി ചെയ്തവയിൽ ഹ്യുണ്ടായ് ക്രെറ്റയുടെ 792 വേരിയന്റുകൾ ഉൾപ്പെടുന്നു. 2019 ൽ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്ത ആകെ പാസഞ്ചർ കാറുകളുടെ 26 ശതമാനം ദക്ഷിണ കൊറിയൻ കാർ നിർമാതാക്കൾ സ്വന്തമാക്കി. തിളക്കമാർന്ന നേട്ടം.

ഇന്ത്യയിൽനിന്ന് ആകെ 30 ലക്ഷം യൂണിറ്റ് വാഹന കയറ്റുമതി എന്ന നാഴികക്കല്ല് ഈ വർഷമാദ്യം ഹ്യുണ്ടായ് താണ്ടിയിരുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലെ 88 രാജ്യങ്ങളിലേക്ക് സാൻട്രോ, ഗ്രാൻഡ് ഐ10, എക്സെന്റ്, ഗ്രാൻഡ് ഐ10 നിയോസ്, ഓറ, എലൈറ്റ് ഐ20, ഐ20 ആക്റ്റീവ്, വെർണ, വെന്യു, പുതു തലമുറ ക്രെറ്റ എന്നീ മോഡലുകളാണ് ചെന്നൈ പ്ലാന്റിൽനിന്ന് കയറ്റുമതി ചെയ്യുന്നത്.